
ദോഹ: യുഎന്നിന്റെ ലക്ഷ്യങ്ങള്‍ സാക്ഷ്തികരിക്കുന്നതിന് ഖത്തറിന്റെ ഉറച്ച പിന്തുണയുണ്ടെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ഭൂമിയിലെ ജനങ്ങളെല്ലാം പൊതുവിധി നേരിടുന്ന ഒരു കുടുംബത്തിന് തുല്യമാണെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നതായും അമീര്‍ പറഞ്ഞു. ആഗോള വെല്ലുവിളികളെ നേരിടാന്‍ സഹകരണവും സംയുക്ത നടപടിയും അനിവാര്യമാണെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു. യുഎന്നിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ന്യുയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടന്ന ഉന്നതതലയോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യവെയാണ് അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങളെയും പ്രവര്‍ത്തന പദ്ധതികളെയും പിന്തുണക്കുന്ന ഉറച്ച നിലപാടാണ് രാജ്യത്തിന്റേത്. ബഹുസ്വരതയും നയതന്ത്രവും പ്രോത്സാഹിപ്പിക്കല്‍, ദേശീയ പരമാധികാരത്തോടുള്ള ആദരവ്, എല്ലാ മേഖലകളിലും സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്ക് സജീവമാക്കല്‍ എന്നിവക്കായി യുഎന്‍ അംഗീകരിച്ച രാഷ്ട്രീയ പ്രഖ്യാപനം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അമീര്‍ ചൂണ്ടിക്കാട്ടി. പ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സുഗമമാക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കാന്‍ സ്വീഡനൊപ്പം ഖത്തറിന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ ബിന്‍ത് അഹമ്മദ് ബിന്‍ സെയ്്ഫ് അല്‍താനിയെ നിയോഗിച്ചതിലുള്ള സന്തോഷവും അമീര്‍ പങ്കുവെച്ചു. അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഐക്യരാഷ്ട്രസഭ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്, മാത്രമല്ല കഴിഞ്ഞ ദശകങ്ങളില്‍ മാനവികതയുടെ പുരോഗതിക്കായി നിരവധി സംഭാവനകള്‍ നല്‍കുകയും ചെയ്തു. ദശലക്ഷക്കണക്കിന് ആളുകളെ രക്ഷിക്കാനും അവരുടെ ജീവിതം മികച്ച രീതിയില്‍ മാറ്റാനും കഴിഞ്ഞു.
എങ്കിലും യുഎന്നിന്റെ തത്വങ്ങള്‍ അതിന്റെ അംഗ രാജ്യങ്ങള്‍ പ്രായോഗികമാക്കാനുള്ള സംവിധാനങ്ങള്‍ കണ്ടെത്തുന്നതില്‍ കുറവുണ്ടാകുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ രൂപീകരണം രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭീകരതയ്ക്ക് ശേഷം മനുഷ്യവര്‍ഗത്തിന് വലിയ പ്രതീക്ഷയാണ് നല്‍കിയത്.