
ദോഹ: കോവിഡ് വാക്സിന് ഡിസംബര്‍ 21 തിങ്കളാഴ്ച ഖത്തറിലെത്തുമെന്നും ഉടന്‍ ജനങ്ങള്‍ക്ക് ലഭ്യമാവുമെന്നും ഖത്തര്‍ പ്രധാനമന്ത്രി. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
”ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദ്ദേശപ്രകാരം കോവിഡ് പ്രതിരോധ മരുന്ന് മറ്റെന്നാള്‍ (തിങ്കളാഴ്ച) ഖത്തറിലെത്തും. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഖത്തറിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് ലഭ്യമാക്കാന്‍ ആരോഗ്യമേഖലയിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ഘട്ടം ഘട്ടമായി ജനജീവിതം സാധാരണമാക്കുന്നതില് കാര്യമായ പങ്കുവഹിക്കുമെന്നാണ് വിശ്വസിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാനാവുന്നതില് നമുക്ക് അഭിമാനിക്കാന്‍ വകയുണ്ട്. ഈ ദൗത്യത്തില്‍ പങ്കാളികളാവുന്ന ഖത്തറിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നു.” – പ്രധാനമന്ത്രി ട്വിറ്ററിലൂടെ വിശദീകരിച്ചു.