
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) അപകടസാധ്യതക്കിടെ ഗസയിലേക്ക് വീണ്ടും മെഡിക്കല്‍ സഹായമെത്തിച്ച് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്). ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ആസ്പത്രികളില്‍ അടിയന്തര, ട്രോമാ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിക്കൂടിയാണ് മെഡിക്കല്‍ സഹായം.
ക്യുആര്‍സിഎസിന്റെ ഗസയിലെ പ്രാതിനിധ്യ ദൗത്യസംഘത്തിന്റെ നേതൃത്വത്തിലാണിത്. കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തുന്നതിന് മെഡിക്കല്‍ പരിഹാരങ്ങളും ലാബ് ഉപകരണങ്ങളും സുരക്ഷിതമായി വിതരണം ചെയ്തു.
പതിനഞ്ച് മിനുട്ടിനുള്ളില്‍ ഫലം നല്‍കാന്‍ കഴിയുന്ന കൊറോണ വൈറസ് പരിശോധനക്കായുള്ള 800 ദ്രുതപരിശോധനാ കിറ്റുകള്‍ ഗസയിലെ ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിനു ലഭ്യമാക്കി. വൈറസ് ബാധിച്ചതായി സംശയിക്കുന്നവരെ വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ മെഡിക്കല്‍ ടീമുകളെ പ്രാപ്തരാക്കാന്‍ ഇതിലൂടെ സാധിക്കും.
വൈറസ് ഉണ്ടെന്ന് സംശയിക്കുന്നവരുമായി വേഗത്തില്‍ ഇടപെടാന്‍ ഈ പിന്തുണ മെഡിക്കല്‍ ടീമുകളെ സഹായിക്കുമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിലെ ലബോറട്ടറീസ് വിഭാഗം ഡയറക്ടര്‍ അമീദ് മുഷ്തഹ പറഞ്ഞു. ഗസയിലെ ആരോഗ്യമന്ത്രാലയം കൊറോണ വൈറസ് പരിശോധനാ ഉപകരണങ്ങളുടെ കുറവ് നേരിടുന്നുണ്ട്. മന്ത്രാലയത്തിനു ലഭിച്ച ആദ്യബാച്ച് ദ്രുതപരിശോധനാ കിറ്റുകളാണിത്. വീണ്ടും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ക്യുആര്‍സിഎസ് മെഡിക്കല്‍ സാമഗ്രികളും ഗസയില്‍ വിതരണം ചെയ്തിരുന്നു.
പൊതു ആസ്പത്രികളിലെ അടിയന്തര, ട്രോമാ വകുപ്പുകളില്‍ പ്രതിദിനം 28,800 രോഗികള്‍ക്ക് പ്രയോജനകരമാകും. ഗസയിലെ ക്യുആര്‍സിഎസ് ദൗത്യത്തിന്റെ സുതാര്യതയും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ 10 പേഷ്യന്റ് മാണിറ്ററുകള്‍ വാങ്ങുന്നതിനും സംഭരിക്കുന്നതിനുമായി ടെണ്ടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ടെണ്ടറില്‍ പങ്കെടുത്ത കമ്പനികളുമായും ആരോഗ്യ മന്ത്രാലയം പ്രതിനിധികളുമായും കൂടിയാലോചന നടത്തുകയും സാങ്കേതിക, ധനകാര്യ ബിഡുകള്‍ പരിശോധിക്കുകയും ചെയ്തശേഷമാണ് വിജയിയെ തെരഞ്ഞെടുത്തത്.
ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം തുടങ്ങും. ഇതിനായുള്ള നടപടിക്രമങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്. അതേസമയം കൊറോണ വൈറസിനെതിരായ സംരക്ഷണ നടപടികള്‍ ആസ്പത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും നടപ്പാക്കുന്നതിന് ക്യുആര്‍സിഎസ് ടീം ആരോഗ്യമന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷങ്ങളായി ഉപരോധവും സാമ്പത്തിക പ്രയാസങ്ങളും കാരണം ഗസയിലെ ആരോഗ്യമേഖല ബുദ്ധിമുട്ടുകയാണ്.
പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായം ലഭ്യമാക്കുകയാണ് ക്യുആര്‍സിഎസ്. ഗസ മുനമ്പിലെ പ്രത്യേക ശസത്രക്രിയ സേവനങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി വാസ്‌കുലര്‍ സര്‍ജറി സേവനങ്ങളുടെ വികസനത്തിനും ക്യുആര്‍സിഎസ് പിന്തുണ നല്‍കുന്നുണ്ട്.