Saturday, August 15ESTD 1934

അല്‍സദ്ദ് പരിശീലകന്‍ സാവി ഹെര്‍ണാണ്ടസിന് കോവിഡ് സ്ഥിരീകരിച്ചു

ദോഹ: വിഖ്യാത സ്പാനിഷ് ഫുട്‌ബോള്‍ താരവും ഖത്തറിലെ മുന്‍നിര ഫുട്‌ബോള്‍ക്ലബ്ബ് അല്‍സദ്ദിന്റെ പരിശീലകനുമായ സാവി ഹെര്‍ണാണ്ടസിന് കോവിഡ്-19 സ്ഥിരീകരിച്ചു.താന്‍ രോഗബാധിതനാണെന്ന കാര്യം സാവി തന്നെയാണ് തന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. രോഗലക്ഷണങ്ങളൊന്നുമില്ലെന്നും താന്‍ ക്വാറന്റൈനിലാണെന്നും സാവി വ്യക്തമാക്കി. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സരങ്ങള്‍ കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. ലീഗിന്റെ 18-ാം റൗണ്ടില്‍ ഇന്ന് സദ്ദ് അല്‍ഖോറിനെ നേരിടുമ്പോള്‍ പരിശീലകസ്ഥാനത്ത് സാവിയുണ്ടായിരിക്കില്ല. പകരം അസിസ്റ്റന്റ് പരിശീലകന്‍ ഡേവിഡ് പ്രാട്ടായിരിക്കും ടീമിന്റെ ടെക്‌നിക്കല്‍ സംഘത്തിന് നേതൃത്വം നല്‍കുക. കോവിഡ്-19 സ്ഥിരീകരിച്ച വിവരം സാവി ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. രോഗം വേഗം സുഖപ്പെടട്ടെയെന്ന് നിരവധിപേര്‍ ആശംസിച്ചു. ഇന്നത്തെ മത്സരത്തില്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് സാവി വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെ അല്‍സദ്ദ് ക്ലബ്ബിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇക്കാര്യം സ്ഥിരീകരിച്ചു. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി താരങ്ങളും ടീം ഒഫീഷ്യല്‍സും കോവിഡ് പരിശോധനക്ക് വിധേയരായിരുന്നു. ഈ പരിശോധനയിലാണ് സാവിക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചെങ്കിലും പൂര്‍ണമായും ആരോഗ്യവാനാണെന്നും അതേസമയം പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ ഐസലേഷനില്‍ കഴിയുകയാണെന്നും സാവി പ്രതികരിച്ചു. ഇന്നു വൈകുന്നേരം ഏഴിന് അല്‍സദ്ദ് സ്റ്റേഡിയത്തിലാണ് അല്‍സദ്ദും അല്‍ഖോറും തമ്മിലുള്ള മത്സരം. 17 മത്സരങ്ങളില്‍ നിന്നും 32 പോയിന്റുമായി നിലവില്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ് അല്‍സദ്ദ്.

error: Content is protected !!