- ഏഷ്യാനെറ്റിനെ രൂക്ഷമായി കടന്നാക്രമിച്ചു സ്വരാജ്
അശ്റഫ് തൂണേരി/ദോഹ:
ഏഷ്യാനെറ്റ് സംഘപരിവാരത്തിന്റെ കാവല്‍ നായയാണെന്നും മേധാവി രാജീവ് ചന്ദ്രശേഖരന് വിരല്‍ചൂണ്ടിന്നിടത്തേക്ക് നോക്കി കുരക്കുക എന്നതാണ് അവരിപ്പോള്‍ ചെയ്യുന്നതെന്നും സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ എം. സ്വരാജ്. സംസ്കൃതി ഖത്തര്‍ പ്രഭാഷണ പരമ്പരയുടെ ഇരുപത്തിഏഴാമത് അധ്യായത്തില്‍ ‘നവകേരള നിര്‍മ്മിതിയും മാധ്യമങ്ങളും’ എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളാണ് എന്ന് പറയാറുണ്ട് പക്ഷെ ഏഷ്യാനെറ്റ് അതല്ല എന്ന് അവർ തന്നെ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാധ്യമ അടിയന്തിരാവസ്ഥയോ എന്നാണ് അവര്‍ ഇപ്പോൾ ചോദിക്കുന്നത്? ദല്‍ഹി കലാപം പി.ആര് സുനില്‍ എന്ന ലേഖകൻ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേന്ദ്ര സർക്കാർ ഏഷ്യാനെറ്റ് സംപ്രേഷണം നിര്‍ത്തിവെച്ചിരുന്നു.
അന്ന് അടിയന്തിരാവസ്ഥയോ എന്നതിന് പകരം അ എന്ന അക്ഷരം പോലും അവർ പ്രയോഗിച്ചു കണ്ടില്ല. മാത്രമല്ല അധികാരികള്‍ക്ക് മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. ഉളുപ്പില്ലാതെ മാപ്പുപറഞ്ഞുവെന്നും സ്വരാജ് കുറ്റപ്പെടുത്തി. അണ്‍കണ്ടീഷനല്‍ അപ്പോളജിയാണ് എഴുതിക്കൊടുത്തത്. ഉപാധിയില്ലാത്ത മാപ്പ് ആണ് അത്. സംപ്രേഷണം മുടങ്ങിയതിന്റെ പേരില്‍ സുപ്രീംകോടതിയില്‍ പോയ മീഡിയാ വണിനു വേണ്ടിയും ഏഷ്യാനെറ്റ് ഒരക്ഷരം മിണ്ടിയില്ല. ആര്.എസ്.എസ് വിലക്കെടുത്ത അശ്ലീല മഞ്ഞ ചാലനെതിരെ കോടതി നിര്‍ദ്ദേശത്തിന്റേയും കേസിന്റേയും അടിസ്ഥാനത്തില്‍ കേരള സർക്കാരിന്റെ നടപടിയുണ്ടാവുമ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തു വരികയാണ്. ആ മഞ്ഞ ചാനലിന് വേണ്ടി വാദിക്കുകയാണ്. ഏഷ്യാനെറ്റിനും മറ്റ് വലതുപക്ഷ മാധ്യമങ്ങള്‍ക്കുമൊപ്പം മാധ്യമ സ്ഥാപനങ്ങള്‍ റെയിഡ് ചെയ്യാമോ കമ്പ്യൂട്ടര്‍ പരിശോധിക്കാമോ എന്നൊക്കെ ചോദിക്കുകയും മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ അടിയന്തിരാവസ്ഥ കാലത്ത് മാധ്യമമേധാവികളെ മാത്രമല്ല അവരുടെ ഭാര്യമാർ ഉൾപ്പെടെ കുടുബാംഗങ്ങളെ പോലും വേട്ടയാടിയവരായിരുന്നുവെന്നതാണ് ചരിത്രം.
അടിയന്തിരാവസ്ഥ കോണ്‍ഗ്രസ്സിന്റെ സംഭാവനയായിരുന്നുവെന്ന് ഓര്‍ക്കണമെന്നും സ്വരാജ് വിശദീകരിച്ചു. ദോഹ, അബൂഹമൂര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാഹാളില്‍ നടന്ന ചടങ്ങിൽ സംസ്കൃതി ഖത്തർ പ്രസിഡന്റ് അഹ്മദ് കുട്ടി ആറളം അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ഇ.എം സുധീർ സംബന്ധിച്ചു. സംസ്കൃതി ഖത്തർ ജനറൽ സെക്രട്ടറി ജലീൽ സ്വാഗതം പറഞ്ഞു.