in

അല്‍ഖോര്‍ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മാണപൂര്‍ത്തീകരണം അന്തിമഘട്ടത്തില്‍

അല്‍ഖോര്‍ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുറത്തുവിട്ടപ്പോള്‍

ദോഹ: 2022 ഫിഫ ലോകകപ്പ് സെമിഫൈനല്‍ മത്സരവേദിയായ അല്‍ ഖോര്‍ ‘അല്‍ ബയ്ത്ത്’ സ്‌റ്റേഡിയത്തിന്റെ നിര്‍മാണ പൂര്‍ത്തീകരണം അന്തിമഘട്ടത്തില്‍. സ്‌റ്റേഡിയത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഈ വര്‍ഷം തന്നെ ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുറത്തുവിട്ടിട്ടില്ല.
ലോകകപ്പിനായി ഇതുവരെ മൂന്നു സ്റ്റേഡിയങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. നവീകരിച്ച ഖലീഫ സ്റ്റേഡിയം, അല്‍വഖ്്‌റ അല്‍ജനൂബ് സ്റ്റേഡിയം, എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവയാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കായികലോകത്തിനായി സമര്‍പ്പിച്ചത്. 2022 ഖത്തര്‍ ലോകകപ്പിന്റെ എട്ടു സ്റ്റേഡിയങ്ങളിലൊന്നായ അല്‍ബയ്ത്ത് സ്്‌റ്റേഡിയത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സുപ്രീംകമ്മിറ്റി പുറത്തുവിട്ടു. ഖത്തറിന്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ബഹുമാനിക്കുന്നതും അതേസമയം സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് ഒരു കണ്ണ് സൂക്ഷിക്കുന്ന വിധത്തിലുമാണ് സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന. സ്റ്റേഡിയത്തിന്റെ ഉള്ളിലേക്കു മടക്കാവുന്ന മേല്‍ക്കൂരയാണ് ഏറ്റവും സവിശേഷമായത്. സ്റ്റേഡിയത്തിന്റെ ബാഹ്യമുഖം, റൂഫ് മെംബ്രേന്‍ എന്നിവയെല്ലാം സവിശേഷമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ കളിസ്ഥലത്തെ ടര്‍ഫ് ആറു മണിക്കൂര്‍ 41 മിനുട്ട് എന്ന റെക്കോര്‍ഡ് സമയത്തില്‍ പൂര്‍ത്തീകരിക്കാനായി. റിട്രാക്റ്റബിള്‍(ഉള്ളിലേക്ക് മടക്കാവുന്ന) റൂഫ് സ്ട്രക്ചര്‍ സംവിധാനം അസംബിള്‍ ചെയ്താണ് സ്ഥാപിച്ചിരിക്കുന്നത്.
പൂര്‍ണമായും അസംബിള്‍ ചെയ്തതോടെ മേല്‍ക്കൂരയ്ക്ക് 1600 ടണ്ണാണ് ഭാരം.. ഏകദേശം 380 ഇടത്തരം മോട്ടോര്‍കാറുകള്‍ക്ക് തുല്യമായ ഭാരം. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മേല്‍ക്കൂര അടയ്ക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. മൂന്നൂഘട്ടങ്ങളിലായുള്ള നീക്കത്തിലൂടെ കേവലം 20 മിനിട്ടുകള്‍ക്കകം മേല്‍ക്കൂര അടയ്ക്കാനാകും. ഓരോ മേല്‍ക്കൂരയുടെയും ചട്ടക്കൂട് 94.4 മീറ്റര്‍ ഘനയളവും 82 മുതല്‍ 104 ടണ്‍വരെ ഭാരമുള്ളവയുമാണ്. ഓരോ ചട്ടക്കൂടും എട്ടു ഭാഗങ്ങളായി വര്‍ക്ക്ഷോപ്പില്‍ നിര്‍മിച്ചശേഷം