
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) രോഗബാധയില്‍നിന്നും ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായി വിസിയുആര്‍ട്‌സ് ഖത്തര്‍ ലേസര്‍കട്ട് ഫേസ് ഷീല്‍ഡുകള്‍ നിര്‍മിക്കുന്നു. ഖത്തര്‍ ഫൗണ്ടേഷന്റെ പങ്കാളിത്ത സര്‍വകലാശാലയായ വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി(വിസിയു) സ്‌കൂള്‍ ഓഫ് ആര്‍ട്സിന്റെ ലാബുകളിലാണ് ഷീല്‍ഡുകളുടെ ഡിസൈന്‍ വികസിപ്പിച്ചത്. യൂണിവേഴ്‌സിറ്റിയിലെ ഫാബ് ലാബ് ടീം അമേരിക്കയിലെ ഫാബ്രിക്കേറ്റര്‍മാര്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയുമായി സഹകരിച്ച് കഴിഞ്ഞ രണ്ടുമാസമായി സംരക്ഷിത മുഖപരിചകള്‍(പ്രൊട്ടക്റ്റീവ് ഫെയ്‌സ് ഷീല്‍ഡ്) നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ്.
കോവിഡ് മഹാമാരിയെ നേരിടുന്നില്‍ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ പിന്തുണ നല്‍കുകയാണ് ലക്ഷ്യം. നിരവധി പ്രോട്ടോടൈപ്പുകള്‍ നിര്‍മ്മിക്കുകയും പരീക്ഷിക്കുകയും ചെയ്ത ശേഷമാണ് ടീം ഇപ്പോള്‍ ആദ്യത്തെ കവചങ്ങളുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്. ടീം ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും ഗവേഷണം നടത്തുകയും ചെയ്തതായി ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ലാബ്- വൂഡ്‌ഷോപ്പ് കോര്‍ഡിനേറ്റര്‍ ക്രിസ്റ്റഫര്‍ ബുച്ചാജിയാന്‍ പറഞ്ഞു. ലോകമെമ്പാടും 3 ഡി-പ്രിന്റുചെയ്യാനാകുന്ന നിരവധി മാസ്‌ക്കുകളും വെന്റിലേറ്ററുകള്‍ക്കുള്ള ഭാഗങ്ങള്‍ പോലെ മറ്റ് ഇനങ്ങളും ലഭ്യമാണെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് സ്വന്തമായി പ്രോട്ടോടൈപ്പുകള്‍ നിര്‍മ്മിക്കാനും പരിശോധിക്കാനും തുടങ്ങുകയായിരുന്നു. ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സൗകര്യങ്ങളുടെ സാധ്യതയും പരിശോധിച്ചു. രോഗികളുമായി നേരിട്ട് ഇടപഴകുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്.