in

കോവിഡ് പ്രതിരോധം: മെഡിക്കല്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തി ക്യുആര്‍സിഎസ്‌

സേവന സജ്ജമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെ ആംബുലന്‍സുകള്‍

ദോഹ: കൊറോണ വൈറസിനെ(കോവിഡ്-19) പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ പൊതുജനാരോഗ്യ മേഖലക്ക് പിന്തുണയും സഹായവുമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്). മെഡിക്കല്‍ അഫയേഴ്സ് ഡിവിഷന്റെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥയോട് പ്രതികരിക്കാനും കമ്മ്യൂണിറ്റി ആഘാതം നേരിടാനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കി. മെഡിക്കല്‍ പ്രൊഫഷണലുകളുടെ സേവനം ഉറപ്പാക്കിയതിനൊപ്പം സാങ്കേതിക വിഭവങ്ങളും സമാഹരിച്ച് കാര്യക്ഷമമായാണ് പ്രവര്‍ത്തനം.
ദുരന്തനിവാരണ സുപ്രീംകമ്മിറ്റിയുടെ കുടക്കീഴില്‍ ആരോഗ്യ അതോറിറ്റികളുമായും സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ക്യുആര്‍സിഎസ് പ്രവര്‍ത്തിക്കുന്നത്. സമയബന്ധിതമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഓണ്‍ലൈനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പൊതു അവബോധ സന്ദേശങ്ങള്‍ പോസ്റ്റു ചെയ്യുന്നതിനായി ക്യുആര്‍സിഎസ് ഓപ്പറേഷന്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. ഖത്തറിലെ പ്രധാന സമൂഹങ്ങളുടെ ഭാഷകളില്‍ വൈവിധ്യമാര്‍ന്ന ഓഡിയോ വിഷ്വല്‍ സന്ദേശങ്ങളും ക്യുആര്‍സിഎസും പോസ്റ്റ് ചെയ്യുന്നുണ്ട്. പ്രത്യേക ആവശ്യങ്ങളുള്ളവരെ ലക്ഷ്യമിട്ട് ആംഗ്യഭാഷയിലും നിരവധി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ക്യുആര്‍സിഎസിന്റെ നിയന്ത്രണത്തിലുള്ള നാലു വര്‍ക്കേഴ്‌സ് ഹെല്‍ത്ത് സെന്ററുകളിലായി ഇതുവരെ 57,700 സന്ദര്‍ശകര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. മീസൈമീര്‍, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഫരീജ് അബ്ദുല്‍അസീസ്, സെക്രീത് എന്നിവിടങ്ങളിലാണ് ഈ ഹെല്‍ത്ത്‌സെന്ററുകള്‍ സ്ഥിതി ചെയ്യുന്നത്. സാധാരണ ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നുണ്ട്. ജിപി, ഇഎന്‍ടി, കാര്‍ഡിയോളജി, ദന്തിസ്ട്രി, പള്‍മണോളജി, ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി, അടിയന്തരകേസുകള്‍, ലബോറട്ടറി, എക്‌സ്‌റേ, ഫാര്‍മസി തുടങ്ങിയ ക്ലിനിക്കുകള്‍ ഈ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. മുന്‍കരുതല്‍ നടപടിയായി, ഓരോ ആരോഗ്യ കേന്ദ്രത്തിന്റെയും പ്രവേശന കവാടത്തില്‍ സന്ദര്‍ശകരുടെ ശരീര താപനില പരിശോധിക്കുന്നതിനും സംശയാസ്പദമായ കേസുകള്‍ തിരിച്ചറിയുന്നതിനുമായി നഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്. സന്ദര്‍ശകരുടെ കാത്തിരിപ്പ് സ്ഥലങ്ങളില്‍ മെഡിക്കല്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുന്നുണ്ട്. കൂടാതെ ഇവിടെ സ്ഥാപിച്ചിട്ടുള്ള പൊതു സ്‌ക്രീനുകളില്‍ക്കൂടിയും സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്. നിലവില്‍ ക്യുആര്‍സിഎസില്‍ 623 മെഡിക്കല്‍ പ്രൊഫഷണലുകളാണ് ജോലി ചെയ്യുന്നത്. ഇതില്‍ ഫിസിഷ്യന്‍മാര്‍, നഴ്‌സുമാര്‍, സാങ്കേതികപ്രവര്‍ത്തകര്‍, പരിശീലകര്‍, ഹെല്‍ത്ത് എജ്യൂക്കേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടുന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം പകരം സംവിധാനമെന്ന നിലയില്‍ അടിയന്തര ആംബുലന്‍സ് സേവനവും ക്യുആര്‍സിഎസ് സജ്ജമാക്കിയിട്ടുണ്ട്. ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്‌കെയര്‍ പ്രാക്ടീഷണേഴ്‌സ്(ക്യുസിഎച്ച്പി) ലൈസന്‍സുള്ള മികച്ച പരിശീലനം സിദ്ധിച്ച പാരാമെഡിക്കുകള്‍ നടത്തുന്ന അന്‍പത് ആംബുലന്‍സ് വാഹനങ്ങളാണ് ക്യുആര്‍സിഎസിനുള്ളത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും സജ്ജീകരണങ്ങളും ഉയര്‍ന്ന ശുചിത്വവും ഉറപ്പാക്കുന്നതാണ് ഈ ആംബുലന്‍സുകള്‍. മുഖൈനിസിലെ രണ്ടു ക്വാറന്റൈന്‍ സൗകര്യങ്ങള്‍, ഹസം മുബൈരീഖ്, ഉംഖാന്‍ എന്നിവയുള്‍പ്പടെ 28 ക്വാറന്റൈന്‍ സൗകര്യങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സൗകര്യത്തോടെ ക്യുആര്‍സിഎസ് മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വര്‍ക്ക് അറ്റ് ഹോം: ലാപ്‌ടോപ്പുകളുടെ വില്‍പ്പനയില്‍ വര്‍ധന

മീസൈമിര്‍ ഇന്റര്‍ചേഞ്ചില്‍ പുതിയ പാലവും അടിപ്പാതയും തുറന്നു