in

കോവിഡ് പ്രതിരോധം: സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി പരിശീലനം തുടങ്ങി

ദോഹ: കൊറോണ വൈറസി(കോവിഡ്-19)നെതിരായ പോരാട്ടത്തിന്റെ ഭാഗമായി ദേശീയ സന്നദ്ധപ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധപ്രവര്‍ത്തകരുടെ ആദ്യ ബാച്ചിന്റെ പരിശീലനം തുടങ്ങി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഖത്തര്‍ ഫൗണ്ടേഷന്റെ സ്റ്റുഡന്റ് സെന്ററില്‍ പ്രത്യേകമായി ക്രമീകരിച്ച സൗകര്യത്തിലായിരുന്നു ആദ്യ ഘട്ട പരിശീലന ശില്‍പ്പശാല നടന്നത്. സന്നദ്ധപ്രവര്‍ത്തനത്തിന് ആവശ്യമായ അടിസ്ഥാന കഴിവുകളെക്കുറിച്ച് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയും ഫോര്‍ ഖത്തര്‍ എന്ന പേരില്‍ നടപ്പാക്കുന്ന കാമ്പയിനെക്കുറിച്ച് വിവരണം നല്‍കുകയും ചെയ്തു. ഖത്തര്‍ ചാരിറ്റി, ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി എന്നിവയുമായി സഹകരിച്ചു നടപ്പാക്കുന്ന ഫോര്‍ ഖത്തര്‍ കാമ്പയിനില്‍ ഇതിനോടകം 35,000ലധികം സന്നദ്ധപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജോലികള്‍ തുടങ്ങുന്നതിനു മുന്‍പ് രണ്ടു മണിക്കൂര്‍ പ്രത്യേക ആരംഭ സെഷനിലും രണ്ടുമണിക്കൂര്‍ നിര്‍ദ്ദിഷ്ട ജോലി സംബന്ധിച്ച പരിശീലന സെഷനിലും പങ്കെടുക്കണമെന്ന വ്യവസ്ഥയുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പരിശീലനം. ഇതിനു മുന്നോടിയായി എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. പ്രത്യേക അകലത്തിലായിരുന്നു സീറ്റുകള്‍ ക്രമീകരിച്ചിരുന്നത്. രജിസ്‌ട്രേഷനിലെ വര്‍ധിച്ച പങ്കാളിത്തം ജനങ്ങളുടെ ശക്തമായ സാമൂഹിക ബോധവും കോവിഡിനെതിരായ രാജ്യത്തിന്റെ പ്രതിരോധശ്രമങ്ങള്‍ക്ക് സംഭാവന നല്‍കാനുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നുവെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി പറഞ്ഞു. മെഡിക്കല്‍ പ്രാക്ടീസ് (ക്ലിനിക്കല്‍), അനുബന്ധ ആരോഗ്യ പ്രാക്ടീസ്, പൊതുജനാരോഗ്യ അവബോധം, ലോജിസ്റ്റിക്‌സ് എന്നിവയെല്ലാം സന്നദ്ധപ്രവര്‍ത്തകരുടെ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടും. സാധുവായ ഖത്തര്‍ ഐഡിയുള്ള ഖത്തറിലെ താമസക്കാരനായിരിക്കണം സന്നദ്ധപ്രവര്‍ത്തകന്‍. തെരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകര്‍ മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ അവസാനം വരെയുള്ള പന്ത്രണ്ട് ആഴ്ച കാലയളവില്‍ കുറഞ്ഞത് പതിനാല് ദിവസം എട്ടുമണിക്കൂര്‍ ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കണം. താല്‍പര്യമുള്ളവര്‍ക്ക് https://www.covid19vol.qa എന്ന ലിങ്കില്‍ കയറി അടിസ്ഥാനവിവരങ്ങള്‍ നല്‍കി അപേക്ഷിക്കാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഏഴു ദിവസത്തിനിടെ ഖത്തര്‍ എയര്‍വേയ്‌സില്‍ യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേര്‍

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്ക് പിന്തുണയുമായി ദോഹ ബാങ്ക്