ദോഹ: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ മത്സരിക്കാന്‍ ദോഹയിലെത്തിയ ബയേണ്‍ മ്യൂണിച്ച് താരം തോമസ് മുള്ളര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരി എട്ടിന് റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബായ അല്‍അഹ് ലിക്കെതിരായ സെമിഫനല് മത്സരത്തില്‍ തോമസ് മുള്ളര്‍ 62 മിനുട്ട് സമയം കളിച്ചിരുന്നു.
മത്സരശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഫിഫ ഇക്കാര്യം ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ഫിഫ ക്ലപ്പ് ലോകകപ്പ് ഫൈനലില്‍ തോമസ് മുള്ളര്‍ക്ക് കളിക്കാനായില്ല. മുള്ളര്‍ ഐസൊലേഷനില്‍ തുടരുകയാണ്. മടങ്ങിയെത്തുമ്പോള്‍ മുള്ളര്‍ ക്വാറന്റൈനില്‍ പോകുമെന്ന് ബയേണ്‍ മ്യൂണിച്ച് ക്ലബ്ബും സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അതോറിറ്റികളുമായി ധാരണയായിട്ടുണ്ട്.
മുള്ളര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബയേണ്‍ മ്യൂണിച്ചിന്റെ എല്ലാ താരങ്ങളെയും വ്യാഴാഴ്ച വീണ്ടും കോവിഡ് പരിശോധനക്ക് വിധേയരാക്കി. എന്നാല്‍ ഒരാള്‍ക്കുപോലും കോവിഡ് സ്ഥിരീകരിച്ചില്ല. കൊറോണ വൈറസ് മഹാമാരിക്കിടെ പരിമിത ശേഷിയില്‍ കാണികളെ അനുവദിച്ചുകൊണ്ട് നടക്കുന്ന ചുരുക്കം ചില സോക്കര്‍ ചാമ്പ്യന്ഷിപ്പുകളിലൊന്നാണിത്.
കോവിഡിനെത്തുടര്‍ന്ന് ഫൈനല്‍ നഷ്ടമാകുന്ന മൂന്നാമത്തെ ബയേണ്‍ താരമാണ് മുള്ളര്‍. നേരത്തെ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മിഡ്ഫീല്‍ഡര്‍മാരായ ലിയോണ്‍ ഗൊരെറ്റ്സ്ക, സാവി മാര്‍ട്ടിനെസ് എന്നിവര്‍ക്ക് ഖത്തറിലേക്ക് വരാനായിരുന്നില്ല. ഇരുവരും ജര്‍മ്മനിയില്‍ തുടരുകയാണ്.
ഫിഫ ക്ലബ്ബ് ലോകകപ്പിലെ ഓഷ്യാനിയ പ്രതിനിധി ഓക്ക്ലാന്‍ഡ് സിറ്റി ക്ലബ്ബ് ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് പിന്മാറിയിരുന്നു. ടൂര്‍ണമെന്റ് കഴിഞ്ഞ് ന്യൂസിലന്‍ഡിലേക്ക് മടങ്ങുമ്പോള്‍ കര്‍ശനമായ ക്വാറന്റൈന് വ്യവസ്ഥകള്‍ പാലിക്കണമെന്നതിനാലായിരുന്നു പിന്മാറ്റം.