in

കോവിഡിനെതിരെ വാക്‌സിന്‍: ഖത്തര്‍- റഷ്യ സഹകരണം

നൂര്‍മുഹമ്മദ് ഖുലോവ്‌

ദോഹ: കൊറോണ വൈറസിനെ(കോവിഡ്-19)തിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഖത്തറും റഷ്യയും സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ റഷ്യയും ഖത്തറും പരസ്പര സഹകരണം പുലര്‍ത്തുന്നുണ്ട്. വാക്‌സിന്‍ സംയുക്തമായി വികസിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കിടയില്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഖത്തറിലെ റഷ്യന്‍ അംബാസഡര്‍ നൂര്‍മുഹമ്മദ് ഖുലോവ് പറഞ്ഞു.
കോവിഡ് പരിശോധനക്കായി റഷ്യന്‍ സംവിധാനം ഉപയോഗിക്കുന്നതിനുള്ള സാധ്യതയും ഖത്തരി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരിശോധിക്കുന്നുണ്ട്. റഷ്യന്‍ സംവിധാനത്തിലൂടെ പരിശോധനാ ഫലം രണ്ടു മുതല്‍ നാലു മണിക്കൂറിനുള്ളില്‍ ലഭിക്കും. കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള റഷ്യന്‍ പരിശോധനാ സംവിധാനം ഇതിനകം പതിമൂന്ന് രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഖത്തരി നേതൃത്വം സ്വീകരിച്ച അടിയന്തര നടപടികളെ അഭിനന്ദിക്കുന്നതായും അംബാസഡര്‍ പറഞ്ഞു. ഖത്തരി ഡോക്ടര്‍മാരുടെ ഉയര്‍ന്ന പ്രൊഫഷണലിസം, ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമത്തിനായി നിസ്വാര്‍ത്ഥമായി സമയം ചെലവഴിക്കുന്ന ബന്ധപ്പെട്ട അതോറിറ്റികളുടെ പ്രവര്‍ത്തനം എന്നിവയെല്ലാം തങ്ങള്‍ ശ്രദ്ധിക്കുന്നതായും ഖത്തര്‍ ട്രിബ്യൂണിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഈ മാസമാദ്യം റഷ്യന്‍ പൗരന്‍മാരെ മോസ്‌ക്കോയിലേക്കും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്കും കൊണ്ടുപോകുന്നതിനും ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍ സംഘടിപ്പിച്ചതിന് ഖത്തര്‍ എയര്‍വേയ്‌സിന് അദ്ദേഹം നന്ദി അറിയിച്ചു. റഷ്യയും ഖത്തറും തമ്മിലുള്ള സൗഹൃദ ബന്ധം ക്രമാനുഗതമായി വികസിക്കുകയാണ്. വിവിധ മേഖലകളില്‍ ഖത്തറുമായുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ റഷ്യ പ്രതിജ്ഞാബദ്ധമാണ്.
ഈ വര്‍ഷം ഫെബ്രുവരി 23ന് റഷ്യയും ഖത്തറും തമ്മിലുള്ള വിസ ഒഴിവാക്കല്‍ കരാര്‍ പ്രാബല്യത്തിലായത് ടൂറിസം മേഖലയെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ജീവനക്കാരെയും രണ്ട് ഫീല്‍ഡ് ആസ്പത്രികളെയും ഇറ്റലിയിലേക്ക് അയയ്ക്കുന്നതില്‍ ഖത്തറിന്റെ പങ്ക് റഷ്യന്‍ അംബാസഡര്‍ പ്രശംസിച്ചു. ഖത്തറിലെയും ഇറ്റലിയിലെയും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വൈറസ് ജീനോമിനെക്കുറിച്ചും ഫലപ്രദമായ മരുന്നുകളുടെ വികസനത്തെക്കുറിച്ചും സംയുക്ത ഗവേഷണം നടത്തുന്നുണ്ട്്. സംയുക്ത പരിശ്രമത്തിലൂടെ ബുദ്ധിമുട്ടുകള്‍ മറികടന്ന് കൊറോണ വൈറസിനെ പരാജയപ്പെടുത്താനാകുമെന്ന് നൂര്‍മുഹമ്മദ് ഖുലോവ് പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റമദാനിലും കോവിഡ് പ്രതിരോധ നടപടികള്‍ പാലിക്കണമെന്ന് വിദഗ്ദ്ധര്‍

വ്യാജ വാര്‍ത്തക്കെതിരെ നടപടിയെടുക്കണം: ഖത്തര്‍ കെഎംസിസി കാസര്‍കോട്