ഇന്ത്യക്കാര്‍ക്കിടയിലെ ആദ്യ ഓണ്‍ലൈന്‍ തെരെഞ്ഞെുപ്പ്

ദോഹ: വീറും വാശിയും കലര്‍ന്ന തെരെഞ്ഞെടുപ്പ് കാമ്പയിനിന് ഒടുവില്‍ ഇന്ന് ഉച്ചക്ക് 2 മുതല്‍ ഇന്ത്യന്‍ എംബസിക്ക് കീഴിലെ സാമൂഹിക സംഘടനകളുടെ തെരെഞ്ഞെടുപ്പ് നടക്കും. രാത്രി 9 വരെ നീളും. ഫലവും ഇന്ന് രാത്രി തന്നെ പ്രഖ്യാപിക്കും. സാമൂഹിക മാധ്യമങ്ങളെ പ്രധാനമായും പ്രചാരണത്തിനുപയോഗിച്ച തെരെഞ്ഞെടുപ്പ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴിയാണ് നടക്കുകയെന്ന പ്രത്യേകത കൂടിയുണ്ട്.
മലയാളി സാന്നിധ്യം സജീവം
വിവിധ കൂട്ടായ്മകളില്‍ മത്സരിക്കുന്നവരില്‍ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) അധ്യക്ഷ സ്ഥാനത്തേക്ക് ഖത്തറിലെ പ്രമുഖ യുവ സാമൂഹിക പ്രവര്‍ത്തകനും നിലവില്‍ ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റിയംഗവുമായ അല്‍മുഫ്ത റെന്റ് എ കാര്‍ ജനറല്‍മാനേജര്‍ സിയാദ് ഉസ്മാന്, സാമൂഹിക പ്രവര്‍ത്തകനായ സന്തോഷ് കുമാര്‍ പിള്ള എന്നിവരാണ് മത്സര രംഗത്തുള്ളവര്‍. ഖത്തറിലെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയരായ ജാഫര്‍ തയ്യില്‍, എബ്രഹാം കണ്ടത്തില്‍ ജോസഫ്, അബ്ദുര്റഈഫ് പള്ളിപ്പറമ്പില്‍, സാബിത് സഹീര്‍, വിനോദ് വി നായര്‍ എന്നിവര്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) അധ്യക്ഷ സ്ഥാനത്തേക്ക് പ്രമുഖരായ രണ്ടു പേര് മത്സര രംഗത്തുണ്ട്. വിവിധ രംഗങ്ങളില്‍ ശ്രദ്ധേയരും ഐ സി ബി എഫില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവരുമായ ജൂട്ടാസ് പോള്‍, പി എന്‍ ബാബുരാജ് എന്നിവരാണ് കടുത്ത പോരാട്ടവുമായി രംഗം കൊഴുപ്പിക്കുന്നത്. കലയിലും സംഘാടനത്തിലും മികവു തെളിയിച്ച ആഷിഖ് അഹ്മദ് മാനേജിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നവരില്‍ പ്രധാനിയാണ്. കേശവദാസ്, അഫ്സല് അബ്ദുല്‍മജീദ്, അനീഷ് ജോര്‍ജ്ജ് മാത്യു, പള്ളിക്കണ്ടി മീത്തല്‍ സഫര്‍ അഹ്്മദ് തുടങ്ങിയവരെല്ലാം സമിതിയിലേക്ക് മത്സരിക്കുന്നവരാണ്. പരിചയ സമ്പന്നനായ സംഘാടകനും സന്നദ്ധ സാമൂഹിക പ്രവര്‍ത്തകനും മുന്‍ ഐസിബിഎഫ് പ്രസിഡന്റുമായ ഡോ.മോഹന്‍ തോമസ്, സാമൂഹിക പ്രവര്‍ത്തകനായ സംഘാടകനും ബിസിനസ്സ് വ്യക്തിത്വവുമായ ഷറഫ് പി ഹമീദ് എന്നിവരാണ് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനിറങ്ങുന്നത്. മാനേജിംഗ് കമ്മിറ്റിയിലേക്ക് സാമൂഹിക കായിക രംഗത്ത് ശ്രദ്ധേയരായ ഇ പി അബ്്ദുര്‍റഹിമാന്‍, അഡ്വ. ജാഫര്‍ഖാന്‍, വര്‍ക്കി ബോബന് കെ, ഷെജി വലിയകത്ത് തുടങ്ങിയവരും ഗോദയിലുണ്ട്. വിവിധ സംഘടനകളിലേക്ക് കഴിവു തെളിയിച്ച വനിതകളും മത്സര രംഗത്ത് സജീവമാണ്.
