in

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍; ഡിസ്‌കവര്‍ ഖത്തര്‍ ബുക്കിങ് തുടങ്ങി, 45ലധികം പാക്കേജുകള്‍

-3500 മുതല്‍ 8500 റിയാല്‍വരെയാണ് ഹോട്ടല്‍ ക്വാറന്റൈന്‍ നിരക്ക്
29നുശേഷമുള്ള യാത്രകളുടെ മുന്‍കൂര്‍ ബുക്കിങ് റദ്ദാക്കി

-ബുക്കിങിനും കൂടുതല്‍ വിശദാംശങ്ങള്‍ക്കും സന്ദര്‍ശിക്കുക: https://www.qatarairwaysholidays.com/qa-en/welcome-home-high-risk-arrivals

ദോഹ: കോവിഡ് വാക്സിനെടുത്തവര്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഖത്തറില്‍ പത്തുദിവസം നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ 29ന് അര്‍ധരാത്രി പന്ത്രണ്ടു മുതല്‍ പ്രാബല്യത്തിലാകുന്നതോടെ നിലവില്‍ ഏഴു ദിവസത്തേക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്തവര്‍ വീണ്ടും പത്തുദിവസത്തേക്ക് പുതിയതായി ബുക്കിങ് ചെയ്യണം. ഹോട്ടല്‍ ബുക്കിങില്‍ ഭേദഗതികള്‍ വരുത്തി പുതിയ നിര്‍ദേശം ഡിസ്‌കവര്‍ ഖത്തര്‍ പുറത്തിറക്കി. ഇന്ത്യ ഉള്‍പ്പടെ ആറു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കായി ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിങും ആരംഭിച്ചിട്ടുണ്ട്. ഇതിനായി നിശ്ചിത എണ്ണം ഹോട്ടലുകളാണ് നീക്കിവെച്ചിരിക്കുന്നത്.

ഏപ്രില്‍ 29 മുതലുള്ള യാത്രകള്‍ക്കായി ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലായി 45ലധികം പാക്കേജുകളാണുള്ളത്. 3500 മുതല്‍ 8500 വരെയാണ് പാക്കേജ് നിരക്ക്. യാത്രാതീയതിയും തെരഞ്ഞെടുക്കുന്ന ഹോട്ടല്‍ സൗകര്യവും അനുസരിച്ച് ബുക്കിങ് നിരക്കില്‍ വ്യത്യാസമുണ്ടായിരിക്കും. ഇന്ത്യക്കു പുറമെ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍, ഫിലിപ്പൈന്‍സ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് ഈ ഹോട്ടലുകളില്‍ ക്വാറന്റൈനിന് ബുക്ക് ചെയ്യാന്‍ അനുമതിയുള്ളത്. മറ്റു രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്കെത്തുന്നവര്‍ ഈ ഹോട്ടലുകളില്‍ ക്വാറന്റൈനിനായി ഒരുകാരണവശാലും ബുക്ക് ചെയ്യരുത്.

ആരെങ്കിലും അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാന്‍ അനുമതിയുണ്ടായിരിക്കില്ല. കൂടാതെ റീഫണ്ടിനും അര്‍ഹതയുണ്ടായിരിക്കില്ല. നിശ്ചിത ഹോട്ടലുകളില്‍ ബുക്ക് ചെയ്ത വൗച്ചര്‍ ഉണ്ടെങ്കിലേ വിമാനത്തില്‍ കയറാന്‍ അനുവദിക്കൂ. ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിങിനും കൂടുതല്‍ വിശദാംശങ്ങള്‍ക്കും സന്ദര്‍ശിക്കുക- https://www.qatarairwaysholidays.com/qa-en/welcome-home-high-risk-arrivals

ഏപ്രില്‍ 29നു ശേഷമുള്ള യാത്രക്കായി മൂന്‍കൂറായി നടത്തിയ എല്ലാ ഹോട്ടല്‍ക്വാറന്റൈന്‍ ബുക്കിങും അസാധുവായതായി ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. ഇതിന്റെ തുക യാത്രക്കാര്‍ക്ക് മടക്കി ലഭിക്കും. ബുക്കിങ് റദ്ദാക്കിയതായുള്ള ഇ-മെയില്‍ സന്ദേശം യാത്ര പുറപ്പെടുന്നതിനു മുന്‍പുതന്നെ യാത്രക്കാര്‍ക്ക് ലഭിക്കും. ഇ-മെയിലില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പത്തുദിവസത്തേക്ക് വീണ്ടും ഹോട്ടല്‍ ബുക്ക് ചെയ്യേണ്ടിവരും.

