in

കമ്പ്യൂട്ടര്‍ കാര്‍ഡ് സേവനങ്ങളും ഇലക്ട്രോണിക് മുഖേനയാക്കുന്നു

ദോഹ: കമ്പ്യൂട്ടര്‍ കാര്‍ഡ്(എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ്) ഉള്‍പ്പടെ അവശേഷിക്കുന്ന പേപ്പര്‍ സേവനങ്ങളും ഇലക്ട്രോണിക് മുഖേനയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തയാറായിട്ടുണ്ട്. ഈ സേവനങ്ങള്‍ ഉടന്‍ ഓണ്‍ലൈനിലും മെട്രാഷ്-2 ആപ്പിലും ലഭ്യമാകും.

സേവനം ഓണ്‍ലൈന്‍ മുഖേനയാക്കുന്നതോടെ ബന്ധപ്പെട്ടവര്‍ക്ക് കമ്പ്യൂട്ടര്‍ കാര്‍ഡ് അനായാസമായും സുഗമമായും പുതുക്കാനാകുമെന്ന് പാസ്‌പോര്‍ട്ട്‌സ് ജനറല്‍ ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് കേണല്‍ താരിഖ് ഇസ്സ അല്‍അഖിദി പറഞ്ഞു. ഖത്തര്‍ റേഡിയോയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സേവനം വാണിജ്യ വ്യവസായ മന്ത്രാലയം അടക്കമുള്ള മറ്റു പല സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.

മറ്റു ചില സേവനങ്ങള്‍ ഇപ്പോഴും ഇലക്ട്രോണിക്കായി ലഭ്യമാക്കിയിട്ടില്ല. പക്ഷെ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി അവ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായി എല്ലാ സ്ഥാപനങ്ങളുടെയും എസ്റ്റാബ്ലിഷ്മെന്റ് കാര്‍ഡ് (കമ്പ്യൂട്ടര്‍ കാര്‍ഡ്) ഡയറക്ടറേറ്റിനെ സമീപിക്കേണ്ട ആവശ്യമില്ലാതെ തന്നെ ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന് മന്ത്രാലയം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം മെട്രാഷ് 2 ആപ്പ് മുഖേന എഴുപത് ലക്ഷത്തിലധികം ഇടപാടുകളാണ് പൂര്‍ത്തിയാക്കിയത്. മെട്രാഷ് 2 ഉപയോക്താക്കളുടെ എണ്ണം 20ലക്ഷത്തിലെക്കെത്തിയിട്ടുണ്ട്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഉറുദു, സ്പാനിഷ് എന്നീ ആറു ഭാഷകളിലായി 220 ലധികം സജീവ സേവനങ്ങള്‍ മെട്രാഷ് 2 വാഗ്ദാനം ചെയ്യുന്നു.
പാസ്‌പോര്‍ട്ട് വകുപ്പിനായി പുതിയ കെട്ടിടം വരുംമാസങ്ങളില്‍ തുറക്കുമെന്നും ലെഫ്റ്റനന്റ് കേണല്‍ അല്‍അഖിദി പറഞ്ഞു. പുതിയ കെട്ടിടം തയാറായിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍, ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ മാത്രമാണ് അവശേഷിക്കുന്നത്.

വരുംമാസങ്ങളില്‍ തന്നെ കെട്ടിടം തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാമാരിയുടെ സാഹചര്യത്തില്‍ ഖത്തര്‍ പോസ്റ്റ് മുഖേന രേഖകള്‍ എത്തിക്കുന്നതിനുള്ള സേവനം ഇപ്പോഴും തുടരുകയാണ്. പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് റസിഡന്‍സി പുതുക്കല്‍ സേവനം ലഭ്യമാക്കുന്നുണ്ട്. ഖത്തര്‍ പോസ്റ്റ് മുഖേന അല്ലെങ്കില്‍ വകുപ്പിന്റെ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കല്‍ എന്നീ രണ്ട് സാധ്യതകളിലൊന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ഭൂരിഭാഗം പേരും ഓഫീസിലെത്തി ശേഖരിക്കുന്നതിനു പകരം തപാല്‍ സംവിധാനത്തിനാണ് മുന്‍ഗണന നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവര്‍ക്കും പ്രത്യേക ആവശ്യങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്കും അടിയന്തിരമായി സേവനങ്ങള്‍ നല്‍കുന്നതിന് പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് കെട്ടിടത്തില്‍ പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ തൊഴില്‍ നിയമങ്ങളും ചട്ടങ്ങളും; സര്‍ക്കാര്‍ വാട്‌സാപ്പ് സേവനം മലയാളത്തിലും

സ്‌കൂള്‍ ജീവനക്കാര്‍ക്ക് വാക്‌സിനേഷനോ പ്രതിവാര കോവിഡ് പരിശോധനയോ നിര്‍ബന്ധം