
ദോഹ: സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ കീഴിലുള്ള ലോകകപ്പ് പദ്ധതികളില്‍ ജോലി ചെയ്യുന്ന എട്ടുപേര്‍ക്കാണ് നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) സ്ഥിരീകരിച്ചത്. സുപ്രീംകമ്മിറ്റിയുടെ കരാര്‍ കമ്പനികളിലൊന്നിലെ രണ്ടു ജീവനക്കാര്‍ക്കും ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു തൊഴിലാളികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രസക്തമായ നടപടിക്രമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസൃതമായാണ് സ്ഥിരീകരിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നത്. രോഗബാധിതര്‍ക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണ് ലഭ്യമാക്കുന്നത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക മെഡിക്കല്‍ സൗകര്യത്തിലാണ് ഇവര്‍ക്ക് നിരന്തര ചികിത്സയും പരിചരണവും ലഭ്യമാക്കുന്നത്. ഓരോ കേസുകളുടെയും അവസ്ഥയെ അടിസ്ഥാനമാക്കി വ്യക്തിഗത ക്വാറന്റൈന് നിര്‍ണയിക്കുകയാണ് ചെയ്യുന്നത്.
കൂടാതെ, രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുടെ ആരോഗ്യനില സ്ഥിരമായി നിരീക്ഷിക്കുകയും മുന്‍കരുതല്‍ നടപടിയായി 14 ദിവസത്തേക്ക് അവരുടെ താമസ സൗകര്യങ്ങളില്‍ നിശ്ചിത സ്ഥലത്ത് ക്വാറന്റൈന് വിധേയരാക്കുകയും ചെയ്യുന്നു. ആ തൊഴിലാളികളുടെ വേതനം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ക്കനുസൃതമായി അവരുടെ ക്വാറന്റൈന് കാലയളിവും ലഭ്യമാക്കും. എല്ലാവര്ക്കും സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു.പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് കോവിഡ് -19ന്റെ തുടക്കം മുതല്‍ സുപ്രീംകമ്മിറ്റി എല്ലാ തൊഴിലാളികള്‍ക്കും വൈദ്യപരിശോധന നടത്തുന്നുണ്ട്.