in

റാസ് അബുഫന്താസ് ഫ്രീസോണിന് സമീപം പുതിയ ഇന്റര്‍ചേഞ്ചിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ദോഹ: റാസ് അബുഫന്താസ് സ്വതന്ത്രമേഖലക്കു സമീപം പുതിയ ഇന്റര്‍ചേഞ്ചിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി.
പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. ജി-റിങ് റോഡിന്റെ ദക്ഷിണ കവാടത്തില്‍, ഹമദ് വിമാനത്താവളത്തിന്റെ തെക്ക് പടിഞ്ഞാറായി, എയര്‍പോര്‍ട്ട് ഇന്റര്‍ചേഞ്ചിന് തൊട്ടുമുന്‍പായാണ് പുതിയ ഇന്റര്‍ചേഞ്ചിന്റെ നിര്‍മാണം. 2022ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
കിഴക്കന്‍, പടിഞ്ഞാറന്‍ സ്വതന്ത്രമേഖലകളെ ഹമദ് വിമാനത്താവളം, ജി-റിങ് റോഡ്, ചുറ്റുമുള്ള റോഡ് നെറ്റ്‌വര്‍ക്കുകളായ സബാഹ് അല്‍അഹമ്മദ് ഇടനാഴി, റാസ് അബുഅബൗദ് സ്ട്രീറ്റ്, അല്‍വഖ്‌റ പ്രധാന റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ ഇന്റര്‍ചേഞ്ച്. പുതിയ ടു-ലെവല്‍ ഇന്റര്‍ചേഞ്ചില്‍ മൂന്നു പാലങ്ങള്‍ ഉള്‍പ്പടെ നാലു കിലോമീറ്റര്‍ റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ പാലത്തിലും മൂന്നു മുതല്‍ നാലു ലൈനുകള്‍ സഹിതം ഇരട്ട കാര്യേജ് വേയും നാലു എക്‌സിറ്റുകളുമുണ്ടാകും.
മണിക്കൂറില്‍ 10,000ത്തോളം വാഹനങ്ങളെ കൈകാര്യം ചെയ്യാനുള്ള ശേഷി ഇന്റര്‍ചേഞ്ചിനുണ്ടാകും. ഉപരിതല മലിനജല നിര്‍മാര്‍ജനം, ജലസേചനത്തിനായി സംസ്‌കരിച്ച ജലവിതരണം, ടെലികമ്മ്യൂണിക്കേഷന്‍ ലൈനുകള്‍ എന്നിവ സുഗമമാക്കുന്നതിന് മൂന്ന് അടിപ്പാതകളുടെ നിര്‍മാണവും പദ്ധതിയുടെ ഭാഗമാണ്.
ഒപ്പം ഇന്റര്‍ചേഞ്ചിന്റെ ഇരുവശത്തും രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സര്‍വീസ് റോഡുകളും നിര്‍മിക്കും.
ലോജിസ്റ്റിക്കല്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ പുതിയ ഇന്റര്‍ചേഞ്ചിന് പ്രാധാന്യമേറെയാണ്. ഹമദ് വിമാനത്താവളം, സ്വതന്ത്ര മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്ന് ദോഹക്കകത്തും പുറത്തുമുള്ള എല്ലാ പ്രദേശങ്ങളിലേക്കും ചരക്കുനീക്കം സുഗമമാക്കാന്‍ ഇതിലൂടെ സാധിക്കും.റാസ് അബു അബൂദ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതിനാല്‍ കോര്‍ണീഷിലേക്കും ദോഹ ഡൗണ്‍ടൗണിലേക്കും ഗതാഗതം വേഗത്തിലാകും.
സബാഹ് അല്‍അഹമ്മദ് ഇടനാഴിയിലേക്ക് പ്രവേശനം സുഗമമാക്കാനും സഹായകമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഒളിമ്പിക്‌സ്, പാരാലിമ്പിക് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ അപേക്ഷ സമര്‍പ്പിച്ച് ഖത്തര്‍

ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ 3700 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം