in

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ഈ മാസം 15 മുതല്‍

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം ഈ മാസം 15ന് തുടങ്ങും. എട്ടുമാസത്തിലേറെ മുന്‍പ് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്കാണ് ഫൈസര്‍ ബയോടെക്, മൊഡേണ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക. ബൂസ്റ്റര്‍ ഘട്ടം പ്രോഗ്രാമിന്റെ ആദ്യ മാസങ്ങളില്‍ 65 വയസ്സിനു മുകളില്‍പ്രായമുള്ളവര്‍ക്കും കോവിഡ് സങ്കീര്‍ണമാകാന്‍ സാധ്യതയുള്ള വിട്ടുമാറാത്ത അവസ്ഥയുള്ളവര്‍ക്കുമാണ് മുന്‍ഗണന. കൂടാതെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റു ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കും. ബൂസ്റ്റര്‍ ഡോസിന് യോഗ്യതയുള്ള എല്ലാവരെയും പ്രൈമറി ഹെല്‍ത്ത്‌കെയര്‍ കോര്‍പ്പറേഷന്‍(പിഎച്ച്‌സിസി) ബന്ധപ്പെടുകയും അപ്പോയിന്റ്‌മെന്റ് ക്രമീകരിക്കുകയും ചെയ്യും.

ഇഹ്‌തെരാസ് ആപ്പില്‍ ഗോള്‍ഡ് വാക്‌സിനേറ്റഡ് സ്റ്റാറ്റസ് ഉറപ്പാക്കാന്‍ രണ്ടാം ഡോസെടുത്ത് 12 മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.
എംആര്‍എന്‍എ വാക്‌സിനെടുത്ത് എട്ട് മാസം കഴിഞ്ഞവരും പിഎച്ച്‌സിസി ബന്ധപ്പെടാത്തവരുമായവര്‍ അപ്പോയിന്റ്‌മെന്റെടുക്കുന്നതിന് 4027 7077 എന്ന നമ്പറില്‍ വിളിക്കാം. ബൂസ്റ്റര്‍ ഡോസിന്റെ അധിക സംരക്ഷണ ഫലത്തെ പിന്തുണയ്ക്കുന്നവിധത്തില്‍ സമീപകാല ക്ലിനിക്കല്‍ തെളിവുകള്‍ക്കനുസൃതമായാണ് മന്ത്രാലയത്തിന്റെ തീരുമാനം. ആദ്യമെടുത്ത വാക്‌സിന്‍ ഡോസില്‍ നിന്നും ലഭിക്കുന്ന സംരക്ഷണ പ്രതിരോധശേഷി എട്ടുമാസത്തിനുശേഷം ക്രമേണ കുറയുന്നതായി ക്ലിനിക്കല്‍ തെളിവുകള്‍ സഹിതം വ്യക്തമായിട്ടുണ്ട്. വൈറസിനെതിരായ ആന്റിബോഡി അളവ് ഗണ്യമായി വര്‍ധിപ്പിക്കുന്നതിനും ഡെല്‍റ്റ ഉള്‍പ്പടെ വിവിധ വകഭേദങ്ങളില്‍നിന്നും സംരക്ഷണം ഉയര്‍ത്തുന്നതിനും ബൂസ്റ്റര്‍ ഡോസ് ഗുണകരമായിരിക്കും.

ബൂസ്റ്റര്‍ ഡോസുകള്‍ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല കാര്യമായ പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആദ്യ രണ്ടു ഡോസുകളുടെ അതേ വാക്‌സിന്‍ ഉപയോഗിച്ചായിരിക്കും മൂന്നാം ഡോസും നല്‍കുക. ഫൈസര്‍ വാക്‌സിന്‍ രണ്ടും ഡോസും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായും ഫൈസര്‍ ആയിരിക്കും നല്‍കുക. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്ക് മാത്രമാണ് നിലവില്‍ ബൂസ്റ്റര്‍ ഡോസ് ബാധകം. സെപ്തംബര്‍ 15 ബുധനാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങും. ബൂസ്റ്റര്‍ ഡോസുകള്‍ക്കുള്ള അംഗീകാരം ദേശീയ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്റെ പുതിയ ഘട്ടത്തിന്റെ തുടക്കമാണെന്ന് മന്ത്രാലയം വിശദീകരിച്ചു. ഖത്തറിലെ ജനസംഖ്യയുടെ 78ശതമാനം പേരും പൂര്‍ണമായും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നാണ് ഖത്തറിലേത്. ഖത്തറില്‍ രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കഴിഞ്ഞമാസം 24 മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കിത്തുടങ്ങിയിരുന്നു. വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചശേഷം പ്രതിരോധശേഷി കുറയാന്‍ സാധ്യതയുള്ള വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് മൂന്നാംഡോസ് നല്‍കിവരുന്നത്. രോഗപ്രതിരോധത്തെ ബാധിക്കുന്ന രോഗങ്ങളുള്ളവര്‍ക്കാണ് മൂന്നാംഡോസിന്റെ പ്രയോജനം ലഭിക്കുന്നത്. ആദ്യ രണ്ടു ഡോസ് സ്വീകരിച്ചതിനെത്തുടര്‍ന്ന് ആര്‍ജിക്കുന്ന പ്രതിരോധശേഷി കാലക്രമേണ കുറയാനിടയുളളതിനാല്‍ രോഗപ്രതിരോധം മെച്ചപ്പെടുത്തുന്നതിനായാണ് മൂന്നാം ഡോസ് നല്‍കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അല്‍സമാന്‍ എക്സ്ചേഞ്ചിന്റെ 11-ാമത് ബ്രാഞ്ച് ബിര്‍കത്ത് അല്‍അവാമീറില്‍ തുറന്നു

ഖത്തര്‍ വിദേശകാര്യമന്ത്രി കാബൂളില്‍: അഫ്ഗാന്‍ ഇടക്കാല സര്‍ക്കാരുമായി ചര്‍ച്ച നടത്തി