ജൂണ്‍ പതിനഞ്ചിന് പരിമിതമായ എണ്ണം പള്ളികള്‍ തുറക്കും

ദോഹ: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നാലു ഘട്ടങ്ങളായി നീക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ട് ഘട്ടങ്ങളായാണ് നിയന്ത്രണങ്ങള്‍ നീക്കുകയെന്ന് അസിസ്റ്റന്റ് വിദേശകാര്യമന്ത്രിയും ദുരന്തനിവാരണ സുപ്രീംകമ്മിറ്റി വക്താവുമായ ലുലുവ ബിന്‍ത് റാഷിദ് അല്‍ഖാതിര്‍ പറഞ്ഞു. ജീവല്‍ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നിര്‍ത്തിവെക്കാന്‍ കഴിയില്ല. കോവിഡ് മൂലമുള്ള മരണങ്ങള്‍ ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് അല്‍ഖാതിര്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ക്രമേണ എടുത്തുകളയേണ്ടത് അത്യാവശ്യമാണ്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ടായിരിക്കും നിയന്ത്രണങ്ങള്‍ നീക്കുന്നത്.
പ്രതികൂലമായി ബാധിച്ചാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും

നിയന്ത്രണങ്ങള്‍ നീക്കുന്നത് പ്രതികൂലമായി ബാധിക്കപ്പെടുകയോ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്താനോ തീരുമാനങ്ങള്‍ വൈകിപ്പിക്കാനോ സാധിക്കും. ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിനുള്ള സമയം വന്നിരിക്കുന്നു. ജൂണ്‍ പതിനഞ്ചിന് ചില പള്ളികള്‍ തുറക്കുന്നതോടെ നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള നടപടികള്‍ തുടങ്ങും. രണ്ടാം ഘട്ടം ജൂലൈ ഒന്നിനും മൂന്നാമത്തേത് ഓഗസ്റ്റ് ഒന്നിനും അവസാന ഘട്ടം സെപ്തംബര്‍ ഒന്നിനും തുടങ്ങും.
പരിമിതമായ എണ്ണം പള്ളികള്‍ തുറക്കും
ആദ്യഘട്ടത്തില്‍ മുന്‍കരുതല്‍ നടപടികളോടെ പരിമിതമായ എണ്ണം പള്ളികള്‍ തുറക്കും. എന്നാല്‍ ആ ഘട്ടത്തില്‍ പള്ളികളില്‍ വെള്ളിയാഴ്ച നമസ്‌കാരമുണ്ടായിരിക്കില്ല. വിട്ടുമാറാത്ത രോഗങ്ങളുള്ളവരും പ്രായമേറിയവരും പള്ളികളിലെത്തുന്നത് ഒഴിവാക്കണം. 20 ശതമാനം ജീവനക്കാര്‍ ജോലികള്‍ നിര്‍വഹിക്കും. ആദ്യ ഘട്ടത്തില്‍ ഷോപ്പിങ് സെന്ററുകളിലെ ചില സ്റ്റോറുകള്‍ ഭാഗികമായി തുറക്കും. ഷോപ്പിന്റെ വിസ്തീര്‍ണം 300 ചതുരശ്രമീറ്ററില്‍ കുറയാന്‍ പാടില്ല. ഷോപ്പുകളുടെ ശേഷി 30ശതമാനത്തില്‍ കൂടാനും പാടില്ല. ആരോഗ്യ കേന്ദ്രങ്ങളില്‍ 40 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം. അടിയന്തര സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കാം.
തുറസ്സായ സ്ഥലങ്ങളില്‍ കായികപരിശീലനം
പരിമിതമായ തോതില്‍ വ്യായാമത്തിന് പാര്‍ക്കുകള്‍ തുറക്കും. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അനുമതിയില്ല. തുറസ്സായ സ്ഥലങ്ങളില്‍ കായികപരിശീലനം അനുവദിക്കും. അഞ്ചില്‍ കുറയാത്ത പ്രൊഫഷണല്‍ താരങ്ങള്‍ക്ക് വലിയ ഹാളുകളില്‍ പരിശീലനം നടത്താം.
രണ്ടാം ഘട്ടത്തില്‍ ഷോപ്പിങ് സെന്ററുകള്‍ നിര്‍ദ്ദിഷ്ട മണിക്കൂറുകളില്‍ തുറന്നുപ്രവര്‍ത്തിക്കും. പരിമിത ശേഷിയില്‍, നിശ്ചിത മണിക്കൂറുകളില്‍ മാര്‍ക്കറ്റുകളും മൊത്ത വിപണികളും പ്രവര്‍ത്തിക്കും. റസ്റ്റോറന്റുകളും പരിമിതമായി തുറക്കും. മ്യൂസിയങ്ങളും ലൈബ്രറികളും തുറക്കും. എല്ലാ സുരക്ഷയും പാലിച്ച് 50% ജീവനക്കാര്‍ അവരുടെ ജോലിസ്ഥലത്തേക്ക് മടങ്ങും.
ഓഗസ്റ്റില്‍ ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കും
ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ അനുവദിക്കും. 50ശതമാനത്തില്‍ കൂടുതല്‍ ഉപഭോക്താക്കളെ അനുവദിക്കരുത്. സെപ്തംബറില്‍ ആരംഭിക്കുന്ന നാലാംഘട്ടത്തില്‍ ശേഷി 100 ശതമാനമായി ഉയര്‍ത്താന്‍ കഴിയും. ഷോപ്പിങ് മാളുകളും മൂന്നാംഘട്ടത്തില്‍ പൂര്‍ണമായും തുറക്കും. മൊത്തവ്യാപാര മാര്‍ക്കറ്റുകള്‍ നിര്‍ദ്ദിഷ്ട മണിക്കൂറുകളില്‍ തുറക്കും. ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, ബ്യൂട്ടി സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ 50 ശതമാനം ശേഷിയോടെ തുറക്കും. ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ റസ്റ്റോറന്റുകളെ അനുവദിക്കും. മൂന്നാംഘട്ടത്തില്‍ അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ അനുവദിക്കും. റെസിഡന്‍സി കാര്‍ഡ് ഉടമകള്‍ ഉള്‍പ്പടെ മുന്‍ഗണന യാത്രക്കാര്‍ക്കായിരിക്കും അനുമതി. ഡ്രൈവിങ് സ്‌കൂളുകളും വീണ്ടും തുറക്കും. നഴ്‌സറികളും തുറക്കും. മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്തംബറില്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കാനാകും. 80 ശതമാനം ജീവനക്കാര്‍ ഈ ഘട്ടത്തില്‍ ജോലി സ്ഥലത്തേക്ക് മടങ്ങിയെത്തണം.
നാലാംഘട്ടത്തില്‍ നൂറു ശതമാനം ജീവനക്കാര്‍; വിവാഹ പാര്‍ട്ടികള്‍
നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാംഘട്ടത്തില്‍ വിവാഹ പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ള എല്ലാ ഒത്തുചേരലുകളും അനുവദിക്കും. മറ്റു പള്ളികളും തുറക്കും. വെള്ളിയാഴ്ച നമസ്‌കാരവും അനുവദിക്കും. എക്‌സിബിഷനുകള്‍, സമ്മേളനങ്ങള്‍, വിനോദപരമായ ഒത്തുചേരലുകള്‍, തീയറ്ററുകള്‍, സിനിമകള്‍ എന്നിവയെല്ലാം അനുവദിക്കും. പൊതു, മൊത്ത വിപണികള്‍ പൂര്‍ണമായും തുറക്കും. റസ്‌റ്റോറന്റുകള്‍ ക്രമേണ തുറക്കും. മ്യൂസിയങ്ങള്‍, ലൈബ്രറികള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബ്യൂട്ടി സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വിമാനയാത്രാ സര്‍വീസുകളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം വിനോദയാത്ര ബോട്ട് യാത്രകളും അനുവദിക്കും. ദോഹ മെട്രോ, ബസ് സര്‍വീസ് ഉള്‍പ്പടെ പൊതുഗതാഗത സേവനങ്ങളും പരിമിതമായി തുറക്കും. 100 ശതമാനം ജീവനക്കാര്‍ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങിയെത്തണം. സ്വകാര്യ ആരോഗ്യ ക്ലിനിക്കുകള്‍ക്ക് 100 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം.
നിയന്ത്രണം നീക്കുന്നതിലൂടെ ചിലപ്പോള്‍ രോഗം കൂടാം; ഓരോ വ്യക്തിയും ശ്രദ്ധിക്കണം

നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കിയേക്കാം. അതിനാല്‍ ഓരോ വ്യക്തിയും സ്വയം നിരീക്ഷിക്കണം. ഒന്നും രണ്ടും ഘട്ടങ്ങളില്‍ പ്രായമേറിയവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും കുട്ടികളും രാജ്യം വിട്ടുപോകാതിരിക്കുക. അടിയന്തിര സന്ദര്‍ഭങ്ങളില്‍ മാത്രം ഖത്തറിലുള്ളവര്‍ക്ക് വിദേശയാത്ര അനുവദിക്കും. ഒരാള്‍ ഖത്തറിനു പുറത്ത് യാത്ര ചെയ്യുകയാണെങ്കില്‍ മടങ്ങിയെത്തുമ്പോള്‍ ഹോട്ടലുകള്‍ ഉള്‍പ്പടെ ആരോഗ്യ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലൊന്നില്‍ സ്വന്തം ചെലവില്‍ രണ്ടാ്‌ഴ്ച ക്വാറന്റൈന് വിധേയമാകണം. ഹോം ക്വാറന്റൈന്‍ അനുവദിക്കില്ല.