സ്റ്റേഡിയം സൈറ്റിലേക്ക് എത്തിക്കുകയായിരുന്നു. സ്ഥാപിക്കുന്നതിനായി ഉയര്‍ത്തുന്നതിനു മുമ്പായി സ്റ്റേഡിയത്തിനു പുറത്ത് പ്രത്യേകമായി തയാറാക്കിയ സ്ഥലത്തുവെച്ചായിരുന്നു വെല്‍ഡ് ചെയ്തത്. കാറ്റ് ഒട്ടും വീശാത്ത സമയത്ത് മൂന്നു മണിക്കൂറോളം സമയമെടുത്താണ് മേല്‍ക്കൂരയുടെ ചട്ടക്കൂടുകള്‍ ഉയര്‍ത്തിയത്. പരമ്പരാഗത നാടോടി ടെന്റുകളെ അനുസ്മരിപ്പിക്കുന്നതാണ് സ്റ്റേഡിയം. 60,000 പേര്‍ക്ക് മത്സരങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് സീറ്റിങ് കപ്പാസിറ്റി. മത്സരം വീക്ഷിക്കാനെത്തുന്ന ഓരോരുത്തര്‍ക്കും പരമാവധി ആസ്വാദനം ലഭ്യമാക്കുന്ന തരത്തിലാണ് ഇരിപ്പിടങ്ങള്‍. ഇരിപ്പിട ക്രമീകരണവും പൂര്‍ത്തിയായി. ലോകകപ്പിനുശേഷം സീറ്റിങ് കപ്പാസിറ്റി 30000 ആയി കുറയ്ക്കും. പരമ്പരാഗത ബദൂവിയന്‍ തമ്പിന്റെ മാതൃകയിലാണ് നിര്‍മാണം. തറനിരപ്പ് 14 മീറ്ററോളം ഉയര്‍ത്തി കുന്നായ സ്ഥലത്ത് ഉയര്‍ന്നുനില്‍ക്കുന്ന തമ്പിന്റെ ആകൃതിയിലാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. അകത്തും പുറത്തും പരമ്പരാഗത ബിദൂയിന്‍ ടെന്റിന്റെ നിറവും നല്‍കിയിട്ടുണ്ട്. ഖത്തറിലെയും ഗള്‍ഫിലെയും നാടോടികളായ മനുഷ്യര്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന കുറുപ്പും വെളുപ്പും കളറുകള്‍ ഇടകലര്‍ന്ന ബയ്ത്ത് അല്‍ ഷാര്‍ ടെന്റുകള്‍ ഖത്തറിന്റെ പ്രൗഡ പാരമ്പര്യത്തിന്റെ ഉദാഹരണമാണ്. ഇതിന്റെ മാതൃകയിലുള്ള അല്‍ഖോര്‍ അല്‍ബയ്ത്ത് സ്‌റ്റേഡിയം പുതിയ കാഴ്ചാനുഭവം കൂടി സമ്മാനിക്കും.
സ്റ്റേഡിയത്തിന്റെ പേര് ലഭിച്ചതും ബയ്ത്ത് അല്‍ഷാര്‍ എന്ന വാക്കില്‍നിന്നാണ്. പരമ്പരാഗത ഖത്തരി കൂടാരത്തില്‍ ഇരുന്ന് ലോകകപ്പ് ഫുട്‌ബോള്‍ ആസ്വദിക്കാനുള്ള അവസരമാണ് അല്‍ബയ്ത്തില്‍ ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത്. ദീര്‍ഘകാലംനില നില്‍ക്കുന്ന പോളിടെട്രാഫ്‌ളൂറോ എതിലീന്‍(പി.ടി.എഫ്.ഇ.) എന്ന വെളുത്ത പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിച്ചാണ് മേല്‍ക്കൂര തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ മുമ്പ് എവിടെയും കണ്ടിട്ടില്ലാത്ത പ്രസന്നത സ്റ്റേഡിയത്തിന് ഉണ്ടാകും. സ്‌പോര്‍ട്‌സ് സെന്റര്‍, കമ്യൂണിറ്റി ഹബ്, ആശുപത്രി, മാള്‍, പാര്‍ക്ക് എന്നിവയുള്‍പ്പെട്ട കോംപ്ലക്‌സും സ്റ്റേഡിയത്തിന്റെ ഭാഗമായുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 ജൂലൈ 11) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

കേസുകള്‍ നേരത്തെ കണ്ടെത്തുന്നതിലൂടെ കോവിഡ് മരണനിരക്ക് കുറക്കാനായി: ആരോഗ്യ മന്ത്രി