
ദോഹ: 2022 ഫിഫ ലോകകപ്പിനായൊരുങ്ങുന്ന ഖത്തര്‍ ഫൗണ്ടേഷന് എജ്യൂക്കേഷന്‍സിറ്റി സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ലോകകപ്പ് സംഘാടന ചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മഹാമാരി സമയത്ത് ഫ്രണ്ട് ലൈന്‍ തൊഴിലാളികളുടെ സംഭാവന ആഘോഷിക്കുന്നതിനായി ജൂണ്‍ പതിനഞ്ചിന് സംഘടിപ്പിക്കുന്ന തത്സമയ പരിപാടിയിലൂടെ സ്റ്റേഡിയത്തിന്റെ പൂര്‍ത്തീകരണം പ്രഖ്യാപിക്കപ്പെടും.
കോവിഡ് -19 ന് ശേഷമുള്ള ലോകത്തിലെ കായികം, മാനസികാരോഗ്യം, ആസ്വാദകരുടെ അനുഭവം എന്നിവയും ഷോയില്‍ ചര്‍ച്ചചെയ്യുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഫിഫ ലോകകപ്പിനായി സജ്ജമായ മൂന്നാമത്തെ സ്റ്റേഡിയമാണിത്. കഴിഞ്ഞവര്‍ഷം അല്‍വഖ്റയില്‍ അല്‍ജാനൂബ് സ്റ്റേഡിയം തുറന്നിരുന്നു. ഫിഫ ലോകകപ്പിനായി ഖത്തറില്‍ ആദ്യം സജ്ജമായത് നവീകരിച്ച ഖലീഫ രാജ്യാന്തര സ്്റ്റേഡിയമായിരുന്നു. 2017ല്‍ അമീര്‍ കപ്പ് ഫൈനലിനോടനുബന്ധിച്ചായിരുന്നു ഖലീഫ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം. ദോഹ മെട്രോയുടെ ഗ്രീന്‍ലൈന്‍ മുഖേന ഫുട്ബോള്‍ ആസ്വാദകര്‍ക്ക് സ്റ്റേഡിയത്തിലെത്താനാകും. ഊൗര്‍ജ കാര്യക്ഷമത ഉറപ്പാക്കി സമ്പന്നമായ ഇസ്ലാമിക് വാസ്തുവിദ്യയും ആധുനികതയും സമന്വയിപ്പിച്ചുള്ളതാണ് ഖത്തര്‍ ഫൗണ്ടേഷന് സ്റ്റേഡിയത്തിന്റെ രൂപഘടന. ഓര്‍മകള്‍ നിലനിര്‍ത്തി രാജ്യത്തിനും മേഖലക്കും ഭാവിയിലേക്ക് കൂടി മൂല്യമേറിയ അനുഭവം പ്രദാനം ചെയ്യുന്ന വിധത്തിലാണ് നിര്‍മാണം. വിജ്ഞാനത്തിന്റെയും നൂതനതയുടെയും കേന്ദ്രമായ എജ്യൂക്കേഷന്‍ സിറ്റിയിലെ ഖത്തര്‍ ഫൗണ്ടേഷന് സ്റ്റേഡിയത്തിന്റെ ലാന്‍ഡ്സ്കേപ്പ് കട്ടിങ്-എഡ്ജ് ഗവേഷണത്തിലൂടെയാണ് വികസിപ്പിച്ചത്. സ്റ്റേഡിയത്തില്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് നടക്കുന്നത്. മരുഭൂമിയിലെ വജ്രം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി ഡയമണ്ടിന്റെ മാതൃകയിലാണ് എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്റെ ഡിസൈന്‍. സൂര്യവലയത്തിനനുസരിച്ച് സ്റ്റേഡിയത്തിന്റെ കളറിലും മാറ്റം പ്രതിഫലിക്കും. മനോഹരമായ കാഴ്ചാനുഭവം പകരുന്നതിനൊപ്പം സുസ്ഥിര വികസനത്തിന്റെ എല്ലാക്കാലത്തേക്കുമുള്ള ഉദാഹരണം കൂടിയായി സ്റ്റേഡിയം നിലനില്ക്കും. കൃത്യമായ അളവിലല്ലാതെ മുറിച്ച അതല്ലെങ്കില്‍ വൃത്തിയായിട്ടല്ലാതെ മുറിച്ച ഒരു ഡയമണ്ടിന്റെ(ജാഗ്ഡ് ഡയമണ്ട്) ആകൃതി സ്റ്റേഡിയത്തിന് പുതിയ കാഴ്ചാനുഭവം പകരും. പകല്‍ സമയങ്ങളില്‍ വെട്ടിത്തിളങ്ങുകയും ജ്വലിക്കുകയും ചെയ്യുന്ന സ്റ്റേഡിയം രാത്രിയില്‍ ദീപപ്രഭയില്‍ കുളിച്ചുനില്‍ക്കുകയും ചെയ്യുന്ന നിലയിലാണ് സ്റ്റേഡിയം തയാറാക്കുന്നത്. സ്റ്റേഡിയത്തില്‍ 40,000 സീറ്റ് ആണ് ഉണ്ടാവുക.