
ദോഹ: കോവിഡ് രോഗലക്ഷണങ്ങളുള്ളവരുടെ രോഗപരിശോധനക്കായി സജ്ജമാക്കിയിരിക്കുന്ന ഹെല്‍ത്ത് സെന്ററുകളില്‍ അത്യാധുനിക സൗകര്യങ്ങള്‍. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള മൈദര്‍, റൗദത്ത് അല്‍ഖൈല്‍, ഉംസലാല്‍, അല്‍ഗറാഫ ഹെല്‍ത്ത് സെന്ററുകളാണ് പ്രധാന കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍. കോവിഡ് രോഗലക്ഷണങ്ങളുണ്ടായാല്‍ വേഗംതന്നെ ഈ നാലുകേന്ദ്രങ്ങളിലൊന്നില്‍ പോകണം. അതല്ലെങ്കില്‍ ഹോട്ട്‌ലൈന്‍ നമ്പരായ 16000ല്‍ ബന്ധപ്പെടണം.
നേരത്തെ രോഗം കണ്ടെത്തുന്നതില്‍ ഇത് സുപ്രധാനമാണ്. നേരത്തെ രോഗം സ്ഥിരീകരിച്ചാല്‍ ശരിയായ ചികിത്സ നേടാനും വേഗത്തില്‍ രോഗമുക്തി നേടാനും സാധിക്കും. രോഗലക്ഷണങ്ങളുള്ള ആര്‍ക്കും ഈ കേന്ദ്രങ്ങളിലൊന്നില്‍ നേരിട്ടെത്തി പരിശോധനക്ക് വിധേയരാകാം. കോവിഡ് പരിശോധന, ചെക്കപ്പ്, മറ്റു അനുബന്ധ സേവനങ്ങള്‍ എന്നിവയാണ് ഈ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുക. നാലു കേന്ദ്രങ്ങളിലുമായി ഇതിനോടകം 14,500ലധികം പരിശോധനകള്‍ നടത്തിക്കഴിഞ്ഞു.
കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഉയര്‍ന്ന യോഗ്യതയുള്ളതും പരിശീലനം ലഭിച്ചതുമായ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ആവശ്യമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിഎച്ച്‌സിസിയുടെ ലബൈബ് ഹെല്‍ത്ത്‌സെന്ററിലെ ഫാമിലി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മുഹമ്മദ് അല്‍ഉതൈബി ഖത്തര്‍ ടിവിയോടു സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
കോവിഡ് ഒഴികെയുള്ള ആരോഗ്യസേവനങ്ങള്‍ക്കായി പിഎച്ച്‌സിസിയുടെ മറ്റു ആരോഗ്യകേന്ദ്രങ്ങളിലേക്ക് പോകാം. നാലു കോവിഡ് പരിശോധനാ കേന്ദ്രങ്ങളിലെയും ജീവനക്കാര്‍ക്ക് ആവശ്യമായ സംരക്ഷണ ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അവ എങ്ങനെ ശരിയായി ഉപയോഗിക്കാമെന്ന് അവര്‍ക്കറിയാം.
കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ക്കും ഡാറ്റക്കും അനുസൃതമായി നിരന്തരമായി പരിശീലനവും നല്‍കുന്നുണ്ട്. ഈ കേന്ദ്രങ്ങളില്‍ ഓരോ കേസും സ്വീകരിക്കുമ്പോള്‍ പ്രാഥമിക പരിശോധനകള്‍ നടത്തുകയും തുടര്‍ന്ന് വ്യക്തിയെ വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇതിന് അനുയോജ്യമായ സ്ഥലം അവര്‍ക്കില്ലെങ്കില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ അത്തരം ആവശ്യങ്ങള്‍ക്കായി കൃത്യമായി തയ്യാറാക്കിയ മുറികളുണ്ട്.
കോവിഡ് സ്ഥിരീകരിക്കുമ്പോള്‍, കൂടുതല്‍ പരിശോധനകള്‍ നടത്തുകയും രോഗിയെ നിയുക്ത ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആസ്പത്രിയിലേക്ക് റഫര്‍ ചെയ്യുന്നതുവരെ ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്യുന്നു.