
ദോഹ: ഖത്തറില്‍ കോവിഡ് വാക്സിന് വിതരണത്തിന് ബുധനാഴ്ച മുതല്‍ തുടക്കമാകും. തെരഞ്ഞെടുത്ത ഏഴ് ആരോഗ്യകേന്ദ്രങ്ങളിലാണ് വാക്സിന് ലഭ്യമാവുകയെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം തലവന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ഖാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അല്‍വജ്ബ, ലബൈബ്, അല്‍റുവൈസ്, ഉംസലാല്‍, റൗദത്ത് അല്‍ഖയ്ല്‍, അല്‍തുമാമ, മൈദര്‍ എന്നീ ഹെല്‍ത്ത് സെന്ററുകള്‍ മുഖേനയായിരിക്കും വിതരണം. കോവിഡ് മഹാമാരിക്കെതിരെ ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധകുത്തിവെപ്പ് പദ്ധതിക്കാണ് നാളെ തുടക്കമാകുന്നത്. വാക്സിന് വിതരണത്തിന്റെ ആദ്യഘട്ടം ഡിസംബര്‍ 23 മുതല്‍ ജനുവരി 31വരെയായിരിക്കും. 70 വയസിനു മുകളില്‍ പ്രായമുള്ള വ്യക്തികള്‍ക്കും വിട്ടുമാറാത്ത രോഗമുള്ള മുതിര്‍ന്നവര്‍ക്കുമാണ് മുന്‍ഗണന. കോവിഡ് ചികിത്സക്കായി നിശ്ചയിച്ചിരിക്കുന്ന സൗകര്യങ്ങളിലെ ആരോഗ്യജീവനക്കാര്‍, മറ്റ് ജീവനക്കാര്‍, പ്രധാന മന്ത്രാലയങ്ങളിലെ ആദ്യപ്രതികരണ വിഭാഗങ്ങളിലെ അടിസ്ഥാന കേഡര്‍മാര്‍ എന്നിവര്‍ക്കും മുന്‍ഗണനയുണ്ട്. കഠിനവും വിട്ടുമാറാത്തതുമായ രോഗങ്ങളുള്ള 16 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരും വൃദ്ധരും മുന്‍ഗണനാ വിഭാഗത്തിലുണ്ട്.
കോവിഡ് വാക്സിന് ലഭിച്ച ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സഹായിക്കുന്നതാണ് വാക്സിനേഷന്. തുടക്കത്തില്‍ ലോകമെമ്പാടും പരിമിത അളവിലായിരിക്കും ലഭിക്കുക. കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാകുമ്പോള്‍ പ്രായപരിധി കുറഞ്ഞവരെയും ഉള്‍പ്പെടുത്തും. ഫൈസറും ബയോടെകും വികസിപ്പിച്ച വാക്സിന് ആദ്യബാച്ച് ഇന്ന് അര്‍ധരാത്രിയോടെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഫൈസറിന്റെ വാക്സിന് വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വാക്സിന് സൗജന്യമാണ്. കുട്ടികള്‍ക്ക് വാക്സീന് നല്‍കുന്നതിന് മന്ത്രാലയത്തിലെ ഫാര്മസി് നിയന്ത്രണ വകുപ്പിന്റെ അനുമതിയില്ല. 16 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും വാക്സിന് നല്‍കുക. അലര്‍ജി സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്കും വാക്സീന് നല്‍കില്ല. അലര്‍ജിയുള്ളവര്‍ കോവിഡ് വാക്സീന് സ്വീകരിക്കുന്നതിന് മുന്‍പ് അക്കാര്യം ഡോക്ടറെ അറിയിക്കണം.
ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ഡോ. അല്ഖാലും വാക്്സിനെടുക്കും

ദോഹ: രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ഹമദ് എച്ച്എം.സി പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അല്ഖാലും കോവിഡ് വാക്സിന് സ്വീകരിക്കും. വാക്സിന് സംബന്ധിച്ച കെട്ടുകഥകളും കുപ്രചാരണങ്ങളും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. കോവിഡിനെതിരായ പ്രതിരോധകുത്തിവെപ്പ് ഖത്തറില്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഏറ്റവും ദുര്‍ബലരായവര്‍ വാക്സിന് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിലെ മുന്‍നിരയിലെ അംഗമെന്ന നിലയില്‍ താന്‍ വാക്സിനെടുക്കും. ആരോഗ്യമേഖലയിലെ എല്ലാവരും വാക്സിനെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു