
ദോഹ:ദോഹയുടെ ദക്ഷിണ ഉത്തര ഭാഗങ്ങളെ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബൃഹദ്പദ്ധതിയായ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയുടെ ഭാഗമായ ആദ്യ കേബിള്‍ ഘടിപ്പിച്ചുള്ള പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 50ശതമാനം പൂര്‍ത്തിയായി. ഹലുല്‍ റൗണ്ട്എബൗട്ടിനെ രണ്ടു ലെവല്‍ ഇന്റര്‍ചേഞ്ചായി മാറ്റുന്നതിനുള്ള നടപടികളും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇടനാഴി പദ്ധതിയില്‍ ഖത്തറിലെ ആദ്യ കേബിള്‍ പാലമാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. കേബിളുകളാല്‍ നില്ക്കുന്ന 1200 മീറ്റര്‍ പാലമാണിത്. മിസൈമീര്‍ റോഡില്‍ നിന്ന് അല്‍ ബുസ്താന്‍ സ്ട്രീറ്റിലേക്കാണ് പാലം. മിസൈമീര്‍ റോഡില്‍ ഹലുല്‍ ഇന്റര്‍സെക്ഷനും സല്വറോഡില് ഫലേഹ് ബിന്‍ നാസര്‍ ഇന്റര്‍സെക്ഷനും മുകളിലായാണ് കേബിള്‍ പാലം.
അല്ബുസ്താന് സ്ട്രീറ്റ് മുതല്‍ ബു ഇറയന്‍ സ്ട്രീറ്റ് വരെയായിരിക്കും പദ്ധതിയിലെ ദൈര്‍ഘ്യമേറിയ മേല്‍പ്പാലം(ഫ്ളൈഓവര്‍). അല്‍വാബ് സ്ട്രീറ്റും റഷീദ സ്ട്രീറ്റിനെയും ബന്ധിപ്പിക്കും. പുതിയ പാലത്തില്‍ ഓരോ ദിശയിലേക്കും നാലു ലൈനുകളായിരിക്കും ഉണ്ടാകുക. മണിക്കൂറില്‍ 16,000ലധികം വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടാകും. പാലത്തിന്റെ നീളമാണ് നിര്‍മാണത്തിലെ വെല്ലുവിളി. സങ്കീര്‍ണമായ ദൗത്യം വിജയകരമായി പുരോഗമിക്കുകയാണ്. 854 പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് പീസുകളാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ഓരോന്നിനും ഏകദേശം 200 ടണ്‍ ഭാരമുണ്ടാകും. പാലത്തിന്റെ ഏറ്റവും ഉയര്‍ന്ന പോയിന്റിന് 30 മീറ്റര്‍ ഉയരമുണ്ടാകും. ഹലൂല്‍ റൗണ്ട്എബൗട്ട് സിഗ്നല്‍ കേന്ദ്രീകൃത ഇന്റര്‍സെക്ഷനാക്കി മാറ്റും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സിഗ്നല്‍ കേന്ദ്രീകൃത ഇന്റര്സെക്ഷന് ഓരോ ദിശയിലേക്കും ആറു ലൈനുകള്‍ വീതമുണ്ടാകും. അബുഹമൂര്‍, അല്‍മാമൂറ ഉള്‍പ്പടെയുള്ള സുപ്രധാനമേഖലകള്ക്ക് വളരെയധികം പ്രയോജനകരമാണ് ഈ പദ്ധതി. കേബിളുകളില്‍ തൂങ്ങിയുള്ള പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധികമായി പുരോഗമിക്കുന്നതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. പാലത്തിന്റെ നിര്‍മാണം 2021ന്റെ ആദ്യപാദത്തില്‍ പൂര്‍ത്തിയാകും. 120 കേബിളുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നൂതനമായ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് തുടങ്ങിയത്. ഹലൂല്‍ ഇന്റര്‍സെക്ഷന്റെ പ്രവര്‍ത്തികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും വലിയ ഇന്റര്സെക്ഷന്, ദൈര്‍ഘ്യമേറിയ പാലം, ഇരുദിശകളിലേക്കും ആഴത്തിലും ദൈര്‍ഘ്യത്തിലുമുള്ള തുരങ്കം എന്നിവയും സബാഹ് അല്‍ അഹമ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമാണ്. ദോഹയിലെ ഏറ്റവും തിരക്കേറിയ ഫെബ്രുവരി 22 റോഡിനു ബദലായിക്കൂടിയാണ് ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. ഗതാഗത ശേഷി ഇരട്ടിയായി വര്‍ധിപ്പിക്കാനുമാകും. ദോഹ എക്സ്പ്രസ് വേയില്‍ ഹമദ് വിമാനത്താവളത്തില്‍ നിന്ന് ലാന്റ്മാര്ക്ക്് ഇന്റര്‍ചേഞ്ച് വരെ 25 കിലോമീറ്ററാണ് ഇടനാഴിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രാദേശിക അനുബന്ധ റോഡുകള്‍ മുഖേന ഇടനാഴിയുമായി ബന്ധപ്പെടുത്തും. ആകെ 37 കിലോമീറ്റര്‍ ആയിരിക്കും പദ്ധതിയുടെ ദൈര്‍ഘ്യം. ദോഹയുടെ വടക്ക് തെക്ക് ഭാഗവുമായി അല്വതിയാത്ത് ഇന്‍ര്‍ചേഞ്ച് മുഖേന ഇടനാഴി എഫ് റിങ് റോഡില്‍ ബന്ധിപ്പിക്കും.
ദോഹ എക്സ്പ്രസ് വേയും അല്‍വഖ്റ ബൈപ്പാസുമായും ഉംസൈദ് റോഡ് സൗത്തുമായും ഇടനാഴി ബന്ധിപ്പിക്കും. ഓരോ ദിശയിലേക്കും മൂന്ന് ലൈനുകളാണ് റോഡ് പദ്ധതിയില്‍ ഉണ്ടാവുക. ഓരോ ദിശയിലും നാലാ അഞ്ചോ ലൈനുകളായി മാറുകയും ചെയ്യും. ഓരോ ദിശയിലും മണിക്കൂറില്‍ 20,000 വാഹനങ്ങളെ ഇടനാഴിക്ക് ഉള്‍ക്കൊള്ളാനാകും. ഗതാഗതം കൂടുതല്‍ സുഗമമാക്കാനും മറ്റുള്ളവയുമായി ബന്ധിപ്പിക്കാനുമായി 32 പാലങ്ങള്‍, 12 അടിപ്പാതകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. 12 കാല്നടപ്പാലങ്ങളുമുണ്ടാകും. 65 കിലോമീറ്റര്‍ കാല്‍നടപ്പാതകള്‍, സൈക്കിള്‍ പാതകള്‍ എന്നിവയുമുണ്ടാകും. 15ലക്ഷം സ്ക്വയര്‍ മീറ്റര്‍ ലാന്റ്സ്കേപ്പും സജ്ജമാക്കുന്നുണ്ട്.