
ദോഹ: ഖത്തറില്‍ നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) ബാധിതരുടെ എണ്ണം 439 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം പുതിയതായി 38 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു.ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ബഹുഭൂരിപക്ഷവും ക്വാറന്റൈനിലായിരുന്ന പ്രവാസി തൊഴിലാളികളാണ്. അടുത്തിടെ യുകെ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയ മൂന്നു ഖത്തരി പൗരന്‍മാരിലും രോഗം സ്ഥിരീകരിച്ചു. രോഗബാധിതരെ പൂര്‍ണമായ സാനിറ്ററി ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. അവരുടെയെല്ലാം ആരോഗ്യാവസ്ഥ സുസ്ഥിരമാണ്. ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കിയിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളുമായി സമ്പര്‍ക്കംപുലര്‍ത്തിയ എല്ലാവര്‍ക്കുമായി ആവശ്യമായ പരിശോധനകള്‍ പൊതുജനാരോഗ്യമന്ത്രാലയം നടത്തുന്നുണ്ട്. ഇതുവരെയായി 8375 പേരെയാണ് കോവിഡ് പരിശോധനക്കായി വിധേയരാക്കിയത്. ചികിത്സയിലുണ്ടായിരുന്നവരില്‍ നാലു പേര്‍ രോഗമുക്തരായിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച എല്ലാവര്‍ക്കും പൂര്‍ണമായ ഐസൊലേഷനില്‍(ഏകാന്തവാസം) അനുയോജ്യമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്. മാര്‍ച്ച് എട്ടിനാണ് മൂന്നു പ്രവാസികളില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിക്കുന്നത്. തൊട്ടടുത്ത ദിവസം മൂന്നു പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തി. ഈ ആറുപേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേരില്‍ പിന്നീട് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ആദ്യം കോവിഡ് സ്ഥിരീകരിച്ച പ്രവാസികളുമായി ഒരേ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ വാസസ്ഥലം പങ്കിട്ട 238 പ്രവാസികളില്‍ മാര്‍ച്ച് പതിനൊന്നിന് രോഗം കണ്ടെത്തി. തുടര്‍ന്ന് 13ന് 58 പേരിലും 14ന് 17 പേരിലും 15ന് 64പേരിലും കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു.നേരത്തെ ഇറാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഖത്തറിലെത്തിച്ച ഖത്തരി സ്വദേശികള്‍ ഉള്‍പ്പടെ പന്ത്രണ്ട് പേരിലും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതുവരെയും വൈറസ് മൂലം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതീവ ഗുരുതരാവസ്ഥയിലുള്ള കേസുകളുമില്ല. കോവിഡിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍അറിയുന്നതിനും മനസിലാക്കുന്നതിനും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 16000 എന്ന ടോള്‍ഫ്രീ നമ്പരിലും ബന്ധപ്പെടാം.