ദോഹ: കോവിഡിനെതിരായ പ്രതിരോധ വാക്സിന് പൂര്‍ണമായും സുരക്ഷിതമാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍. കോവിഡ് വാക്സിനേഷന് മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ മറ്റു വാക്സിനുകള്‍ക്ക് സമാനമാണെന്നും അക്കാര്യത്തില്‍ ആശങ്കപ്പെടുകയോ ഉത്കണ്ഠപ്പെടുകയോ ചെയ്യേണ്ടതില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന് വകുപ്പ് മേധാവി ഡോ. സോഹ അല്‍ബയാത് വ്യക്തമാക്കി.
ഇക്കാര്യം എന്‍എച്ച്എസിലെ വിദഗ്ദ്ധനും സീനിയര്‍ ലക്ചറുമായ ഡോ. അമീര്‍ ഖാനും ചൂണ്ടിക്കാട്ടുന്നു. കോവിഡ് വാകസിന് സ്വീകരിക്കുന്ന നിരവധിപേര്‍ക്ക് ഒരു പാര്ശ്വഫലങ്ങളുമുണ്ടാകാറില്ല. എന്നാല്‍ വളരെ കുറച്ചു പേര്‍ക്ക് നേരിയതും വളരെ കുറച്ചുസമയം നീണ്ടുനില്ക്കുന്നതുമായ പാര്ശ്വഫലങ്ങളുണ്ടാകാനിടയുണ്ട്. വേദന, തലവേദന, അലസത, താപനിലയിലെ വര്‍ധന, മൂക്കൊലിപ്പ്, ഛര്‍ദി എന്നിവയെല്ലാം സാധാരണ പാര്‍ശ്വഫലങ്ങളാണ്.
കുത്തിവെപ്പെടുത്ത ഭാഗത്തിനു ചുറ്റും നേരിയ വേദനയും ചിലര്‍ക്ക് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇവയൊന്നും ആശങ്കപ്പെടുത്തുന്നവയല്ല. ഈ പാര്‍ശ്വഫലങ്ങളില്‍ ഉത്കണ്ഠപ്പെടേണ്ടതില്ല. ഇതുകാരണമായി വാക്സിന് എടുക്കാതിരിക്കുകയും ചെയ്യരുത്. നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ ഫലമായാണ് വാക്സിനുകള്‍ പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ കോവിഡ് പ്രതിരോധ വാക്സിനെടുക്കുമ്പോള്‍, വാക്സിനില്‍ ജനിതകവസ്തുക്കളുടെ ഭാഗം അടങ്ങിയിട്ടുണ്ട്.
വാക്സിന് ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നതോടെ പുറത്തുനിന്നുള്ളതാണെന്ന് ശരീരം ഉടന്‍ തിരിച്ചറിയുകയും കോവിഡിനെതിരായ ആക്രമണത്തിനായി സജ്ജമാകുകയും ചെയ്യും. അതുപോലെ തന്നെ, ഭാവിയില്യഥാര്ത്ഥ കൊറോണ വൈറസുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അത് ശരീരത്തില്‍ പ്രവര്‍ത്തിച്ച് രോഗിയാക്കുന്നതിന് മുമ്പ് വൈറസിനെ ആക്രമിക്കുന്നതിനായി മെമ്മറി സെല്ലുകളെ സജ്ജമാക്കുകയും ചെയ്യും.
പ്രതിരോധ കുത്തിവെപ്പെടുക്കുന്നവരില്‍ പാര്‍ശ്വഫലങ്ങള്‍ പ്രത്യക്ഷപ്പെട്ട ഭൂരിപക്ഷം പേര്‍ക്കും പനഡോള്‍ അല്ലെങ്കില്‍ സമാനമായ ഗുളികകള്‍ കഴിക്കുമ്പോള്‍ 24 മണിക്കൂറിനുള്ളില്‍ ഈ പാര്‍ശ്വഫലങ്ങള്‍ ഭേദമാകും ചെറിയ ശതമാനംപേരില്‍ പാര്‍ശ്വഫലങ്ങള്‍ ഭേദമാകാന്‍ 48 മണിക്കൂര്‍ ആവശ്യമാണ്. വാക്സിനെടുത്തവരില്‍ പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെങ്കില്‍ വിഷമിക്കേണ്ടതില്ല.
രോഗപ്രതിരോധശേഷി അപര്യാപ്തമാണെന്ന് ആരും കരുതേണ്ടതില്ല. പാര്ശ്വഫലങ്ങളുള്ളവരെപ്പോലെ മികച്ച രോഗപ്രതിരോധ പ്രതികരണം പാര്ശ്വഫലങ്ങളില്ലാത്തവര്ക്കും ലഭിക്കും. രണ്ടും തമ്മില്‍ യാതൊരു ബന്ധവുമില്ല. കൊറോണ വൈറസില്‍നിന്നും നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കാന്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം വാക്സിനെടുക്കുകയെന്നതാണെന്നും ആരോഗ്യവിദഗ്ദ്ധര്‍ പറഞ്ഞു.