
ദോഹ: രാജ്യത്ത് കോവിഡ്19 വ്യാപനം തടയുന്നതില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. ആഭ്യന്തര സുരക്ഷാ സേന(ലഖ്‌വിയ) ഉള്‍പ്പടെയുള്ളവ അതി ജാഗ്രതയോടെ പ്രവര്‍ത്തനം തുടങ്ങി. കോവിഡിനെ നേരിടുന്നതില്‍ രാജ്യം സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പ്രാബല്യത്തിലാക്കുന്നതില്‍ ലഖ്‌വിയ ഉള്‍പ്പടെയുള്ളവ മുഖ്യപങ്ക് വഹിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരത്തുകളിലും അല്ലാതേയും ലഖ്‌വിയ വാഹനങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അടച്ചിട്ട മേഖലകളില്‍ പ്രത്യേകവും പുറത്തുള്ള സ്ഥലങ്ങളിലും സുരക്ഷാ സംവിധാനം വിപുലീകരിക്കുകയും ശക്തമാക്കുകയും ചെയ്തു.
പട്രോളിംഗ് ശക്തം
രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പട്രോളിങും ശക്തിപ്പെടുത്തി. വാഹനയാത്രികരെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. പരമാവധി വീടുകളിലിരിക്കാനും അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങാനുമാണ് ആവശ്യപ്പെടുന്നത്. വിവിധ ഭാഗങ്ങളില്‍ അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നു. എല്ലാവരുടെയും സുരക്ഷ മുന്‍നിര്‍ത്തി കൊറോണ വൈറസ്(കോവിഡ്19) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം പൊതുജനങ്ങളോടു ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ച നടപടികളും തീരുമാനങ്ങളും പാലിക്കേണ്ടത് സുപ്രധാനമാണ്. ഷോപ്പിംഗിനെത്തുന്നവരും നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുമെല്ലാം മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും പൊതുവായ ഒത്തുചേരലുകളും കൂട്ടംകൂടലുകളും അവസാനിപ്പിക്കുകയും വേണം. വിവിധ സുരക്ഷാവകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധനകളും സജീവമായി നടത്തുന്നുണ്ട്. ദുഖാന്‍, ദക്ഷിണ മേഖല, വടക്കന്‍ മേഖല, അല്‍റയ്യാന്‍ തുടങ്ങി എല്ലാ മേഖലകളിലും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.