in

പിഎച്ച്‌സിസി ഹെല്‍ത്ത്‌സെന്ററുകളില്‍ യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധന താല്‍ക്കാലികമായി നിര്‍ത്തി

ദോഹ: രാജ്യത്തിനു പുറത്തേക്കു പോകുന്ന യാത്രക്കാര്‍ക്കായി പിഎച്ച്‌സിസി ഹെല്‍ത്ത് സെന്ററുകളില്‍ നല്‍കിവന്നിരുന്ന സൗജന്യ കോവിഡ് പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പുറത്തേക്കു പോകുന്നവര്‍ക്ക് സ്വകാര്യമേഖലയിലെ ആസ്പത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും കോവിഡ് പിസിആര്‍ പരിശോധന നടത്താമെന്ന് പിഎച്ച്‌സിസി അറിയിച്ചു. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ ഹെല്‍ത്ത് സെന്ററുകളും മെഡിക്കല്‍ ടീമുകളും ദേശീയ കോവിഡ് വാക്‌സിനേഷന്‍ കാമ്പയിന്റെ വിജയത്തിനായി തീവ്രമായി പ്രവര്‍ത്തിച്ചുവരികയാണ്.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗം ബാധിച്ചതായി സംശയിക്കുന്ന വ്യക്തികളെയും ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരെയും പരിശോധിക്കുന്നതിനുമാണ് ഹെല്‍ത്ത് സെന്ററുകള്‍ പ്രധാന്യം നല്‍കുന്നത്. വാക്‌സിനേഷന്‍ ലഭ്യമാക്കല്‍, രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കല്‍ എന്നിവക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായും പിഎച്ച്‌സിസി മെഡിക്കല്‍ ടീമുകളുടെ സമ്മര്‍ദ്ദം കുറക്കുന്നതിനുമായാണ് യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്. നിലവില്‍ പിഎച്ച്‌സിസി ഹെല്‍ത്ത്‌സെന്ററുകളില്‍ യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന സൗജന്യമാണ്. സര്‍ട്ടിഫിക്കറ്റിന് 50 റിയാല്‍ നല്‍കണം.

പിഎച്ച്‌സിസി ഈ സേവനം താല്‍ക്കാലികമായി നിര്‍ത്തുന്നതോടെ രാജ്യത്തിനു പുറത്തേക്ക് പോകുന്ന യാത്രക്കാര്‍ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലത്തിനായി സ്വകാര്യ ക്ലിനിക്കുകളെ കൂടുതലായി ആശ്രയിക്കേണ്ടിവരും. സ്വകാര്യകേന്ദ്രങ്ങളില്‍ 500 റിയാല്‍വരെയാണ് കോവിഡ് പരിശോധനക്കായി ഈടാക്കുന്നത്. കോവിഡിന്റെ രണ്ടാംതരംഗം അടിച്ചമര്‍ത്തുകയും വ്യാപനം തടയുകയും കേസുകളുടെ എണ്ണം കുറയുകയും മെഡിക്കല്‍ ടീമുകളുടെ സമ്മര്‍ദ്ദം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഹെല്‍ത്ത് സെന്ററുകളില്‍ യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധനാ സേവനം പുനരാരംഭിക്കുമെന്നും പിഎച്ച്‌സിസി അറിയിച്ചു.

ഖത്തര്‍ റെഡ്ക്രസന്റിന്റെ ഹെല്‍ത്ത് സെന്ററുകളിലും യാത്രക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നുണ്ട്.
അവിവാഹിതര്‍, കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്നവര്‍, പുരുഷ തൊഴിലാളികള്‍ എന്നിവര്‍ക്ക് ഖത്തര്‍ റെഡ്ക്രസന്റിന്റെ ഓള്‍ഡ് ദോഹ പെട്രോള്‍ സ്റ്റേഷനടുത്തുള്ള ഫരീജ് അബ്ദുല്‍ അസീസ് ഹെല്‍ത്ത് സെന്റര്‍, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ 38ലെ ഹിമൈലിയ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് പരിശോധനാസേവനം.

എന്നാല്‍ ഇവിടങ്ങളില്‍ ഈ സേവനം നിര്‍ത്തുമോയെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിലവില്‍ ഖത്തറില്‍ നിന്നും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധനാഫലം നിര്‍ബന്ധമാണ്. യാത്രക്കാര്‍ www.newdelhiairport.in എന്ന എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനൊപ്പം കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലാണ് കോവിഡ് പരിശോധന നടത്തേണ്ടത്. ചെക്ക് ഇന്‍ സമയത്ത് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കാരന് നാട്ടിലെ വിമാനത്താവളത്തില്‍ മോളിക്കുലാര്‍ പരിശോധനയും നടത്തും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു

ഖത്തറില്‍ കോവിഡ് മരണനിരക്ക് ഉയരുന്നു: ആറുപേര്‍ കൂടി മരിച്ചു