
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ രാജ്യത്തെ പക്ഷി മൃഗാദികളുടെ ആവാസ വ്യവസ്ഥക്ക് ഗുണകരമാകുന്നതായി റിപ്പോര്‍ട്ട്.
ലോക്ഡൗണുകളും നിയന്ത്രണങ്ങളും ആഗോളതലത്തില്‍തന്നെ പ്രകൃതി സമ്പത്തിന് വലിയതോതില്‍ പ്രയോജനം ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഖത്തറിന്റെ പ്രകൃതിയുടെ അഭിവൃദ്ധിക്ക് കാരണമായതായി അല്‍ജസീറയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വൈറസ് പടരാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ ഖത്തറില്‍ കടലാമകള്‍, തിമിംഗല സ്രാവുകള്‍ മുതല്‍ നൂറുകണക്കിന് ഇനം പക്ഷികള്‍ വരെ വന്യജീവികളും പക്ഷിവര്‍ഗങ്ങളും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. ഓരോ സൂര്യാസ്തമയത്തിലും ആയിരക്കണക്കിന് നീര്‍കാക്കകളും കടല്‍പക്ഷികളും ഖത്തറിന്റെ വടക്കന്‍തീരത്ത് ചെറിയ ദ്വീപിലേക്ക് പറന്നിറങ്ങുന്നുണ്ട്.
എല്ലായിടത്തും വ്യക്തമായ ആകാശം കാണാനാകുമെന്ന്് ഖത്തരി സമുദ്ര പരിസ്ഥിതി ഗവേഷകന്‍ മെഹ്‌സിന്‍ അലിയാഫി അല്‍ജസീറയോടു വിശദീകരിച്ചു. ഖത്തറിന്റെ സമുദ്രത്തില്‍ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കുമെല്ലാം നിയന്ത്രണങ്ങളുള്ളതിനാല്‍ വെള്ളത്തില്‍ ചലനങ്ങളൊന്നുമില്ല. ഇത് കടല്‍ജീവികള്‍ക്ക് ഗുണകരമാകുന്നുണ്ട്.
വെള്ളം കൂടുതല്‍ വ്യക്തമായും തെളിഞ്ഞും കാണുന്നുണ്ട്. കൂടുതല്‍ മത്സ്യങ്ങള്‍ ഈ പ്രദേശത്തോടു അടുക്കുന്നു. മനുഷ്യര്‍ ഉള്ളിടത്ത് ദുരന്തമുണ്ടെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നതെന്ന് മെഹ്‌സിന്‍ അലിയാഫി പറഞ്ഞു. കടലാമകളെ വിരിയിക്കുന്നതിനമുള്ള സീസണ്‍ ആരംഭിക്കാനിരിക്കെ അതോറിറ്റികള്‍ ചില പ്രദേശങ്ങളെ സംരക്ഷിത മേഖലയായി നിശ്ചയിച്ചിട്ടുണ്ട്. വന്യജീവികളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ഇപ്പോള്‍ നല്ലതുപോലെ അറിയാം. അതിനാല്‍ ഫലം വളരെ വലുതാണ്. പക്ഷികളുടെയും ആമകളുടെയും എണ്ണം വര്‍ദ്ധിച്ചു- ഖത്തര്‍ പരിസ്ഥിതി മന്ത്രാലയത്തിലെ അഹമ്മദ് അലി അല്‍കുവൈര്‍ പറഞ്ഞു.