in ,

കോവിഡ് പ്രതിരോധ വാക്‌സിന്‍: പ്രായപരിധി കുറച്ചു

ദോഹ: രാജ്യത്ത് ആദ്യ ഘട്ട കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള പ്രായപരിധി കുറച്ചു. 65 വയസിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കും. അവര്‍ക്കൊപ്പം വിട്ടുമാറാത്ത ഒന്നിലധികം രോഗങ്ങള്‍ ഉള്ളവര്‍, കോവിഡ് ബാധിതരുമായി അടുത്തു ഇടപെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും മുന്‍ഗണനയുണ്ടാകും. നിലവില്‍ 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കിയിരുന്നത്. അതാണിപ്പോള്‍ കുറച്ചത്. അല്‍വജ്ബ, ലബൈബ്, അല്‍റുവൈസ്, ഉംസലാല്‍, റൗദത്ത് അല്‍ഖയ്ല്‍, അല്‍തുമാമ, മൈദര്‍ എന്നീ ഏഴ് പിഎച്ച്‌സിസി ഹെല്‍ത്ത് സെന്ററുകള്‍ മുഖേനയാണ് വാക്‌സിന്‍ വിതരണം. വാക്‌സിനേഷന് അര്‍ഹരായവരെ പിഎച്ച്‌സിസി എസ്എംഎസ് മുഖേനയോ ഫോണ്‍ കോള്‍ വഴിയോ ബന്ധപ്പെടുകയും അവരുടെ അപ്പോയിന്റ്‌മെന്റ് ക്രമീകരിക്കുകയും ചെയ്യും.
65 വയസിനു മുകളില്‍ പ്രായമുള്ളവരെ വാക്‌സിന്‍ നല്‍കുന്നതിനായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ 40277077 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ വിളിച്ച് അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാനാകും. മുന്‍കൂട്ടി ക്രമീകരിച്ച അപ്പോയിന്റ്‌മെന്റ് ഉള്ളവര്‍ക്ക് മാത്രമേ ആരോഗ്യ കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് നല്‍കൂ. ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് വാക്‌സിന് ലഭിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ മേധാവി ഡോ.സോഹ അല്‍ബയാത് പറഞ്ഞു. വാക്‌സിന്‍ വിതരണ കാമ്പയിന്‍ തുടങ്ങി പത്തു ദിവസം പൂര്‍ത്തിയായതായും പരാതികളോ ഗുരുതരമായ സങ്കീര്‍ണതകളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും ഖത്തര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ.അല്‍ബയാത് വിശദീകരിച്ചു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഗുരുതരമായ സങ്കീര്‍ണതകളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ വിതരണത്തിന്റെ ആദ്യഘട്ട പൂര്‍ത്തീകരണം ഉടന്‍ പ്രഖ്യാപിക്കും. അടുത്ത ഘട്ടങ്ങളെക്കുറിച്ച് ജനങ്ങളെ വിവരമറിയിക്കും. മറ്റേതെങ്കിലും വാക്‌സിന്‍ പോലെ കോവിഡ് പ്രതിരോധ വാക്‌സിനിലും നേരിയ പാര്‍ശ്വഫലങ്ങളുണ്ടാകാം. കുത്തിവെപ്പ് സ്ഥലത്ത് നേരിയ വേദനയും ചെറിയ പനിയും ഉണ്ടാകാനിടയുണ്ട്. വാക്‌സിനെടുക്കുന്ന കയ്യിലെ ചെറിയ വേദനയാണ് ഏറ്റവും സാധാരണമായ പാര്‍ശ്വഫലം. ചിലര്‍ക്ക് കുറച്ചു മണിക്കൂറുകള്‍ മാത്രമാണ് വേദനയെങ്കില്‍ മറ്റുചിലര്‍ക്ക് പരമാവധി 24 മണിക്കൂര്‍ വരെ വേദന അനുഭവപ്പെടാനിടയുണ്ട്. വാക്‌സിന്‍ കഴിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും മരുന്നുകള്‍ കഴിക്കേണ്ട ആവശ്യമുണ്ടാകുന്നില്ല. ആവശ്യമായിവരുന്നവര്‍ക്ക് ഏതെങ്കിലും വേദനസംഹാരിയോ പനി കുറക്കുന്നതിനുള്ള ചെറിയ മരുന്നുകളോ മാത്രമേ നിര്‍ദ്ദേശിക്കുകയുള്ളു. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കണം. കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് നല്ല നിലയില്‍ തുടരുന്നതായും ഗൗരവതരമായ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഹമദ് ജനറല്‍ ആസ്പത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.യൂസുഫ് അല്‍മസ്‌ലമാനി നേരത്തെ വ്യക്തമാക്കിരുന്നു. പ്രശസ്തരായ വ്യക്തികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ 197 പേര്‍ക്കുകൂടി കോവിഡ്; 128 പേര്‍ കൂടി രോഗമുക്തരായി

കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം മൂന്നു ഹെല്‍ത്ത് സെന്ററുകളില്‍ കൂടി