
ദോഹ: അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ ഉം അല്‍ജുവാഷിന്‍ പെട്രോള്‍ സ്‌റ്റേഷനു ചുറ്റുമുള്ള റോഡുകളുടെ നിര്‍മാണ വികസനപ്രവര്‍ത്തനങ്ങള്‍ അശ്ഗാല്‍ പൂര്‍ത്തീകരിച്ചു. അല്‍മജ്ദ് റോഡിനും ദുഖാന്‍ റോഡിനുമിടയിലുള്ള ഇന്റര്‍സെക്ഷനില്‍ ഉംഅല്‍ജുവാഷിന്‍, ഉം അല്‍അഫായി ഇന്റര്‍ചേഞ്ചുകള്‍ക്കിടയിലായാണ് പെട്രോള്‍ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. നാലു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റോഡുകളുടെ വികസനം പൂര്‍ത്തിയാക്കിയത്. ഇതോടെ വാഹനങ്ങള്‍ക്ക് പെട്രോള്‍ സ്‌റ്റേഷനിലേക്ക് സുരക്ഷിതമായും സുഗമമായും പ്രവേശിക്കാനാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു.
ഉം അല്‍ജുവാഷിന്‍ പെട്രോള്‍ സ്റ്റേഷന് ചുറ്റുമുള്ള റോഡുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിലും പെട്രോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്‍പുതന്നെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും അശ്ഗാല്‍ സവിശേഷ താല്‍പര്യമെടുത്തിരുന്നതായി റോഡ്‌സ് പ്രൊജക്റ്റ്‌സ് വകുപ്പ് പ്രൊജക്റ്റ് എന്‍ജിനീയര്‍ റാഷിദ് അല്‍മര്‍റി പറഞ്ഞു. ഉം അല്‍ജുവാഷിന്‍ ഏരിയയിലെ റോഡ് ഉപയോക്താക്കള്‍ക്കൊപ്പം ഉം അല്‍അഫായി, റൗദത്ത് അല്‍ജഹാനിയ, ജെരി അല്‍ദാബി, അല്‍ദുഹൈലിയാത്ത്, ലെഹ്‌സൈനിയ എന്നിവിടങ്ങളിലെ റോഡ് ഉപയോക്താക്കള്‍ക്കും സേവനം നല്‍കുന്നതായിരിക്കും പുതിയ റോഡുകള്‍.
2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയങ്ങളിലൊന്നായ റയ്യാന്‍ സ്റ്റേഡിയത്തിലേക്കും മാള്‍ ഓഫ് ഖത്തറിലേക്കും ഗതാഗതം സുഗമമാക്കുന്നതായിരിക്കും ഈ റോഡുകള്‍. പെട്രോള്‍ സ്റ്റേഷന്‍ തുറന്നതോടെ ഉം അല്‍ജുവാഷിന്‍ പെട്രോള്‍ സ്റ്റേഷന് ചുറ്റുമുള്ള റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചതായി അല്‍മര്‍റി പറഞ്ഞു. അല്‍മജ്ദ് റോഡിലെയും ദുഖാന്‍ റോഡിലെയും വര്‍ധിച്ചുവരുന്ന വാഹനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായിരിക്കും പുതിയ റോഡുകള്‍.
പദ്ധതിയുടെ ഭാഗമായി ഇന്റര്‍ലോക്ക് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനു പുറമെ 93 സ്ട്രീറ്റ് ലൈറ്റ് പോളുകളും റോഡ് അടയാളങ്ങളും ദിശാസൂചകങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ജലതടാകവും പദ്ധതിയുടെ ഭാഗമാണ്.