in

കോവിഡ് മുന്‍കരുതല്‍ പാലിച്ച് സ്‌കൂളുകള്‍ തുറന്നു; ആദ്യ രണ്ടാഴ്ച ഹാജര്‍ പരിഗണിക്കില്ല

ദോഹ: മാസങ്ങളുടെ ഇടവേളക്കുശേഷം ഖത്തറിലെ പൊതു സ്വകാര്യ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു. എല്ലാ സുരക്ഷാ പ്രോട്ടോക്കോളും പാലിച്ചാണ് സ്‌കൂളുകള്‍ തുറന്നത്. വിദ്യാര്‍ഥികള്‍ മാസ്‌ക്കുകള്‍ ധരിച്ചുകൊണ്ടാണ് ക്ലാസ്‌റൂമുകളിലേക്ക് മടങ്ങിയെത്തിയത്. പ്രവേശന കവാടങ്ങളില്‍ വിദ്യാര്‍ഥികളുടെ താപനിലയും പരിശോധിച്ചു. ആദ്യ സെമസ്റ്ററില്‍ ക്ലാസ്‌റൂം- ഓണ്‍ലൈന്‍ മിശ്ര പഠനരീതിയാണ് നടപ്പാക്കുന്നത്. നവംബര്‍ വരെ പ്രതിദിനം ഓരോ സ്‌കൂളിലും ശേഷിയുടെ 30ശതമാനം വിദ്യാര്‍ഥികള്‍ മാത്രം ക്ലാസിലെത്തിയാല്‍ മതിയാകും.
പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാഭ്യാസമന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അല്‍ഹമ്മാദി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
കുട്ടികളെ സ്‌കൂളിലേക്ക് തിരിച്ചയക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് അല്‍പ്പം ആശങ്കയുണ്ടായിരുന്നതിനാല്‍ ആദ്യ ദിവസം ചില സ്വകാര്യ സ്‌കൂളുകളില്‍ ഹാജര്‍ കുറവായിരുന്നു. ആവശ്യമായ എല്ലാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികളെ സ്വീകരിക്കാന്‍ എല്ലാ സ്‌കൂളുകളും തയ്യാറാണെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
ഈ മാസം ഉടനീളം വിദ്യാര്‍ഥികള്‍ക്കിടയില്‍ തുടര്‍ച്ചയായി കോവിഡ് പരിശോധനകള്‍ പൊതുജനാരോഗ്യ മന്ത്രാലയം നടത്തും. ഇത്തരത്തില്‍ പരിശോധന നടത്തുന്നത് രോഗം നേരത്തെ തിരിച്ചറിയാന്‍ സഹായകമാണ്. വിദ്യാര്‍ഥികളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമില്ല. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും. ആദ്യ രണ്ടാഴ്ച സ്‌കൂളുകളില്‍ ഹാജര്‍ കണക്കാക്കില്ലെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. ഇബ്രാഹിം അല്‍നുഐമി പറഞ്ഞു.

വിദ്യാഭ്യാസമേഖലയിലെ 98%ലധികം ജീവനക്കാരും
കോവിഡ് രോഗമുക്തര്‍

ദോഹ: വിദ്യാഭ്യാസമേഖലയിലെ 98ശതമാനത്തിലധികം അധ്യാപകരും ജീവനക്കാരും കോവിഡില്‍ നിന്നും മുക്തര്‍. കോവിഡ് സംബന്ധിച്ച ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും എച്ച്എംസി പകര്‍ച്ചവ്യാധി ചികിത്സാവിഭാഗം മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സ്‌കൂള്‍ ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കി. 98.5ശതമാനത്തിലധികം പേരും രോഗമുക്തരാണ്. ഖത്തറിലെ കോവിഡ് പരിശോധന ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. ഖത്തറില്‍ പ്രതിദിനം ആയിരം പേരില്‍ രണ്ടു മുതല്‍ നാലുവരെ പേരെ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്. ജൂണ്‍ ആരംഭം മുതല്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.കഴിഞ്ഞ കാലയളവില്‍ ഒരേ കുടുംബത്തിലെ അംഗങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍പേര്‍ക്ക് രോഗബാധയുണ്ടായത്. കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്നതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനാകും. വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ കമ്യൂണിറ്റി അംഗങ്ങള്‍ക്ക് ലഭ്യമാക്കാനായി പ്രവര്‍ത്തിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ 2030 ഏഷ്യന്‍ ഗെയിംസ് ലോഗോ പ്രകാശനം ചെയ്തു

മയക്കുമരുന്ന് കടത്ത്: മൂന്നു ഏഷ്യന്‍ വംശജര്‍ അറസ്റ്റില്‍