in

വിസക്കും റസിഡന്‍സ് പെര്‍മിറ്റിനും ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധം; കരട് നിയമത്തിന് ശൂറായുടെ അംഗീകാരം

ദോഹ: രാജ്യത്ത് പുതിയ തൊഴില്‍, സന്ദര്‍ശന വിസകള്‍, റസിഡന്‍സ് പെര്‍മിറ്റ്(ആര്‍പി) എന്നിവ അനുവദിക്കുന്നതിനും ആര്‍പി പുതുക്കുന്നതിനും ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കുന്ന കരട് നിയമത്തിന് ശൂറാ കൗണ്‍സിലിന്റെ അംഗികാരം. ഖത്തറിലെ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അടിസ്ഥാന ആരോഗ്യസേവനങ്ങള്‍ നേടുന്നതിന് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കുന്ന കരട് നിയമത്തിന് മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കുകയും ശൂറാ കൗണ്‍സിലിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു.
ഇന്നലെ ചേര്‍ന്ന ശൂറായുടെ പ്രതിവാര യോഗം കരട് നിയമം ചര്‍ച്ച ചെയ്തു. സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ആറു അധ്യായങ്ങളിലായി 47 വകുപ്പുകളാണ് കരട് നിയമത്തിലുള്ളത്. ശൂറായുടെ പബ്ലിക് സര്‍വീസസ് ആന്റ് യൂട്ടിലിറ്റി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കൗണ്‍സില്‍ യോഗം പരിഗണിച്ചു. റിപ്പോര്‍ട്ടിന്റെ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ബില്ലിന് അംഗീകാരം നല്‍കാനും ഇക്കാര്യത്തില്‍ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. കരട് നിയമപ്രകാരം എല്ലാ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഖത്തറിലെ അടിസ്ഥാന ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ലഭിക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.
സര്‍ക്കാര്‍ ആരോഗ്യസൗകര്യങ്ങളില്‍ പൗരന്‍മാര്‍ക്ക് ചികിത്സാ, പരിചരണ സേവനങ്ങള്‍ സൗജന്യമായിരിക്കും. സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സൗകര്യങ്ങളില്‍ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയും മേല്‍നോട്ടവും മന്ത്രാലയത്തിന്റെ ചുമതലയായിരിക്കും.
തൊഴില്‍, സന്ദര്‍ശന വിസകള്‍ അനുവദിക്കുന്നതിനും ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കും. തൊഴില്‍, സന്ദര്‍ശന വിസകള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാതെ നല്‍കില്ല. ആര്‍പി അനുവദിക്കുന്നതിനും പുതുക്കുന്നതിനും ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമായിരിക്കും. ഖത്തറിലെ താമസകാലയളവില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷ്വറന്‍സ് എടുത്തിട്ടുണ്ടെന്നതിന്റെ തെളിവു സമര്‍പ്പിച്ചാല്‍ മാത്രമെ പ്രവാസികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുമതിയുള്ളു. തെളിവ് സമര്‍പ്പിക്കാതെ പ്രവാസികള്‍ക്ക് തൊഴിലെടുക്കാനാകില്ലെന്നും കരട് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
അടിയന്തിര സാഹചര്യങ്ങളില്‍ ഗുണഭോക്താക്കള്‍ക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിനും വ്യവസ്ഥയുണ്ട്. അപകടത്തില്‍നിന്നും സുഖംപ്രാപിക്കുന്നതുവരെ ചികിത്സക്കായി തുക നല്‍കേണ്ടതില്ല.
പക്ഷെ ഇവര്‍ സുഖംപ്രാപിച്ചാല്‍ ചികിത്സയുടെ തുക പിന്നീട് കമ്പനികളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഈടാക്കാന്‍ സേവനദാതാക്കള്‍ക്ക് ശ്രമിക്കാവുന്നതാണ്.
സമഗ്രവും ഉയര്‍ന്ന നിലവാരമുള്ളതും കാര്യക്ഷമവും സുസ്ഥിരവുമായ ആരോഗ്യ സംവിധാനം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കരട് നിയമം തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സൗകര്യങ്ങളില്‍ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ നയങ്ങള്‍, പദ്ധതികള്‍, നടപടിക്രമങ്ങള്‍, സംവിധാനങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവ സ്ഥാപിക്കുക, ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ലഭിക്കുമ്പോള്‍ കണക്കിലെടുക്കേണ്ട രോഗികളുടെ അവകാശങ്ങളും കടമകളും നിര്‍ണ്ണയിക്കുക തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് കരട് നിയമം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മാസപ്പിറവി കണ്ടു; ഖത്തറില്‍ ഇന്ന് റമദാന്‍ ഒന്ന്

പള്ളികളില്‍ പാലിക്കേണ്ട
മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി