
ദോഹ: കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജയിലുകളിലെ സാഹചര്യങ്ങളും അന്തരീക്ഷവും മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി ഖത്തര്‍. ജയിലുകളില്‍ തിരക്ക് കുറക്കുന്നതിനുള്ള നടപടികളും ഉണ്ടാകണം. ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളുകയും വേണം. ഓസ്ട്രിയയിലെ ഖത്തര്‍ അംബാസഡറും വിയന്നയിലെ യുഎന്‍- രാജ്യാന്തര സംഘടനകളിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയുമായ സുല്‍ത്താന്‍ ബിന്‍ സല്‍മീന്‍ അല്‍മന്‍സൂരിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മയക്കുമരുന്നും കുറ്റകൃത്യവും പ്രതിരോധിക്കുന്നത് സംബന്ധിച്ച വിയന്നയിലെ യുഎന്‍ ഓഫീസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എല്ലാ വര്‍ഷവും ജൂലൈ 18 ന് നടക്കുന്ന നെല്‍സണ്‍ മണ്ടേല അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ജയിലുകളിലെ കോവിഡ് പ്രതിരോധത്തിനായുള്ള തയ്യാറെടുപ്പും പ്രതികരണവും നെല്‍സണ്‍ മണ്ടേല നിയമങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കണമെന്ന് എല്ലാ രാജ്യങ്ങളും ഉറപ്പാക്കണമെന്നും അല്‍മന്‍സൂരി പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ നീതിന്യായ മന്ത്രി റൊണാള്‍ഡ് ലമോള, യുഎന്‍ ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്റ് ക്രൈം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗാദ വാലി, വിയന്നയിലെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദോഹ പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള ആഗോള പദ്ധതിയെ പിന്തുണയ്ക്കുന്നതില്‍ ഖത്തറിന് അഭിമാനമുണ്ട്. വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, വര്‍ക്ക് പ്രോഗ്രാമുകള്‍ എന്നിവയിലൂടെ തടവുകാരുടെ പുനരധിവാസം ദോഹ പ്രഖ്യാപനത്തിന്റെ നാല് പ്രധാന സ്തംഭങ്ങളിലൊന്നാണ്. ദോഹ പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള ആഗോള പ്രോഗ്രാമിന്റെ ഭാഗമായി ജയിലുകളില്‍ കോവിഡ് പടരാതിരിക്കാനും നിയന്ത്രിക്കുന്നതിനുമായി പതിനൊന്ന് രാജ്യങ്ങള്‍ക്ക് സാങ്കേതിക, ആരോഗ്യ സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ആധുനിക ചരിത്രത്തില്‍ ആദ്യമായാണ് അന്താരാഷ്ട്ര സമൂഹം ഒരു പൊതുഭീഷണിക്കെതിരെ ഐക്യപ്പെടുന്നതെന്നും അല്‍മന്‍സൂരി ചൂണ്ടിക്കാട്ടി.