in

കോവിഡ് അണുബാധ നിരക്ക് സ്ഥിരത കൈവരിക്കുന്നു: ഡോ.അല്‍ഖാല്‍

ദോഹ: ഖത്തറില്‍ അണുബാധ നിരക്ക് സ്ഥിരമായിക്കൊണ്ടിരിക്കുകയാണെന്നും ആസ്പത്രിയില്‍ പ്രവേശിപ്പിക്കേണ്ട കേസുകള്‍ കുറഞ്ഞതായും കോവിഡ് സംബന്ധിച്ച ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. അബ്ദുല്ലത്തീഫ് മുഹമ്മദ് അല്‍ഖാല്‍. കോവിഡ് കേസുകളില്‍ ദിവസേന കാര്യമായ വര്‍ദ്ധനവുണ്ടാകുന്നില്ല. പ്രതിവാര ശരാശരി സ്ഥിരതാഘട്ടത്തിലെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തര്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഖത്തറില്‍ കോവിഡ് വ്യാപിച്ചിട്ട് മൂന്നു മാസമായി.
വ്യാപനം കുറക്കുന്നതിലും വൈറസിന്റെ ആഘാതം 75ശതമാനം കുറക്കുന്നതിലും വിജയിച്ചു. പ്രതിരോധ ശ്രമങ്ങളും മുന്‍കരുതല്‍ നടപടികളും സമൂഹത്തിന്റെ അവബോധവും സഹകരണവുമെല്ലാം ഇക്കാര്യത്തില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ കേസുകളും ആസ്പത്രി പ്രവേശനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ സ്ഥിരതയിലേക്കെത്തിയിട്ടുണ്ട്. ഈ പ്രവണത തുടരുമോയെന്ന് അടുത്തയാഴ്ച അല്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ ഉറപ്പായും അറിയാനാകും. കോവിഡ് ബാധിച്ച് പത്തു ദിവസങ്ങള്‍ക്കകം ശ്വാസകോശ സ്രവങ്ങളില്‍ വൈറസ് നിര്‍ജീവമാകും. അതുകൊണ്ടുതന്നെ ആ ദിവസങ്ങള്‍ക്കുശേഷം പകരുകയില്ല. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പ്രോട്ടോക്കോള്‍ പ്രകാരം രോഗബാധിതരായ നൂറുകണക്കിനു പേരെ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കുകയും ഏഴു ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
കൊറോണ വൈറസിനൊപ്പം ജീവിതം തുടരേണ്ട ഒരു പുതിയ സാധാരണ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ജനങ്ങള്‍ മുന്‍കരുതലുകള്‍ തുടരേണ്ടത് സുപ്രധാനമാണ്. മരണനിരക്കില്‍ വര്‍ധന കാണുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും കുറഞ്ഞ് കോവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍- ഡോ.അല്‍ഖാല്‍ പറഞ്ഞു. പ്രായമായവരെയും വിട്ടുമാറാത്ത രോഗാവസ്ഥയിലുള്ളവരെയും സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ പ്രതിരോധ നടപടികള്‍, രോഗ ബാധിതരെ നേരത്തെ കണ്ടെത്തല്‍, നേരത്തെ ചികിത്സ ലഭ്യമാക്കല്‍, മികച്ച പരിചരണം, ആവശ്യത്തിന് ആസ്പത്രി കിടക്കകള്‍, ഐസിയു കിടക്കകള്‍ എന്നീ ഘടകങ്ങളെല്ലാം മരണനിരക്ക് കുറക്കാന്‍ സഹായിച്ചതായും ഡോ.അല്‍ഖാല്‍ പറഞ്ഞു. മതിയായ എണ്ണം കിടക്കകളും തീവ്രപരിചരണത്തിനുള്ള മെഡിക്കല്‍, നഴ്‌സിങ് ജീവനക്കാരുടെ സാന്നിധ്യവും മരണങ്ങളുടെ എണ്ണം കുറക്കുന്നതിന് വളരെയധികം സഹായിച്ചു. ഫലപ്രദമായ മരുന്നുകളും ആധുനിക ചികിത്സാ രീതികളുമാണ് ഖത്തര്‍ പ്രയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. അബ്ദുല്ലത്തീഫ് മുഹമ്മദ് അല്‍ഖാല്‍ ഖത്തര്‍ ടിവി അഭിമുഖത്തില്‍ പങ്കെടുക്കുന്നു

