ദോഹ: കോവിഡ് അണുബാധയുടെ രണ്ടാം തരംഗം ഒഴിവാക്കാന്‍ ഖത്തറിലെ എല്ലാവരും ജാഗ്രതയോടെയും കാര്യക്ഷമമായും ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കണമെന്നും എല്ലാ മുന്‍കരുതലുകളും പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
കഴിഞ്ഞകുറേ ദിവസങ്ങളായി രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നുണ്ട്. ജനങ്ങള്‍ പ്രതിരോധ നടപടികള്‍ പാലിക്കേണ്ടത് മുന്‍കാലങ്ങളെക്കാളും പ്രധാനമാണ്. വീടിനു പുറത്തുപോകുമ്പോള്‍ മാസ്ക്ക് നിര്‍ബന്ധമായും ധരിക്കണം.
മറ്റുള്ളവരുമായി കുറഞ്ഞത് 1.5 മീറ്റര്‍ അകലം പാലിക്കണം. തിരക്കേറിയ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. അടച്ചിട്ട സ്ഥലങ്ങളില്‍ സമയം ചെലവഴിക്കുന്നത് കുറക്കണം. പതിവായി കൈകള്‍ കഴുകണം മന്ത്രാലയം ഓര്‍മ്മപ്പെടുത്തി. ഡിസംബര്‍ പകുതി മുതല്‍ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെയും ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നു.
ഇക്കാര്യം നേരത്തേയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ധരിക്കാത്തതിനെത്തുടര്‍ന്ന് 166പേര്‍ക്കെതിരെ കൂടി ആഭ്യന്തരമന്ത്രാലയം നടപടിയെടുത്തു. ഇതോടെ നടപടിക്ക് വിധേയരായവരുടെ എണ്ണം 7948 ആയി.