പുതിയ ബുക്കിങിനായി പണം പൂര്‍ണമായി നല്‍കണം. റദ്ദാക്കപ്പെട്ട ബുക്കിങിന്റെ തുക പതിനഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് തിരികെ ലഭ്യമാകുമെന്നും ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. ഹോട്ടല്‍ ബുക്ക് ചെയ്ത് ഏപ്രില്‍ 28നു മുന്‍പ് ദോഹയിലെത്തിയവരുടെ കാര്യത്തില്‍ ബുക്കിങ് ഹോട്ടലുകളില്‍ മാറ്റമെന്തെങ്കിലും സംഭവിച്ചാല്‍ പുതിയ ഹോട്ടലിലെ ക്വാറന്റൈന്‍ നിരക്കിനേക്കാള്‍ യഥാര്‍ഥ ബുക്കിങിലെ തുക കൂടുതലാണെങ്കില്‍ അധികതുക മടക്കിലഭിക്കുന്നതിനായി ക്ലെയിം ചെയ്യാന്‍ യാത്രക്കാരന് അര്‍ഹതയുണ്ട്.

ഇന്ത്യ ഉള്‍പ്പടെ ആറു രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തുന്നവര്‍ പത്തു ദിവസം നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന് വിധേയമാകണമെന്ന് കഴിഞ്ഞദിവസമാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. പുറപ്പെടുന്നതിന് 48 മണിക്കൂറിനകമുള്ള നെഗറ്റീവ് ആര്‍ടി പിസിആര്‍ പരിശോധനാഫലവും നിര്‍ബന്ധമാണ്. ആറു നിന്നുള്ളവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത്. ഖത്തറില്‍നിന്നും ഫൈസര്‍, മൊഡേണ വാക്‌സിനെടുത്തവര്‍ക്കും ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന്‍ രണ്ടു ഡോസെടുത്തവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ക്രമാതീതമായി കേവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇളവ് പിന്‍വലിച്ച് ഖത്തര്‍ അധികൃതര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്.

ഏപ്രില്‍ 29 വ്യാഴാഴ്ച അര്‍ധരാത്രി 12 മുതല്‍ തീരുമാനം പ്രാബല്യത്തിലായി. നേരിട്ടുള്ള വിമാനങ്ങളിലെത്തുന്നവര്‍ക്കും മറ്റു രാജ്യങ്ങള്‍ മുഖേന ട്രാന്‍സിറ്റ് വിമാനങ്ങളിലെത്തുന്നവര്‍ക്കും ഈ തീരുമാനങ്ങള്‍ ബാധകമായിരിക്കും. നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാഫലമില്ലാതെ ആരെയും വിമാനത്തില്‍ പ്രവേശിപ്പിക്കില്ല. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവരും എത്തിച്ചേര്‍ന്ന ദിവസത്തിനകം ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ആവര്‍ത്തിച്ചുള്ള കോവിഡ് പിസിആര്‍ പരിശോധനക്ക് വിധേയരാകണം. ക്വാറന്റൈന്‍ കാലയളവിലും ക്വാറന്റൈന്‍ അവസാനിക്കുന്നതിനു മുന്‍പും പിസിആര്‍ പരിശോധന ആവര്‍ത്തിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഫിഫ പാന്‍ അറബ് കപ്പ് 2021: യോഗ്യതാ മത്സരക്രമം നിശ്ചയിച്ചു

ഖത്തറിലെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആശ്വാസമായി മലയാളി വളണ്ടിയര്‍മാര്‍