
ദോഹ: കോവിഡ് കുട്ടികളില്‍ ഗുരുതരമാകാന്‍ സാധ്യത കുറവാണെന്ന് വിദഗ്ദ്ധര്‍. രോഗം സങ്കീര്‍ണമാകാന്‍ സാധ്യത കുറവാണെങ്കിലും മറ്റുള്ളവരിലേക്ക് പകരുന്നതിന് കാരണമായേക്കും. കൊറോണ വൈറസ് ബാധിച്ച കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണമാണ് ഖത്തറില്‍ ലഭ്യമാക്കുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ(എച്ച്എംസി) കീഴിലുള്ള അല്‍സദ്ദ് ചില്‍ഡ്രന്‍സ് എമര്‍ജന്‍സി സെന്ററിലാണ് കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നത്.
കുട്ടികള്‍ക്കുള്ള കോവിഡ് ചികിത്സാകേന്ദ്രമായി ഈ സെന്ററിനെ ഉയര്‍ത്തിയിട്ടുണ്ട്. ഖത്തറിലെയും ലോകത്തിലെയും യാഥാര്‍ഥ്യം അനുസരിച്ച് എല്ലാ പ്രായത്തിലുമുള്ളവരിലും കോവിഡ് പിടിപെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതുവരെയുള്ള തെളിവുകള്‍ കാണിക്കുന്നത് കോവിഡ് ബാധിതരാകുന്ന വളരെ കുറച്ചു കുട്ടികള്‍ക്ക് കടുത്ത ലക്ഷണങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണെന്ന് പീഡിയാട്രിക്‌സ് ആക്ടിങ് ഹെഡും കുട്ടികളുടെ അത്യാഹിത കേന്ദ്രങ്ങളുടെ ഡയറക്ടറുമായ ഡോ. മുഹമ്മദ് അല്‍അംരി പറഞ്ഞു.
കൂടുതല്‍ പേര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയോ നേരിയതോ മിതമായതോ ആയ ലക്ഷണങ്ങളോ ആയിരിക്കും ഉണ്ടാകുക. ഇത് പ്രോത്സാഹജനകമാണ്. എന്നാല്‍ കുട്ടികള്‍ വൈറസിനെ പ്രതിരോധിക്കുമെന്നല്ല ഇതിനര്‍ഥം. കോവിഡ് സ്ഥിരീകരിച്ച് അല്‍സദ്ദ് എമര്‍ജന്‍സി സെന്ററില്‍ പ്രവേശിപ്പി്ച്ചിരിക്കുന്ന നിരവധി കുട്ടികള്‍ക്ക് മിതമായതു മുതല്‍ കഠിനമായ ലക്ഷണങ്ങളുണ്ടെന്ന് ഡോ. മുഹമ്മദ് അല്‍അംരി പറഞ്ഞു. കുട്ടികളായ കോവിഡ് രോഗികള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ആരോഗ്യ പരിരക്ഷാമേഖലയുടെ സമഗ്ര പദ്ധതിയുടെ ഭാഗമായാണ് അല്‍സദ്ദ് ചില്‍ഡ്രന്‍സ് എമര്‍ജന്‍സി സെന്ററിനെ കുട്ടികള്‍ക്കുള്ള കോവിഡ് ചികിത്സാ കേന്ദ്രമായി ഉയര്‍ത്തിയത്. അത്യാധുനിക ചികിത്സാ സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളുമാണ് അല്‍സദ്ദ് സെന്ററിലുള്ളത്. ഖത്തറിലെ രോഗികളുടെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ കോവിഡ് ബാധിതരില്‍ 60ശതമാനത്തിലധികം പേരും 25നും 44വയസിനുമിടയില്‍ പ്രായമുള്ളവരാണ്. രോഗികളില്‍ മൂന്നു മുതല്‍ നാലു ശതമാനംവരെ പേര്‍ പതിനാല് വയസില്‍ താഴെയുള്ളവരാണ്. കോവിഡ് ബാധിക്കാതിരിക്കാന്‍ കുട്ടികള്‍ മുന്‍കരുതലുകളെടുക്കേണ്ടത് സുപ്രധാനമാണ്.
പതിവായി കൈ കഴുകല്‍, കണ്ണും മൂക്കും വായും സ്പര്‍ശിക്കാതിരിക്കല്‍, ശാരീരിക അകലം പാലിക്കല്‍ തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വൈറസില്‍ നിന്ന് കടുത്ത ലക്ഷണങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും എല്ലാവരേയും പോലെ അവര്‍ക്ക് മറ്റ് കുടുംബാംഗങ്ങളിലേക്ക് വൈറസ് പകരാന്‍ കഴിയുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കുട്ടികള്‍ക്ക് കോവിഡ് വൈറസ് കാരിയറുകളാകാന്‍ കഴിയും.
കോവിഡ് രോഗം ബാധിച്ച പല കുട്ടികളിലും ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ലെങ്കിലും ആരോഗ്യവാനാണെന്ന് തോന്നിയാലും മറ്റുള്ളവരിലേക്ക് പകരുന്നത് ഒഴിവാക്കാന്‍ കഴിയുന്നത്ര വീടുകളില്‍ തന്നെ തുടരണം.