മത്സരം നടക്കുന്ന മൂന്ന് സംഘടനകളിലും 11 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളാണുണ്ടാവുക. ഇതില്‍ 5 പേര്‍ക്ക് വേണ്ടിയാണ് തെരെഞ്ഞെടുപ്പ് നടക്കുക. 3 പേരെ അഫിലിയേറ്റ് സംഘടനകളില്‍ നിന്നും 3 പേരെ ഇന്ത്യന്‍ അംബാസിഡര്‍ നേരിട്ടും തെരെഞ്ഞെടുക്കും. ഇന്ത്യന്‍ ബിസിനസ്സ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സിലിലേക്കുള്ള തെരെഞ്ഞെടുപ്പ് പിന്നീടായിരിക്കുമെന്ന് ഇന്ത്യന്‍ എംബസി നേരത്തെ വ്യക്തമാക്കുകയുണ്ടായി.
ഇന്ത്യക്കാര്‍ക്കിടയിലെ ആദ്യ ഓണ്‍ലൈന്‍ തെരെഞ്ഞെടുപ്പ് ഡിജിപോള്‍ വഴി
ഖത്തറിലെ പ്രവാസികളായ ഇന്ത്യക്കാര്‍ക്കിടയിലെ ആദ്യ ഓണ്‍ലൈന്‍ തെരെഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുടെ വോട്ടെടുപ്പിനുണ്ട്. ആപ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന ഡിജിപോള്‍ എന്ന ആപ് വഴിയാണ് അംഗങ്ങള്‍ വോട്ട് ചെയ്യേണ്ടത്. എട്ട് സ്റ്റെപ്പുകള്‍ പിന്തുടര്ന്നാല് വോട്ടെടുപ്പ് പൂര്‍ത്തിയാവും.
വൈറലായി ശശി തരൂരിന്റെ വീഡിയോ/
ഡോ മോഹന്‍ തോമസിന്റെ ഖത്തര്‍ ടി വി അഭിമുഖം
പല രൂപകല്‍പ്പനയിലുള്ള പോസ്റ്ററുകളും വീഡിയോയും പ്രസന്റേഷനുമുള്പ്പെടെ പല തരത്തിലുള്ള സോഷ്യല്‍മീഡിയാ കാമ്പയിനു പുറമെ ആളുകളെ നേരില്‍ വിളിച്ചും സ്ഥാനാര്‍ത്ഥികള്‍ വോട്ടുറപ്പിക്കാന്‍ ശ്രമം നടത്തി. മുന്‍കേന്ദ്ര മന്ത്രിയും എം പിയുമായ ശശി തരൂരിന്റെ വീഡിയോയും പ്രചാരണ രംഗത്ത് വൈറലായവയില്‍ പ്രധാനമാണ്. ഐ സി സിയിലേക്ക് മത്സരിക്കുന്ന ജൂട്ടാസ് പോള്‍, ആഷിഖ് അഹ്മദ്, കേശവദാസ് എന്നിവര്‍ക്ക് വേണ്ടിയായിരുന്നു ശശി തരൂരിന്റെ വീഡിയോ. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ര് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ.മോഹന്‍ തോമസിന്റെ വിവിധ അഭിമുഖങ്ങള്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഖത്തര്‍ ടെലിവിഷനില്‍ ഈയ്യിടെ വന്ന അഭിമുഖം തെരെഞ്ഞെടുപ്പ് കാലത്ത് വീണ്ടും സജീവമായി.