
ദോഹ: തൊഴിലാളികള്‍ക്കായുള്ള മിസഈദ് ആസ്പത്രിയിലും കോവിഡ്-19 രോഗികള്‍ക്ക് ആവശ്യമായ ചികിത്സാ പരിചരണം ലഭ്യമാക്കും. കഴിഞ്ഞ ദിവസം കോവിഡ് ചികിത്സക്കായി റാസ് ലഫാന്‍ ആസ്പത്രിയും റുവൈസ് ഹെല്‍ത്ത്‌സെന്ററും സജ്ജമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മിസഈദ് ആസ്പത്രിയിലും ചികിത്സ ലഭ്യമാക്കുന്നത്. കൊറോണ വൈറസിനെ നേരിടുന്നതില്‍ ആവശ്യമെങ്കില്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ക്ലിനിക്കല്‍ ശേഷി വര്‍ധിപ്പിക്കുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ആസ്പത്രികള്‍ക്കു പുറമെയാണ് കോവിഡ് ചികിത്സയക്കായി റാസ് ലഫാന്‍, മിസഈദ് ആസ്പത്രികള്‍ തുറന്നിരിക്കുന്നത്. രോഗബാധിതരായവര്‍ക്ക് ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രാജ്യം തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. നിലവില്‍ ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രി, ക്യൂബന്‍ ആസ്പത്രി, പകര്‍ച്ചവ്യാധി ചികിത്സാ കേന്ദ്രം(സിഡിസി) എന്നിവയെല്ലാം കോവിഡ് ചികിത്സാകേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്. പുതിയ ആസ്പത്രികള്‍ തുറക്കുന്നതിലൂടെ അക്യൂട്ട് കിടക്കകള്‍ ഉള്‍പ്പടെ ആരോഗ്യസംവിധാനങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനാകും. ആവശ്യം വന്നാല്‍ കൂടുതല്‍ വിപുലീകരിക്കാനും സാധിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി പറഞ്ഞു. എല്ലാ കോവിഡ് രോഗികള്‍ക്കും ശരിയായ പരിചരണം ശരിയായ സമയത്തും സ്ഥലത്തും ലഭ്യമാണെന്ന് ഉറപ്പാക്കുന്നുണ്ട്.
സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, സ്‌ക്രീനിംഗ് നടത്തുക, അണുബാധയുടെ ഉറവിടങ്ങള്‍ കണ്ടെത്തുക എന്നിവയി ലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിലെ കോവിഡ് രോഗികളെ നേരിടാന്‍ ആവശ്യമായ ആരോഗ്യ സൗകര്യങ്ങളും പ്രൊഫഷണലുകളും ഖത്തറിലുണ്ടെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
രോഗികളുടെ എണ്ണം വര്‍ധിച്ചാലും രാജ്യം സജ്ജം
രോഗികളുടെ എണ്ണം വര്‍ധിച്ചാലും രാജ്യം സജ്ജമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങള്‍ക്കായി ഹമദ് ജനറല്‍ ആസ്പത്രിയുടെയും മറ്റു കമ്യൂണിറ്റി, സ്‌പെഷ്യലിസ്റ്റ് ആസ്പത്രികളുടെയും സേവനം നീക്കിവെച്ചിട്ടുണ്ട്. 150,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് മിസഈദ് ആസ്പത്രി നിര്‍മിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 126 കിടക്കകള്‍. അണ്ടര്‍ ഗ്രൗണ്ട്, ഗ്രൗണ്ട്, ഒന്ന്, രണ്ട് എന്നീ നിലകളിലായാണ് ആസ്പത്രി. ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് വിപുലീകരിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മാണം.