
ദോഹ: പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കായി കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡെലിവറി കമ്പനികള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം നിര്‍ദേശം നല്‍കി. കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിര്‍ദേശം. നിരവധിപേര്‍ ഗ്രോസറികളും ഭക്ഷ്യവസ്തുക്കളും വാങ്ങുന്നതിനായി ഓണ്‍ലൈന്‍ ഡെലിവറിയെയാണ് ആശ്രയിക്കുന്നത്. വിവിധ ഡെലിവറി കമ്പനികള്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു. ഡെലിവറി ജീവനക്കാരുടെ ശരീര താപനില ദിനേന രണ്ടുതവണ പരിശോധിക്കണം. മാസ്‌ക്കുകളും മെഡിക്കല്‍ കയ്യുറകളും ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആരോഗ്യ സുരക്ഷാ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ പ്രതിബദ്ധത പുലര്‍ത്തണം. ഓര്‍ഡറില്‍ ഡെലിവറി ജീവനക്കാരന്റെ പൂര്‍ണമായ പേര് രേഖപ്പെടുത്തണം. ഡെലിവറിക്കായി ഉപയോഗിക്കുന്ന വാഹനം അണുവിമുക്തമാക്കിയിരിക്കണം. നല്‍കുന്നതിനു മുമ്പ് ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ബാഗുകളിലേക്ക് ഓര്‍ഡറുകള്‍ മാറ്റണം എന്നിവയുള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.