കോവിഡ് പിസിആര്‍ പരിശോധനക്ക് നിരക്ക് 300 റിയാല്‍
ദോഹ: രാജ്യത്തെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളില്‍ കോവിഡ് പിസിആര്‍ പരിശോധനയുടെ നിരക്ക് ഏകീകരിക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയം തീരുമാനിച്ചു. പരിശോധനക്ക് 300 റിയാലാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. തീരുമാനം നാളെ മുതല്‍ പ്രാബല്യത്തിലാകും.
രാജ്യത്തിനു പുറത്തേക്കു പോകുന്ന യാത്രക്കാര്‍ക്കായി പിഎച്ച്‌സിസി ഹെല്‍ത്ത് സെന്ററുകളില്‍ നല്‍കിവന്നിരുന്ന സൗജന്യ കോവിഡ് പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് മന്ത്രാലയം നിരക്ക് ഏകീകരിച്ചത്. യാത്രക്കാര്‍ക്ക് സ്വകാര്യമേഖലയിലെ ആസ്പത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും കോവിഡ് പിസിആര്‍ പരിശോധന നടത്താമെന്ന് പിഎച്ച്‌സിസി അറിയിച്ചിരുന്നു.
രാജ്യത്തെ 44 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലാണ് കോവിഡ് പരിശോധനക്ക് അനുമതിയുള്ളത്. പല സ്വകാര്യ കേന്ദ്രങ്ങളിലും 450 മുതല്‍ 500 വരെ റിയാലാണ് പരിശോധനക്ക് ഈടാക്കിവന്നിരുന്നത്. നിരക്ക് 300 റിയാലായി കുറക്കുന്നത് മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് വലിയൊരളവുവരെ ആശ്വാസമാകും.
വാക്‌സിനേഷന്‍ ലഭ്യമാക്കല്‍, രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കല്‍ എന്നിവക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായും പിഎച്ച്‌സിസി മെഡിക്കല്‍ ടീമുകളുടെ സമ്മര്‍ദ്ദം കുറക്കുന്നതിനുമായാണ് യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധന പിഎച്ച്‌സിസി താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്.
കോവിഡിന്റെ രണ്ടാംതരംഗം അടിച്ചമര്‍ത്തുകയും വ്യാപനം തടയുകയും കേസുകളുടെ എണ്ണം കുറയുകയും മെഡിക്കല്‍ ടീമുകളുടെ സമ്മര്‍ദ്ദം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ പിഎച്ച്‌സിസി ഹെല്‍ത്ത് സെന്ററുകളില്‍ യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധനാ സേവനം പുനരാരംഭിക്കും.