
അശ്‌റഫ് തൂണേരി/ദോഹ:
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ഒഴിവാക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് റസിഡന്റ് പെര്‍മിറ്റുള്ള പ്രവാസികള്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരാന്‍ അവസരമൊരുങ്ങുന്നു. പക്ഷെ കോവിഡിന്റെ അപകടം കുറഞ്ഞ രാജ്യക്കാരെയാണ് പരിഗണിക്കുകയെന്ന നിബന്ധന ഖത്തര്‍ മുന്നോട്ടുവെക്കുമ്പോള്‍ പല നാട്ടില്‍ നിന്നെത്തേണ്ടവരുടെ പ്രതീക്ഷക്ക് മങ്ങലേല്‍ക്കുന്നുണ്ട്. അനുദിനം കോവിഡ് രോഗികളുടേയും മരണമടയുന്നവരുടേയും എണ്ണം വര്‍ധിക്കുന്നതിനാല്‍ ഇന്ത്യക്കാരും തിരിച്ചുവരാനാവുമോ എന്ന ആശങ്കയിലാണ്.
ഓഗസ്റ്റിലെ മൂന്നാം ഘട്ടത്തിലാണ് വിവിധ രാജ്യക്കാര്‍ക്ക് തിരിച്ചെത്താന്‍ അവസരമുണ്ടാവുകയെന്ന് വിദേശകാര്യ സഹമന്ത്രിയും ഖത്തര്‍ ദുരന്തനിവാരണ ഉന്നതാധികാര സമിതി വക്താവുമായ ലുലുവ ബിന്‍ത് റാഷിദ് അല്‍ഖാതിര്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ”അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് ഖത്തറിലേക്ക് അനുവദിക്കുക. താമസ അനുമതിയുള്ളവര്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരാം. അതേസമയം ഖത്തറിലുള്ളവര്‍ക്ക് വിദേശയാത്രക്ക് നിര്‍ബന്ധിത സാഹചര്യത്തില്‍ അനിവാര്യമെങ്കില്‍ മാത്രമേ അനുമതി നല്‍കുകയുള്ളൂ. അതൊരിക്കലും ശുപാര്‍ശ ചെയ്യില്ല.” ലുലുവ അല്‍ഖാതിര്‍ വിശദീകരിച്ചു.
രോഗികളുടെ എണ്ണം കുറയുമെന്ന പ്രതീക്ഷയില്‍
കഴിഞ്ഞ ദിവസം വരെ രണ്ടര ലക്ഷത്തിലധികം രോഗ വാഹകര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. നേരത്തെ രോഗഭീതി നിലനിന്ന ലോക രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യയില്‍ അനുദിനം കോവിഡ് പരിഭ്രാന്തി പടര്‍ത്തുന്നത്. ഖത്തര്‍ റെസിഡന്‍സി കാര്‍ഡ് ഉടമകളായ ഏറെപ്പേരാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. വിസ കാലാവധി കഴിഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയില്‍ രോഗവ്യാപനം അതിന്റെ ഏറ്റവും ഉയര്‍ന്നതോതിലാണെന്നതിനാല്‍ അടുത്ത ഘട്ടത്തില്‍ രോഗികളുടെ എണ്ണം താരതമ്യേന കുറയുമെന്ന പ്രതീക്ഷമാത്രമാണ് ആശ്വാസം.
ഖത്തറിലെത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിയണം
ജൂണ്‍ 15 മുതലാണ് വിവിധ ഘട്ടങ്ങളിലായി കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാന്‍ ഖത്തര്‍ തീരുമാനമെടുത്തത്. മൂന്നാം ഘട്ടത്തിലാണ് പ്രവാസികള്‍ക്ക് തിരിച്ചെത്താനുള്ള അനുമതി നല്‍കുന്നത്. ഓഗസ്റ്റ് ആദ്യവാരമാണ് ഇത് നടപ്പില്‍വരാന്‍ സാധ്യത. ഇങ്ങിനെ ദോഹയിലേക്ക് മടങ്ങിയെത്തുന്ന എല്ലാവരും 2 ആഴ്ചക്കാലത്തെ നിര്‍ദ്ദിഷ്ട ക്വാറന്റൈന്‍ കഴിയണം. ഇതാകട്ടെ സ്വന്തം ചെലവിലായിരിക്കും. ദോഹയിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കില്ലെന്നും ഖത്തര്‍ വിദേശകാര്യസഹമന്ത്രി വിശദീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ ഖത്തറില്‍ നിന്ന് ഒരാള്‍ പുറത്തേക്ക് യാത്ര ചെയ്യുകയാണെങ്കിലും തിരിച്ചെത്തുമ്പോള്‍ ഇതേ വ്യവസ്ഥ ബാധകമാണ്.