Friday, September 18ESTD 1934

തുമാമ സ്‌റ്റേഡിയം നിര്‍മാണത്തില്‍ അപകടരഹിത 20 ദശലക്ഷം തൊഴില്‍ മണിക്കൂറുകള്‍ പിന്നിട്ടു

ദോഹ: 2022 ഫിഫ ലോകകപ്പിനായി സജ്ജമാകുന്ന തുമാമ സ്റ്റേഡിയത്തിന് ആരോഗ്യ- സുരക്ഷാ മേഖലയില്‍ നാഴികക്കല്ല്. സ്‌റ്റേഡിയം നിര്‍മാണത്തില്‍ ഇതുവരെ പിന്നിട്ടത് അപകടരഹിതമായ 20 ദശലക്ഷം തൊഴില്‍ മണിക്കൂര്‍. സ്റ്റേഡിയത്തിന്റെ പ്രധാന കരാറുകാരുമായി സഹകരിച്ച് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി നടപ്പാക്കിയ കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളാണ് ഈ സുപ്രധാന നേട്ടത്തിനിടയാക്കിയത്.
ഖത്തരി കമ്പനിയായ അല്‍ ജബര്‍ എന്‍ജിയറിംഗും തുര്‍ക്കിയുടെ തെക്ഫാന്‍ കണ്‍സ്ട്രക്ഷന്‍സും സംയുക്തമായാണ് പ്രധാന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ടൈം ഖത്തറാണ് പ്രൊജക്റ്റ് മാനേജര്‍. സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തി ഉള്‍ഭാഗം ശീതികരിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ഇവിടെ നടപ്പാക്കുക. ജൂലൈയില്‍ അല്‍റയ്യാന്‍ സ്റ്റേഡിയവും സമാനമായ സുരക്ഷാ നാഴികക്കല്ല് പിന്നിട്ടിരുന്നു. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായി റസിഡന്‍ഷ്യല്‍ തുമാമ ഡിസ്ട്രിക്റ്റിലാണ് തുമാമ സ്റ്റേഡിയം. 5,15,400 ചതുരശ്രമീറ്ററിലാണ് സ്റ്റേഡിയം നിര്‍മാണം പുരോഗമിക്കുന്നത്. നാല് ഔട്ട്്ഡോര്‍ പിച്ചുകളുമുണ്ട്. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളായിരിക്കും ഇവിടെ നടക്കു. 40,000 ആണ് സ്‌റ്റേഡിയത്തിന്റെ ഇരിപ്പിടശേഷി. സുരക്ഷാ നാഴികക്കല്ല് പിന്നിടാനായതില്‍ സന്തോഷമുണ്ടെന്ന് തുമാമ സ്‌റ്റേഡിയം പ്രെജക്റ്റ് ഡയറക്ടര്‍ എന്‍ജിനിയര്‍ സഊദ് അല്‍അന്‍സാരി പറഞ്ഞു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയുമാണ് ഒന്നാം നമ്പര്‍ മുന്‍ഗണനയാണ്.
ഇതുപോലെയുള്ള നാഴികക്കല്ലുകള്‍ ആ വസ്തുത വ്യക്തമാക്കുന്നതിന് സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈറ്റുകളില്‍ ഉടനീളം നടപ്പിലാക്കിയ കര്‍ശനമായ ആരോഗ്യ-സുരക്ഷാ പ്രക്രിയകളും നടപടിക്രമങ്ങളും അല്‍തുമാമ സ്റ്റേഡിയത്തിന് ഈ നേട്ടം കൈവരിക്കാനായതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് സുപ്രീംകമ്മിറ്റി ആരോഗ്യ സുരക്ഷാ മാനേജര്‍ എന്‍ജിനിയര്‍ അബ്ദുല്ല അല്‍ബിഷ്രി പറഞ്ഞു.
അടുത്തവര്‍ഷത്തോടെ സ്‌റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. സ്റ്റേഡിയത്തിന്റെ കോണ്‍ക്രീറ്റ് ഫ്രെയിം, അപ്പര്‍ ടയര്‍ സ്റ്റാന്‍ഡുകള്‍, മേല്‍ക്കൂര നിരകള്‍ എന്നിവയെല്ലാം പൂര്‍ത്തിയായി. സ്റ്റേഡിയം പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ 50,000 സ്‌ക്വയര്‍ മീറ്റര്‍ പൊതുപാര്‍ക്കും സ്റ്റേഡിയത്തിന്റെ ഭാഗമാണ്. തണലേകാന്‍ 400 ഓളം മരങ്ങളും പാര്‍ക്കിലുണ്ടാകും.
ലോകകപ്പിനു ശേഷം സ്റ്റേഡിയം കമ്യൂണിറ്റി ഹബ്ബായി മാറും. ആസ്പെതാര്‍ കായിക ക്ലിനിക്ക്, ആഡംബര ഹോട്ടല്‍, സൈക്കിള്‍ പാത, വാണിജ്യ യൂണിറ്റുകള്‍ എന്നിവയെല്ലാം സജ്ജമാകും. മത്സരശേഷം ഇരുപതിനായിരമായി സ്റ്റേഡിയത്തിലെ സീറ്റിങ് ശേഷി കുറക്കും. ബാക്കി 20,000 സീറ്റുകള്‍ കായിക സൗകര്യങ്ങള്‍ ഇല്ലാത്ത രാജ്യങ്ങള്‍ക്ക് സംഭാവന നല്‍കും.
അറബ് രാജ്യങ്ങളിലെ പുരുഷന്മാരുടെ പരമ്പരാഗത തലപ്പാവായ ഗഹ്ഫിയയുടെ മാതൃകയിലാണ് സ്റ്റേഡിയം. ഖത്തറിന്റെയും അറബ് ലോകത്തിന്റെ ഭാവിയും ഭൂതകാലവും കോര്‍ത്തിണക്കിയുള്ളതാണ് ഡിസൈന്‍. 2018 ല്‍ ആര്‍ക്കിടെക്ചറല്‍ റിവ്യൂ ഫ്യൂച്ചര്‍ പ്രൊജക്ട് പദ്ധതി പുരസ്‌കാരവും സ്റ്റേഡിയം ഡിസൈന് ലഭിച്ചിരുന്നു. അറബ് എന്‍ജിനീയറിങ് ബ്യൂറോയിലെ ചീഫ് ആര്‍ക്കിടെക്ടും സ്വദേശി പൗരനുമായ ഇബ്രാഹിം. എം.ജൈദയുടേതാണ് ഡിസൈന്‍.

error: Content is protected !!