
ദോഹ: ഹമദ് തുറമുഖത്തിന്റെ രണ്ടാം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ നിര്‍മാണത്തില്‍ ഖത്തരി ഉത്പന്നങ്ങള്‍ക്ക് പ്രധാന പങ്ക്. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. സമയബന്ധിതമായി വികസനപദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് രണ്ടാം കണ്ടെയ്നര്‍ ടെര്‍മിനലും(സിറ്റി-2). തുറമുഖത്തിലെ രണ്ടാം ടെര്‍മിനല്‍ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകും. ഈ വര്‍ഷം നാലാം പാദത്തില്‍ ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ക്യു ടെര്‍മിനല്‍സ് ട്വീറ്റ് ചെയ്തു.
ഖത്തര്‍ തുറമുഖ പരിപാലന കമ്പനി(മവാനി ഖത്തര്‍)യും ഖത്തര്‍ നാവിഗേഷനും(മിലാഹ) ചേര്‍ന്ന് സംയുക്തമായി രൂപീകരിച്ച ടെര്‍മിനല്‍ ഓപ്പറേറ്റിങ് കമ്പനിയായ ക്യുടെര്മിനല്സാണ് വികസനപദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഖത്തറിന്റെ ഇറക്കുമതിയും കയറ്റുമതിയും ശക്തിപ്പെടുത്തുകയെന്നതും ക്യുടെര്മിനല്സിന്റെ ഉത്തരവാദിത്വമാണ്. ഖത്തരി സമ്പദ്ഘടനയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച കണക്കിലെടുത്താണ് തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം. ടെര്‍മിനലിന്റെ ഡിസൈന്‍, വികസനം, പ്രവര്‍ത്തന കരാര്‍ എന്നിവയെല്ലാം ക്യുടെര്മിനല്സിന്റെ ഉത്തരവാദിത്വമാണ്. രണ്ടാം ടെര്‍മിനലില്‍ അത്യാധുനികമായ ഉപകരണങ്ങളും സങ്കേതങ്ങളുമാണ് സജ്ജമാക്കുന്നത്.രണ്ടാം കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളിലധികവും നല്‍കുന്നത് പ്രാദേശിക കമ്പനികളാണ്. ഖത്തരി കമ്പനികളാണ് റീഫര്‍ കണ്ടെയ്നറുകളുടെ സ്റ്റാക്കുകളും കേബിളുകളും വിതരണം ചെയ്തത്. ഖത്തരി കമ്പനികളെ പിന്തുണക്കുന്നതിനുള്ള ക്യു ടെര്‍മിനല്‍സ് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഖത്തരി ആസ്ഥാനമായുള്ള അല്‍ നാസര്‍ കണ്‍സ്ട്രക്ഷന്‍ ഡൈനാമിക്സില്‍ നിന്ന് സ്റ്റീല്‍ റാക്കിങ് ലഭിച്ചതായി ക്യുടെര്‍മിനല്‍സ് അറിയിച്ചു. രണ്ടാം ടെര്‍മിനലിന് 1200 മീറ്റര്‍ നീളവും 17 മീറ്റര്‍ ഡ്രാഫ്റ്റുമുണ്ട്. വാര്ഷികശേഷി ഇരുപത് മില്യണ്‍ ടിഇയു ആയിരിക്കും. നിലവിലുള്ള കണ്ടെയ്നര്‍ ടെര്‍മിനലിന്റെ വടക്ക് ഭാഗത്താണ് രണ്ടാമത്തെ കണ്ടെയ്നര്‍ ടെര്‍മിനല്‍ വികസിപ്പിക്കുന്നത്. ഹമദ് തുറമുഖത്തിന്റെ ഒന്നാം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ കാര്യക്ഷമതയും ശേഷിയും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ വലിയ വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്. കൂടുതല്‍ കപ്പലുകള്‍ തുറമുഖത്തേക്കെത്തുന്നു. ഇവയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സൗകര്യങ്ങള്‍ വര്ധിപ്പക്കേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ ഹമദ് തുറഖമുഖത്തെ സംബന്ധിച്ചിടത്തോളം സങ്കീര്‍ണവും നിര്‍ണായകവുമായ പദ്ധതിയാണ് രണ്ടാം കണ്ടെയ്നര്‍ ടെര്‍മിനല്‍. 2016 ഡിസംബറിലാണ് തുറമുഖത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. സ്റ്റേഡിയങ്ങള്‍, റോഡുകള്‍, മെട്രോ, മറ്റു സുപ്രധാന പദ്ധതികള്‍ തുടങ്ങിയ രാജ്യത്തെ അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായാണ് ഇറക്കുമതി നടത്തുന്നത്.
ഖത്തറിലെ വികസനപദ്ധതികള്‍ക്കായി ഇറക്കുമതി ചെയ്യുന്ന എല്ലാത്തരം ചരക്കുകളുടെയും 90 മുതല്‍ 95ശതമാനം വരെയും ഹമദ് തുറമുഖം മുഖേനയാണ്.