
ദോഹ: കൊറോണ വൈറസിനെ(കോവിഡ്-19) നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തര്‍ കോസ്റ്റാറിക്ക മെഡിക്കല്‍ സഹായം ലഭ്യമാക്കി. കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ മെഡിക്കല്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഏഴു കൃത്രിമ റെസ്പിറ്റേറ്ററുകളും നാലു ആധുനികഇലക്ട്രോകാര്‍ഡിയോഗ്രാം ഉപകരണങ്ങളുമാണ് ഖത്തര്‍ ലഭ്യമാക്കിയത്. രണ്ടരലക്ഷം ഡോളറാണ് ഇതിന്റെ ചെലവ്. സാന്‍ ജോസിലെ ഖത്തരി എംബസിയാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറിയത്.
ഖത്തറിന്റെ സഹായത്തിന് കോസ്റ്റാറിക്കന്‍ വിദേശകാര്യമന്ത്രി റൊഡോള്‍ഫോ സൊളാനോ ക്വിറോസ് നന്ദി അറിയിച്ചു. ഖത്തര്‍ അംബാസഡര്‍ ഡോ. ഖാമീസ് ബിന്‍ റാഷിദ് അല്‍കഅബിയുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് അദ്ദേഹം നന്ദി അറിയിച്ചത്. കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള ആരോഗ്യ പ്രതിസന്ധിയെ നേരിടാന്‍ സഹായിക്കണമെന്ന തന്റെ രാജ്യത്തിന്റെ അഭ്യര്‍ത്ഥനയോടുള്ള ഖത്തറിന്റെ ദ്രുതഗതിയിലുള്ള പിന്തുണയെയും പ്രതികരണത്തെയും വിദേശകാര്യമന്ത്രി പ്രശംസിച്ചു.