വേണ്ടി വന്നാല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

ദോഹ: രാജ്യത്ത് കോവിഡ് പടരുന്നതിന്റെ വ്യാപ്തിയനുസരിച്ച് ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ നാലുഘട്ടങ്ങളായി പുനസ്ഥാപിക്കുമെന്ന് എച്ച്എംസിയുടെ പകര്‍ച്ചവ്യാധി ചികിത്സാവിഭാഗം മേധാവിയും കോവിഡ് സംബന്ധിച്ച ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍. ദോഹയില്‍ ആഭ്യന്ത്രര, വാണിജ്യ, വ്യവസായ, പൊതുജനാരോഗ്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ ആദ്യ സൂചകമെന്ന് കരുതാവുന്ന വിധത്തില്‍ കോവിഡ് അണുബാധകളിലും ദിവസേന ആസ്പത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാനൊരുങ്ങുന്നത്. രോഗം വ്യാപിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള മേഖലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണങ്ങള്‍. കോവിഡ് വ്യാപ്തി കുറയുന്നില്ലെങ്കില്‍ ഇടത്തരം അപകടസാധ്യതാ മേഖലകള്‍ക്കാണ് രണ്ടാമത്തെ ലെവല്‍ നിയന്ത്രണങ്ങള്‍. കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളും അവസാനഘട്ടത്തില്‍ പൂര്‍ണമായ ലോക്ക്ഡൗണുമായിരിക്കും നടപ്പാക്കുക. ഖത്തറിലെ എല്ലാ പ്രദേശങ്ങളിലുമായോ അല്ലെങ്കില്‍ പ്രത്യേക മേഖലകള്‍ തെരെഞ്ഞെടുത്തോ ഇത് നടപ്പാക്കാനാകും. ഓരോ മൂന്നാഴ്ച കൂടുമ്പോഴും നിലവിലെ സാഹചര്യങ്ങള്‍ അവലോകനം ചെയ്യും.
വൈറസ് വ്യാപ്തി അറിയാന്‍ 6 സൂചകങ്ങള്‍
വൈറസിന്റെ വ്യാപനത്തിന്റെ വ്യാപ്തി അളക്കുന്നതിനും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും മന്ത്രാലയം ആറ് സൂചകങ്ങള്‍ സ്വീകരിക്കും. പോസിറ്റീവ് ദൈനംദിന പരിശോധനകളുടെ ആകെ നിരക്ക്, ക്രമരഹിതമായ സര്‍വേകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നതിന്റെ ശതമാനം, ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിക്കുന്നവരുടെ പ്രതിദിന കണക്ക്, തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കുന്നവരുടെ പ്രതിദിന കണക്ക്, ഒരു ലക്ഷം പേരില്‍ 14 ദിവസത്തെ സഞ്ചിത നിരക്ക്, പ്രത്യുത്പാദന നിരക്ക് എന്നിവ അടിസ്ഥാനപ്പെടുത്തിയാവും തീരുമാനങ്ങളെടുക്കുക.
പുതിയ വകഭേദം ഖത്തറിലെത്തിയിട്ടുണ്ടാകാം

കൊറോണ വൈറസ് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതിനിടയില്‍ നിരന്തരം പരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. തല്‍ഫലമായി പുതിയ വകഭേദങ്ങളിലേക്ക് നയിക്കുന്നു. യുകെയിലും ദക്ഷിണാഫ്രിക്കയിലും രണ്ടു പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവ തീര്‍ച്ചയായും ഗള്‍ഫ് രാജ്യങ്ങളിലേക്കും എത്തിയിട്ടുണ്ട്. ഖത്തറില്‍ എത്തിച്ചേരാനും സാധ്യതയുണ്ട്. മുന്‍കരുതല്‍ തീരുമാനങ്ങളിലൂടെയും സമുഹത്തിന്റെ സഹകരണത്തിലൂടെയും ഈ തരംഗത്തിന്റെ തീവ്രത തടയാനാകുമെന്നും ഡോ. അല്‍ഖാല്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ സ്ഥലങ്ങള്‍, സന്ദര്‍ശനങ്ങള്‍, കുടുംബ പരിപാടികള്‍ എന്നിവയില്‍ ജനങ്ങള്‍ കൂടുതലായി കൂടിച്ചേര്‍ന്നതാണ് കേസുകള്‍ വര്‍ധിക്കാനിടയാക്കിയത്. വാക്സിന് വൈറസിനെതിരെ ഫലപ്രദമാണ്. എങ്കിലുംമുന്കരുതല് തുടരേണ്ടത് മുമ്പത്തേക്കാളും പ്രധാനമാണ്. ചില നിയന്ത്രണങ്ങള്‍ എല്ലാവര്ക്കും ഗുണം ചെയ്യും. എന്നിരുന്നാലും വരും ദിവസങ്ങളില്‍ അണുബാധയുടെ വര്‍ധനവിന് തീര്‍ച്ചയായും സാക്ഷ്യം വഹിക്കും. സ്ഥിതി വഷളാകുകയും കേസുകള്‍ ഗണ്യമായി വര്‍ധിക്കുകയും ചെയ്യുന്നതുവരെ കാത്തിരിക്കില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ വ്യാപനം കുറക്കുന്നതിനും കേസുകളുടെ എണ്ണം കുറക്കുന്നതിനുമുള്ള മുന്‍കൂട്ടിയുള്ള ഇടപെടലാണ്. ആവശ്യമില്ലെങ്കില്‍ നിലവിലെ കാലയളവില്‍ യാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്നും അനിവാര്യമെങ്കില്‍ വാക്സിന് രണ്ടാം ഡോസ് കഴിച്ച് ഒരാഴ്ച കഴിഞ്ഞ് യാത്ര ചെയ്യുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.