ദോഹ: ഗള്‍ഫ് നാടുകളില്‍നിന്നും പ്രവാസികള്‍ കടല്‍ മാര്‍ഗം അയച്ച കാര്‍ഗോ കണ്ടെയ്‌നറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് കാര്‍ഗോ കമ്പനികളെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോര്‍ട്ട്. ക്രമക്കേടും വെട്ടിപ്പും തടയാന്‍ അധികൃതര്‍ പരിശോധന ശക്തമാക്കിയതോടെ ചരക്ക് നീക്കം മന്ദഗതിയിലായതാണ് കണ്ടെയ്‌നറുകള്‍ കെട്ടിക്കിടക്കാന്‍ കാരണമായതെന്ന് അറിയുന്നു.
ഇന്ത്യയിലേക്കുള്ള എയര്‍കാര്‍ഗോ നിരക്കുകള്‍ കൂടിയ സഹചര്യത്തില്‍ സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലേക്ക് കാര്‍ഗോ അയക്കാന്‍ ആശ്രയിച്ചിരുന്ന സംവിധാനമാണ് ഇതോടെ പ്രതിസന്ധിയിലായത്. ഗള്‍ഫ് നാടുകളില്‍ നിന്നടക്കം അയച്ച നൂറുകണക്കിന് കണ്ടെയ്‌നറുകളാണ് മാസങ്ങളായി ക്ലിയറന്‍സിന് അനുമതി ലഭിക്കാതെ തുറമുഖങ്ങളില്‍ കെട്ടികിടക്കുന്നത്. ഉത്പന്നങ്ങള്‍ സ്വദേശങ്ങളിലേക്ക് അയച്ച പ്രവാസികളെപോലെ തന്നെ കാര്‍ഗോ കമ്പനികളും ഇതേത്തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
മാസങ്ങളോളം കെട്ടി കിടന്ന കണ്ടെയ്‌നറുകള്‍ക്ക് ഭീമമായ തുകയാണ് ഡമ്മറേജ് ഇനത്തില്‍ കാര്‍ഗോ കമ്പനികള്‍ നല്‍കേണ്ടിവരുക. വലിയ സാമ്പത്തിക നഷ്ടമാണ് തങ്ങള്‍ അഭിമുഖീകരിക്കുന്നതെന്നും എത്രയും വേഗം ഈ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദോഹയിലെ പ്രമുഖ കാര്‍ഗോ കമ്പനി മിഡില്‍ഈസ്റ്റ് ചന്ദ്രികയോടു പ്രതികരിച്ചു.
വിദേശത്തുനിന്നും കണ്ടെയ്‌നറുകളിലൂടെ നികുതിവെട്ടിച്ച് വിദേശനിര്‍മ്മിത സിഗരറ്റുകളും മറ്റു ഇലക്ട്രോണിക്ക് സാധനങ്ങളും അയക്കാന്‍ ശ്രമിച്ചത് കസ്റ്റംസ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണ ഏജന്‍സികളും കസ്റ്റംസ് വിഭാഗവും സംയുക്തമായി വലിയ രീതിയിലുള്ള പരിശോധനകള്‍ നടത്തിവരുന്നത്. സമഗ്രമായ പരിശോധനക്കുശേഷമാണ് ക്ലിയറന്‍സ് നല്‍കുന്നത്. അതിനാല്‍ കണ്ടെയ്‌നര്‍ നീക്കം മന്ദഗതിയിലാണ് നടക്കുന്നത്.