രോഗബാധിതരില്‍ ഭൂരിഭാഗവും രോഗപ്രതിരോധ ശേഷിയുള്ള യുവജനങ്ങള്‍
ദോഹ: രോഗബാധിതരില്‍ ഭൂരിഭാഗവും രോഗപ്രതിരോധ ശേഷിയുള്ള യുവജനങ്ങളാണ്. ചില കേസുകളിലൊഴികെ വേഗത്തില്‍ രോഗമുക്തരാകാന്‍ ഈ ഘടകവും സഹായകമായി. മുന്‍കരുതല്‍ നടപടികള്‍ കുറക്കുന്ന ഘട്ടത്തിലും പൗരന്‍മാരും താമസക്കാരും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ വൃത്തിയായി കഴുകുകയും വേണം. റമദാന്‍, ഈദുല്‍ ഫിത്വര്‍ കാലഘട്ടത്തില്‍ ഒരു ചെറിയ ശതമാനം പൗരന്മാരും താമസക്കാരും സാമൂഹിക അകലം പാലിച്ചിരുന്നില്ല.
അതിനാല്‍ വൈറസ് ബാധിതരുടെ എണ്ണം അവര്‍ക്കിടയില്‍ വര്‍ദ്ധിച്ചു. ചിലരെ തീവ്രപരിചരണത്തില്‍ പ്രവേശിപ്പിക്കേണ്ടതായും വന്നു. കൊറോണ വൈറസിന്റെ പ്രത്യുത്പാദന നിരക്ക് അര്‍ഥമാക്കുന്നത് ഓരോ വ്യക്തിയും മറ്റു മൂന്നു പേരിലേക്ക് പകരുന്നു എന്നതാണ്. ഓരോരുത്തരും അത് മറ്റ് മൂന്നു പേരിലേക്കും പകരും. രോഗബാധിതരെ ക്വാറന്റൈനിലേക്ക് മാറ്റിക്കൊണ്ട് പ്രതിരോധവും സാമൂഹിക അകലവും പാലിച്ചുകൊണ്ട് പുനരുത്പാദനത്തെ പരിമിതപ്പെടുത്താന്‍ കഴിയും. അതിലൂടെ പ്രത്യുല്‍പാദന നിരക്ക് ഒന്നില്‍ താഴെയാക്കുകയും വൈറസ് വ്യാപനം കുറക്കുകയും ചെയ്യാനാകും. വൈറസിന്റെ സാംക്രമികരോഗശാസ്ത്രം ജനസംഖ്യാ ശാസ്ത്രമനുസരിച്ച് രാജ്യങ്ങളിലും മേഖലകളിലും വ്യത്യാസപ്പെടുന്നുണ്ട്. വ്യവസായവും മറ്റു പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കേണ്ടത് ഘട്ടം ഘട്ടമായും വിവേകപൂര്‍വവുമായിട്ടായിരിക്കണം. വൈറസിന്റെ പുനരുജ്ജീവനത്തെ ഒഴിവാക്കാന്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കുകയും മാസ്‌ക് ധരിക്കുകയും കൈ ശുചിത്വം പാലിക്കുകയും വേണം.
നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതോടെ ജനങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വീടുകള്‍ക്കു പുറത്തുപോകരുത്. 60 വയസും അതിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വിട്ടുമാറാത്ത രോഗാവസ്ഥകളുള്ളവരും വീടുകള്‍ക്കു പുറത്തുപോകരുത്. ഇഹ്്തിറാസ് ആപ്പ് ക്രമേണ നിയന്ത്രണം നീക്കംചെയ്യുന്നതിന് ഉപകരിക്കും. സമൂഹത്തിന് മൊത്തത്തില്‍ പരിരക്ഷ ഉറപ്പാക്കാന്‍ ആപ്പ് സഹായകമാണ്. വൈറസിനെ നേരിടുന്നതിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിലും സാങ്കേതികവിദ്യ മൂല്യവത്താണെന്ന് തെളിയിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ആപ്പെന്നും ഡോ.അല്‍ഖാല്‍ ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ബാങ്കുകളിലും പ്രവേശനത്തിന് ഇഹ്തിറാസ് ആപ്പ് പരിശോധിക്കുന്നു

ഗള്‍ഫ് വിള്ളല്‍ അവസാനിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് കുവൈത്ത്