
ദോഹ: നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം ചെറുക്കുന്നതിനുള്ള മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ബോധവല്‍ക്കരണ കാമ്പയിനുമായി ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി വിവിധ ഭാഷകളില്‍ മന്ത്രാലയം ബോധവല്‍ക്കരണ പോസ്റ്ററുകള്‍ തയാറാക്കി. അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, നേപ്പാള്‍, ബംഗ്ലാ, മലയാളം, തഗലോഗ്, സിംഹളീസ്, തമിഴ് എന്നീ ഭാഷകളിലാണ് പോസ്റ്ററുകള്‍ തയാറാക്കിയിരിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പൊതുജനാരോഗ്യ മന്ത്രാലയം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ലക്ഷ്യം. കോവിഡിനെ തടയുന്നതിനൊപ്പം സമൂഹത്തിലെ വിവിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുകയെന്നതും കാമ്പയിന്റെ ലക്ഷ്യമാണ്. വിവിധ ഭാഷകളിലുള്ള ബോധവല്‍ക്കരണ പോസ്റ്ററുകള്‍ വിവിധ കമ്യൂണിറ്റിഗ്രൂപ്പുകള്‍ക്കും സംഘടനാ നേതാക്കള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കുമെല്ലാം മന്ത്രാലയം അയച്ചുനല്‍കിയിട്ടുണ്ട്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ബന്ധുക്കളും കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരും എന്നിവയുള്‍പ്പടെ എല്ലാവരിലേക്കും ഷെയര്‍ ചെയ്യണമെന്നും പരമാവധി പേരിലേക്ക് പ്രചരിപ്പിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. രോഗബാധയില്‍ നിന്നും എങ്ങനെ സ്വയം സംരക്ഷിക്കാം, സമൂഹത്തെ സംരക്ഷിക്കാം എന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് പോസ്റ്ററുകളിലുള്ളത്. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ റെഡ്ക്രസന്റ് എന്നിവയുമായി സഹകരിച്ചാണ് കാമ്പയിന്‍.