in

കോവിഡ് അപകടസാധ്യത കുറഞ്ഞ 40 രാജ്യങ്ങളുടെ പട്ടിക പുതുക്കി

ദോഹ: ഖത്തറില്‍ താമസാനുമതിയുള്ളവര്‍ക്ക് മടങ്ങിയെത്തുന്നതിനുള്ള നടപടികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി കോവിഡ് അപകടസാധ്യത കുറഞ്ഞ 40 രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി. ഈ രാജ്യങ്ങളുടെ വിശദാംശങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.  
നേരത്തെ പുറത്തിറക്കിയ പട്ടികയില്‍നിന്നും ബെല്‍ജിയത്തെയും അന്‍ഡോറയെയും ഒഴിവാക്കുകയും പോര്‍ച്ചുഗലിനെയും ക്യൂബയെയും പുതിയതായി ഉള്‍പ്പെടുത്തുകയും ചെയ്തു. ബ്രൂണൈ ദാറുസ്സലാം, വിയറ്റ്‌നാം, ചൈന, തായ്‌ലന്റ്, മലേഷ്യ, ന്യൂസിലന്റ്, മാള്‍ട്ട, ഫിന്‍ലന്റ്, ഹംഗറി, ദക്ഷിണകൊറിയ, എസ്റ്റോണിയ, നോര്‍വെ, ലിത്വാനിയ, ലാത്വിയ, ജപ്പാന്‍, സൈപ്രസ്, അയര്‍ലന്റ്, ഗ്രീസ്, ഇറ്റലി, സ്ലൊവാക്യ, ഡെന്‍മാര്‍ക്ക്, നെതര്‍ലന്റ്‌സ്, ജര്‍മ്മനി, മൊറോക്കോ, പോളണ്ട്, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, കാനഡ, സ്ലൊവേനിയ, യുകെ, ചെക്ക് റിപ്പബ്ലിക്ക്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ്, അള്‍ജീരിയ, തുര്‍ക്കി, ഐസ്‌ലന്റ്, സ്‌പെയിന്‍, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, ക്യൂബ രാജ്യങ്ങളാണ് പട്ടികയില്‍ ഇടംനേടിയത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, നേപ്പാള്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പുതിയ പട്ടികയിലും ഇടംനേടിയിട്ടില്ല.
ഖത്തറിലെ പ്രവാസി തൊഴിലാളികളിലും ജീവനക്കാരിലും ബഹുഭൂരിപക്ഷവും ഈ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക ഓരോ രണ്ടാഴ്ച കൂടുമ്പോഴും അവലോകനം ചെയ്യും. കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്നവര്‍ വിമാനത്താവളത്തിലെത്തിയ ഉടന്‍ കൊറോണ വൈറസ്(കോവിഡ്) പരിശോധന നടത്തണം. കൂടാതെ ഒരാഴ്ചത്തേക്ക് സ്വവസതിയില്‍ ക്വാറന്റൈനിലിരിക്കാമെന്ന പ്രതിജഞാപത്രത്തില്‍ ഒപ്പുവെക്കണം. ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ യാത്രക്കാരന്റെ നില മഞ്ഞയായിരിക്കും. അവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമാണെന്നാണ് അതിനര്‍ഥം. ഒരാഴ്ചക്കുശേഷം വീണ്ടും കൊറോണ വൈറസ് പരിശോധനയ്ക്കായി യാത്രക്കാരന്‍ നിര്‍ദ്ദിഷ്ട ആരോഗ്യ കേന്ദ്രങ്ങളിലൊന്നിലേക്ക് പോകണം.പരിശോധനാഫലം പോസിറ്റീവ് ആണെങ്കില്‍, യാത്രക്കാരനെ ഐസൊലേഷനിലേക്ക് മാറ്റും.
നെഗറ്റീവാണെങ്കില്‍ ക്വാറന്റൈന്‍ കാലാവധി ആ ആഴ്ച അവസാനത്തോടെ അവസാനിക്കുകയും ഇഹ്തിറാസ് ആപ്പിലെ യാത്രക്കാരന്റെ നില പച്ചയിലേക്ക് മാറുകയും ചെയ്യും. അപകടസാധ്യത കുറഞ്ഞ  രാജ്യങ്ങളിലൊന്നില്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളുണ്ടെങ്കില്‍ ഈ കേന്ദ്രങ്ങളിലൊന്നില്‍ നിന്ന് കോവിഡ്‌രഹിത സര്‍ട്ടിഫിക്കറ്റ് നേടാവുന്നതാണ്. ആ പരിശോധനാ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ഖത്തറിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തുന്നതില്‍ നിന്ന് യാത്രക്കാരനെ ഒഴിവാക്കും. അതേസമയം യാത്ര ചെയ്യുന്നതിന് 48 മണിക്കൂര്‍ മുന്‍പ് നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് കൈവശം വേണം.
അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളില്‍  കുറഞ്ഞത് ഒരാഴ്ച താമസിക്കുന്ന മറ്റുയാത്രക്കാര്‍ക്ക് ഇളവുണ്ട്. എന്നാല്‍ ഒരാഴ്ചയില്‍ കുറവ് ദിവസങ്ങളില്‍ മാത്രമാണ് ആ രാജ്യത്ത് താമസിക്കുന്നതെങ്കില്‍ ഖത്തറില്‍ മടങ്ങിയെത്തുമ്പോള്‍ അപകടസാധ്യത കുറഞ്ഞ രാജ്യങ്ങള്‍ ഒഴികെയുള്ള രാജ്യങ്ങളില്‍നിന്നും വരുന്നവര്‍ക്ക് ബാധകമായ എല്ലാ നയങ്ങളും ആ വ്യക്തി പാലിക്കണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഓഗസ്റ്റ് 14) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഖത്തര്‍ സ്റ്റാര്‍സ് ലീഗ്: ഇഞ്ച്വറി ടൈമിലെ ഗോളില്‍ സദ്ദിന് വിജയം