
ദോഹ: കോവിഡ് വാക്സിനേഷന്റെ ആദ്യ ഘട്ടത്തിലെ യോഗ്യത മാനദണ്ഡങ്ങള്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതുക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന് മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു. ആദ്യ ബാച്ച് മോഡേണ വാക്സിന് ഉടന്‍ രാജ്യത്ത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലൈവ് ഇന്‍സ്റ്റഗ്രാം സെഷനില്‍ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍. നിലവില്‍ വാക്സിനേഷന്റെ ആദ്യഘട്ടം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ 65 വയസും അതില്‍ കൂടുതലും പ്രായമുള്ളവര്‍, സങ്കീര്‍ണതകളുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, ഉദാഹരണത്തിന് വൃക്കസംബന്ധമായ അസുഖങ്ങളുള്ളവര്‍, പ്രമേഹം, ആസ്ത്മ ബാധിതര്‍, ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിനേഷന് യോഗ്യത. കാമ്പയിന്റെ
അടുത്ത ഘട്ടങ്ങളില്‍ കൂടുതല്‍ വിപുലീകരിക്കും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും പ്രായപരിധി, ആരോഗ്യസ്ഥിതി, വാക്സിന് ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ എന്നിവരില്‍ മാറ്റമുണ്ടാകും. മൊഡേണ വാക്സിന് ഉടന്‍ രാജ്യത്ത് ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ കോവിഡ് പ്രതിരോധ വാക്സിന് രാജ്യത്ത് കുട്ടികള്‍ക്ക് ലഭ്യമാകില്ല. ഫൈസര്‍ ബയോടെക് കോവിഡ് വാക്സിന് സ്വീകരിച്ചവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.