
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) രോഗബാധയില്‍ നിന്നും പ്രായമേറിയവരെ സംരക്ഷിക്കാന്‍ ഖത്തര്‍ സാധ്യമായതെല്ലാം ചെയ്യുന്നതായി ഖത്തര്‍ റിഹാബിലിറ്റേഷന്‍ സെന്ററിന്റെയും റുമൈല ആസ്പത്രിയുടെയും മെഡിക്കല്‍ ഡയറക്ടറും ഖത്തര്‍ ഹെല്‍ത്തി ഏജിങ് ദേശീയ മേധാവിയുമായ ഡോ.ഹനാദി അല്‍ഹമദ് പറഞ്ഞു. ലോകമെമ്പാടുമുള്ള തെളിവുകള്‍ കാണിക്കുന്നത് വൈറസ എല്ലാ പ്രായത്തിലുമുള്ളവരുടെയും ആരോഗ്യനിലയെ ബാധിക്കുമെന്നാണ്. പ്രായമായവര്‍ക്ക് കടുത്ത ലക്ഷണങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്.
കോവിഡ് മഹാമാരിക്കിടയില്‍ പ്രായമായവരുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കാന്‍ ഖത്തറിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. ഈ പ്രയാസകരമായ കാലഘട്ടം പ്രായമായവര്‍ക്ക് ഇരട്ടി വെല്ലുവിളിയാണ്. പ്രായവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്കു പുറമെ കോവിഡില്‍നിന്നുള്ള സങ്കീര്‍ണതകളും ഏറെയാവാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരുമായി അവരുടെ സമ്പര്‍ക്കം കുറക്കുന്നതിനും വൈറസ് ബാധിക്കാനുള്ള സാധ്യത കുറക്കുന്നതിനുമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡോ. ഹനാദി അല്‍ഹമദ് പറഞ്ഞു. ഏറ്റവും അടിയന്തര സന്ദര്‍ഭങ്ങളില്‍ മാത്രമെ പ്രായമേറിയവര്‍ പുറത്തുപോകാവൂ. പ്രായമേറിയവര്‍ക്കായി ലക്ഷ്യമിട്ടിട്ടുള്ള വിവിധ ആരോഗ്യസേവനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ഡോക്ടര്‍മാര്‍ ഇപ്പോള്‍ വീഡിയോ, ടെലിഫോണ്‍ സംവിധാനങ്ങള്‍ മുഖേന പ്രായമേറിയ രോഗികള്‍ക്ക് അവരുടെ സ്വന്തം വീടുകളുടെ സുഖത്തിലും സുരക്ഷയിലും ഇരുന്നുകൊണ്ട് ഡോക്ടറുമായി സംസാരിക്കാന്‍ സൗകര്യമൊരുക്കുന്നു. നിരവധി ആഴ്ചകളായി ജെരിയാട്രിക്, ലോങ് ടേം കെയര്‍ വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ 60 വയസിനു മുകളിലുള്ളവര്‍ക്ക് ഈ കാലയളവില്‍ എങ്ങനെ സുരക്ഷിതമായി തുടരാമെന്നതിനെക്കുറിച്ച് ഉപദേശവും പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
60 വയസിനു മുകളിലുള്ളവര്‍ക്കും അവരുടെ പരിപാലകര്‍ക്കും പതിവായി സുരക്ഷാ സന്ദേശങ്ങളോടെ എസ്്എംഎസ് അയക്കുന്നുണ്ട്. റുമൈല ആസ്പത്രിയില്‍ മുതിര്‍ന്നവര്‍ക്കായി ഡേ കെയര്‍ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഖത്തറില്‍ വൈറസ് വ്യാപനമുണ്ടായശേഷം വൃദ്ധരടക്കം വിദേശത്തുനിന്നും മടങ്ങിയെത്തുന്നവരെ സ്വീകരിക്കാന്‍ മന്ത്രാലയം മുന്‍കൂട്ടി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നുണ്ട്. പ്രായമായ രോഗികളെ സ്വീകരിക്കുന്നതിനും ആരോഗ്യസ്ഥിതികള്‍ക്കനുസൃതമായി അവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനും ഖത്തറില്‍ മെഡിക്കല്‍ സംഘം സജ്ജമാണ്. നഴ്‌സിംഗ് ടീമിന് പുറമേ സ്‌പെഷ്യലൈസ്ഡ് ഫിസിഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ്, തെറാപ്പി സ്‌പെഷ്യലിസ്റ്റ്, പോഷകാഹാര വിദഗ്ധന്‍, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് എന്നിവരും ടീമില്‍ ഉള്‍പ്പെടുന്നു. ഡയാലിസിസ് സേവനങ്ങള്‍ ആവശ്യമുള്ള രോഗികള്‍ക്ക് ആ സേവനങ്ങളും ലഭ്യമാക്കി. രോഗികളുടെ കുടുംബങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുകയും രോഗികളുടെയും കുടുംബാംഗങ്ങളുടെയും മാനസികനിലയിലും ശ്രദ്ധ ചെലുത്തി. കോവിഡ് സ്ഥിരീകരിക്കുന്ന രോഗികള്‍ക്ക് എച്ച്എംസിയുടെ ആസ്പത്രികളില്‍ ആവശ്യമായ ആരോഗ്യപരിരക്ഷ നല്‍കുന്നുണ്ട്.
പ്രായമായവരെ വളരെയധികം ശ്രദ്ധിക്കുകയും അവരെ സംരക്ഷിക്കാന്‍ നിരവധി മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. 85 വയസ് പ്രായമുള്ള ഖത്തരി വനിത അടുത്തിടെ രോഗത്തില്‍ നിന്ന് മുക്തി നേടിയ കാര്യം അവര്‍ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി ഉള്‍പ്പടെ പകര്‍ച്ചവ്യാധികളില്‍ നിന്ന് പ്രായമേറിയവരെ സംരക്ഷിക്കാന്‍ ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ രാജ്യം തുടര്‍ന്നും നല്‍കുമെന്നും അവര്‍ പറഞ്ഞു.