
ദോഹ: ഒ.ഐ.സി.സി ഗ്ലോബല്‍ പ്രസിഡന്റും ഇന്‍കാസ് ഖത്തര്‍ മുഖ്യ രക്ഷാധികാരിയുമായിരുന്ന പത്മശ്രീ സി.കെ മേനോന്റെ ഓര്‍മദിനമായ നാളെ ഇന്‍കാസ് ഖത്തര്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു. സൂം മീറ്റിങ് മുഖേന നാളെ വൈകുന്നേരം ആറരക്കാണ് ചടങ്ങ്. സി.കെ മേനോന്റെ സ്മരണാര്‍ത്ഥം മികച്ച സാമൂഹ്യ പ്രവര്‍ത്തകന് ഏര്‍പ്പെടുത്തുന്ന പുരസ്‌കാര പ്രഖ്യാപനം ചടങ്ങില്‍ നടക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസ്സന്‍, മുസ്‌ലീംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍മന്ത്രിയും സിപിഐ ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ കെ.ഇ.ഇസ്മാഈല്‍ ഉള്‍പ്പടെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റിപ്രസിഡന്റ് സമീര്‍ ഏറാമല അറിയിച്ചു. ഖത്തര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ വ്യവസായ ശൃംഖലയുള്ള ബെഹ്‌സാദ് ഗ്രൂപ്പ് മേധാവി ആയിരുന്ന സി.കെ മേനോന്‍ ജീവകാരുണ്യ രംഗത്ത് പകരം വെക്കാന്‍ കഴിയാത്ത വ്യക്തിത്വമായിരുന്നു. പ്രവാസി സമ്മാന്‍ പുരസ്‌കാരവും പത്മശ്രീ പുരസ്‌കാരവും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഭവന്‍സ് സ്‌കൂള്‍ തുടങ്ങി വിവിധ സംരംഭങ്ങള്‍ക്കും നിരവധി സാംസ്‌കാരിക ജീവകാരുണ്യ സംഘടനകള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.