in ,

കോവിഡ് ബൂസ്റ്റര്‍ ഡോസ്; പ്രതിരോധ ശേഷിയില്ലാത്തവര്‍ വൈകാതെ സ്വീകരിക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം

  • ബൂസ്റ്റര്‍ ഡോസുകള്‍ സുരക്ഷിതമെന്ന് തെളിഞ്ഞു
  • പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞആളുകള്‍ക്ക് മാത്രം

ദോഹ: കോവിഡിനെതിരെ ഉയര്‍ന്ന തോതിലുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് എന്നും പ്രതിരോധ ശേഷിയില്ലാത്തവര്‍ വൈകിപ്പിക്കാതെ ഇത് സ്വീകരിക്കണമെന്നും ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.  വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായ വ്യക്തികള്‍ അവരുടെ വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റ് വൈകിപ്പിക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വകുപ്പു മേധാവി ഡോ. സോഹ അല്‍ബയാത് അറിയിച്ചു.

2021 സെപ്റ്റംബര്‍ 15 മുതലാണ് ഖത്തര്‍ പ്രൈമറി ഹെല്‍ത് കോര്‍പ്പറേഷന്‍ വഴി ഫൈസര്‍, മോഡേണ കോവിഡ് 19 വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്തു തുടങ്ങിയത്. എട്ട് മാസങ്ങള്‍ക്ക് മുമ്പ്  വാക്‌സിന്‍ രണ്ടാം ഡോസ് ലഭിച്ചവര്‍ക്കാണ് ഇത് ലഭിക്കുക. ആരോഗ്യകരമായി കോവിഡ് വന്നാല്‍ അപകടസാധ്യതയുള്ള വ്യക്തികള്‍ക്കാണ് ഇത് നല്‍കുക. യോഗ്യതാ മാനദണ്ഡങ്ങളില്‍ 50 വയസ്സിന് മുകളിലുള്ള ആളുകളെ കൂടുതലായി പരിഗണിക്കും.  രോഗപ്രതിരോധ ശേഷി ഇല്ലാത്തവര്‍  കൂഅവരുടെ പ്രായം കണക്കിലെടുക്കാതെ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും സോഹ അല്‍ബയാത്ത് വിശദീകരിച്ചു.

ആരോഗ്യരംഗത്തെ ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം  മിക്ക ആളുകള്‍ക്കും പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യ രണ്ട് ഡോസുകളില്‍ നിന്ന് ലഭിക്കുന്ന പ്രതിരോധശേഷി ക്രമേണ കുറയാന്‍ തുടങ്ങും. നിലവില്‍ ഒരു ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ള എല്ലാവരും കടുത്ത കോവിഡ് വരാനുള്ള സാധ്യത കൂടുതലുള്ളവരാണ്. അത് അവരുടെ പ്രായമോ ആരോഗ്യസ്ഥിതിയോ മൂലമുള്ള അണുബാധയാവാനാണ് സാധ്യത. ഈ കാരണങ്ങള്‍കൊണ്ടു തന്നെ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന്  ക്ഷണിക്കുമ്പോള്‍ അവരുടെ ബൂസ്റ്റര്‍ ഡോസ് അപ്പോയിന്റ്‌മെന്റിനായി മുന്നോട്ട് വരേണ്ടത് അത്യാവശ്യമാണെന്നും ഡോ. സോഹ എടുത്തുപറഞ്ഞു.

ഖത്തറിലെ നിലവിലെ കോവിഡ് നില വളരെ പ്രതീക്ഷ നല്‍കുന്നതാണ്.  ഉയര്‍ന്ന തോതിലുള്ള പ്രതിരോധ കുത്തിവെപ്പാണ് ഖത്തറില്‍ നടന്നത്. കൂടാതെ കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ പരമാവധി ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു. ഇത് തുടരണം. സഹകരണത്തിന് ഏവര്‍ക്കും നന്ദി.  ദിവസേനയുള്ള കോവിഡ് 19 കേസുകളുടെ എണ്ണം സമീപ ആഴ്ചകളില്‍ കുറവാണ്. എന്നാലും നാം ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും ഡോ. അല്‍ബയാത് കൂട്ടിച്ചേര്‍ത്തു.
അതേസമയം വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സുരക്ഷിതമാണെന്ന് ആരോഗ്യ രംഗത്ത് തെളിഞ്ഞിട്ടുണ്ടെന്നും അവ കാര്യമായ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നില്ലെന്നും ഫാമിലി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും പിഎച്ച്‌സിസിയിലെ ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. സംയ അല്‍ അബ്ദുള്ള വിശദീകരിച്ചു. ഖത്തറില്‍ 4.7 ദശലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതിനുശേഷം വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമാണ് പാര്‍ശ്വഫലമുണ്ടായത്. കുറഞ്ഞ ഗ്രേഡ് പനി, നേരിയ തലവേദന, ക്ഷീണം, ശരീര വേദന എന്നിവയുള്‍പ്പെടെയുള്ള വളരെ മിതമായ പാര്‍ശ്വഫലങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയപ്പെട്ടിട്ടുള്ളൂവെന്നും അവര്‍ പറഞ്ഞു.

What do you think?

-2 Points
Upvote Downvote

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിലെ ഫ്രഞ്ച് ബീച്ചില്‍ 2 വിദ്യാര്‍ത്ഥികളുള്‍പ്പെടെ മൂന്നു ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു

ഖത്തര്‍ പെട്രോളിയം ഇനിയില്ല; പുതു ഊര്‍ജ്ജമായി ഖത്തര്‍ എനര്‍ജി